ഒരു ലക്ഷത്തോളം അഭയാര്‍ത്ഥികളെ രജ്യവ്യാപകമായി മാറ്റി പാര്‍പ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; അയര്‍ലന്‍ഡിലെ ഒരു ടൗണില്‍ മാത്രം ഹോട്ടലില്‍ സര്‍ക്കാര്‍ താമസം ഒരുക്കിയത് 2300 അഭയാര്‍ത്ഥികള്‍ക്ക്

Update: 2025-10-28 03:20 GMT

ലണ്ടന്‍: ഈ വര്‍ഷം അവസാനത്തോടെ ബ്രിട്ടണിലെ 90 ശതമാനം കൗണ്‍സിലുകളും അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് ഹോം ഓഫീസിന്റെ രേഖകള്‍ പറയുന്നു. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് പറഞ്ഞിരുന്നത് 82 ശതമാനം കൗണ്‍സിലുകള്‍ ഇതിന് വഴിയൊരുക്കുമെന്നാണ്. എന്നാല്‍, 2025 അവസാനമാകുമ്പോഴേക്കും ഇത് 92 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് ഹോം ഓഫീസ് പറയുന്നത്. രാജ്യത്താകെയുള്ള മൈഗ്രന്റ് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ മറ്റ് 40,000 പേര്‍ക്കു കൂടി ലണ്ടനിലും, തെക്കന്‍ ഇംഗ്ലണ്ടിലും കിഴക്കന്‍ ഇംഗ്ലണ്ടിലും വീടുകള്‍ നല്‍കും.

വീടുകള്‍, ഫ്‌ലാറ്റുകള്‍, ബെഡ്‌സിറ്റുകള്‍ എന്നിവയുള്‍പ്പടെ നിലവില്‍ 46,640 പേര്‍ക്കുള്ള സൗകര്യമാണ് ഈ പദ്ധതിയില്‍ ഒരുക്കുക. ആവശ്യമെങ്കില്‍ മറ്റ് 66,000 പേരെ കൂടി ഉള്‍ക്കൊള്ളാനും ഈ പദ്ധതിയ്ക്ക് കഴിയും. കൂടുതല്‍ സൈനിക ആസ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഇതിനായി പ്രയോജനപ്പെടുത്താനാണ് ഹോം ഓഫീസിന്റെ നീക്കം. ഹോട്ടലുകളില്‍ താമസിപ്പിച്ചവരെ ഒഴിപ്പിച്ച് ഇവിടങ്ങളില്‍ താമസിപ്പിക്കും.

വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ വിവിധ ഭാഗങ്ങളിലായി 13,486 അഭയാര്‍ത്ഥികള്‍ താമസിക്കുന്നു എന്നാണ് കരുതപ്പെടുന്നതെങ്കിലും രേഖകളില്‍ കാണുന്നത് 17,218 പേര്‍ താമസിക്കുന്നു എന്നാണ്. മറ്റ് 1,809 പേര്‍ ഇവിടെ വീടിനായുള്ള വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്. പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിലും നേരത്തേ നിശ്ചയിച്ചതിലധികം അഭയാര്‍ത്ഥികള്‍ എത്തും. 10,944 പേരെയാണ് ഇവിടെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഇതിനോടകം തന്നെ 9,086 പേര്‍ എത്തിക്കഴിഞ്ഞു. മറ്റൊരു 4,930 പേര്‍ വെയ്റ്റിംഗ് ലിസ്റ്റിലുമുണ്ട്. ലണ്ടനില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ താമസിപ്പിക്കാന്‍ 12,206 വീടുകള്‍ കൂടി കണ്ടെത്തേണ്ടതുണ്ട്.

അയര്‍ലന്‍ഡിലെ ഒരു ടൗണില്‍ മാത്രം ഹോട്ടലില്‍ സര്‍ക്കാര്‍ താമസം ഒരുക്കിയത് 2300 അഭയാര്‍ത്ഥികള്‍ക്ക്

ഡബ്ലിന്റെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സഗ്ഗാര്‍ട്ട് എന്ന ചെറു പട്ടണം അതിന്റെ ഹരിതാഭയ്ക്കും ശാന്തമായ അന്തരീക്ഷത്തിനും ഏറെ പ്രശസ്തമാണ്. ഐറിഷ് പബ്ബും, പള്ളിയും, ഹൈസ്ട്രീറ്റുമൊക്കെയുള്ള ഒരു ഗ്രാമം എന്ന് പറയുന്നതാകും കൂടുതല്‍ ഉചിതം. എന്നാല്‍, ഈ ഗ്രാമത്തിന്റെ ശാന്തത തകര്‍ക്കുന്ന നിലയിലാണ് അഭയാര്‍ത്ഥികള്‍ തീര്‍ത്ത പ്രതിസന്ധി എത്തിയിരിക്കുന്നത്. 2300 ഓളം അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ഒരു ഹോട്ടലുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയാണ്. ഈ ചെറു പട്ടണത്തിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് വരും ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥികള്‍.

നാടുകടത്താനിരിക്കുന്ന 26 കാരനായ ഒരു ആഫ്രിക്കന്‍ പൗരന്‍ പത്ത് വയസ്സുകാരിയായ ഐറിഷ് ബാലികയെ സിറ്റിവെസ്റ്റ് ഹോട്ടലിന് പുറത്തുവെച്ച് ലൈംഗികമായി പീഢിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. രോഷാകുലരായി ഹോട്ടലിലേക്ക് ഇരച്ചു കയറാന്‍ എത്തിയ നൂറുകണക്കിന് പ്രദേശവാസികളെ തടയാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വലിയ തോതില്‍ തന്നെ അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്നത് പ്രദേശത്തെ സമാധാനം കെടുത്തുന്നുവെന്നാണ് പ്രദേശവാസികള്‍ പരാതിപ്പെടുന്നത്. നിരവധി ആളുകള്‍ നിരത്തിലിറങ്ങുന്നതും, പൊതുയിടങ്ങളില്‍ മദ്യവും മയക്കുമരുന്നുമെല്ലാം ഉപയോഗിക്കുന്നതും പ്രദേശവാസികളില്‍ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. പലരും ഭയന്നിരിക്കുകയാണ്. കുട്ടികളെ ഒറ്റയ്ക്ക് വീടിന് പുറത്തേക്ക് പറഞ്ഞയയ്ക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.

Similar News