ബീഹാറില്‍ ആദ്യഘട്ട എസ് ഐ ആര്‍ വിജയകരം; ഒരു അപ്പീല്‍ പോലും ഉണ്ടായിട്ടില്ല; രാജ്യവ്യാപക വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ആദ്യഘട്ടത്തില്‍ കേരളമടക്കം 12 സംസ്ഥാനങ്ങളില്‍
ന്യൂഡല്‍ഹി: രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദ്യഘട്ടത്തില്‍ കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാര്‍ ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. 2003 ലെ വോട്ടര്‍ ലിസ്റ്റില്‍ പേരുള്ളവര്‍ക്ക്, ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ അധിക രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബീഹാറില്‍ ആദ്യഘട്ട എസ് ഐ ആര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ച പിന്നീട് നടത്തി. ഒരു അപ്പീല്‍ പോലും ബീഹാറില്‍ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.കേരളം അടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന കമ്മീഷന്‍ നേരത്തെ നല്കിയിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ എസ്‌ഐആര്‍ അതുവരെ നീട്ടി വയ്ക്കണം എന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് പരിഗണനയിലുണ്ടെന്നാണ് കമ്മീഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തെ അറിയിച്ചിരുന്നു.
എസ്‌ഐആര്‍ നടക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍ ലിസ്റ്റുകള്‍ മരവിപ്പിച്ചു. ബൂത്ത് തല ഉദ്യോഗസ്ഥര്‍ (BLOs) വോട്ടര്‍മാരുടെ വീടുകള്‍ മൂന്നു തവണ സന്ദര്‍ശിച്ച് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും. സ്വാതന്ത്ര്യാനന്തരമുള്ള ഒന്‍പതാമത്തെ എസ്‌ഐആര്‍ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2002-2004 കാലഘട്ടത്തിലാണ് ഇതിന് മുന്‍പുള്ള രാജ്യവ്യാപക എസ്‌ഐആര്‍ നടന്നത്. ജനസംഖ്യയിലെ വര്‍ദ്ധനവ്, വ്യാജ വോട്ടര്‍ ഐഡികള്‍, മരണപ്പെട്ടവരുടെ പേരുകള്‍ ലിസ്റ്റില്‍ തുടരുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യം.
വോട്ടര്‍ ലിസ്റ്റിലെ നിലവാരം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ ആശങ്ക ഉന്നയിച്ചിരുന്നു. വോട്ടര്‍മാര്‍ക്ക് അവരുടെ വിവരങ്ങള്‍ പരിശോധിക്കാനുള്ള പ്രത്യേക ഫോമുകള്‍ പിന്നീട് നല്‍കും. ഈ നടപടികളിലൂടെ യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കാതെയും അയോഗ്യരായവരെ ഉള്‍പ്പെടുത്താതെയുമുള്ള കൃത്യമായ വോട്ടര്‍ ലിസ്റ്റ് തയ്യാറാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നു.
