മണിക്കൂറിൽ 282 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശാൻ വെമ്പിനിൽക്കുന്ന 'മെലിസ' കൊടുങ്കാറ്റ്; അതിഭീകരമായ ആ ലൂപ്പിലൂടെ വട്ടമിട്ട് പറന്ന് യുഎസ് എയർഫോഴ്‌സിന്റെ വിമാനം; ഇന്റെർസ്റ്റെല്ലാറിൽ മലയെന്ന് തെറ്റിദ്ധരിച്ച് ഭീമൻ തിരമാലകൾക്കിടയിൽ കുടുങ്ങിപോയ കൂപ്പറിന്റെ അതെ അവസ്ഥ; അത്ഭുതവും ആശങ്കയും ഒന്നിച്ച് ഉണർത്തുന്ന ചിത്രങ്ങൾ പുറത്ത്

Update: 2025-10-28 11:19 GMT

മയാമി: ലോകത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ 'മെലിസ' തിങ്കളാഴ്ച കരീബിയൻ മേഖലയിൽ അതിശക്തമായി ആഞ്ഞുവീശി. ഇപ്പോഴിതാ, സമൂഹ മാധ്യമങ്ങളിൽ അതിഭീകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മണിക്കൂറിൽ 282 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശാൻ വെമ്പിനിൽക്കുന്ന 'മെലിസ' കൊടുങ്കാറ്റിന്റെ ഉള്ളിലൂടെ യുഎസ് എയർഫോഴ്‌സിന്റെ വിമാനം വട്ടമിട്ട് പറന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

കണ്ടാൽ അത്ഭുതവും അതേസമയം ആശങ്കയും ഒന്നിച്ച് ഉണർത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പെട്ടെന്ന് കാണുമ്പോൾ പ്രശസ്ത ഹോളിവുഡ് സംവിധായകൻ നോളന്റെ ഇന്റെർസ്റ്റെല്ലാറിൽ മറ്റൊരു ഗ്രഹത്തിൽ സമയത്തെ പിടിച്ചു നിർത്താൻ പോകുമ്പോൾ മലയെന്ന് തെറ്റിദ്ധരിച്ച് ഭീമൻ തിരമാലകൾക്കിടയിൽ കുടുങ്ങിപോകുന്ന കൂപ്പറിന്റെ അതെ അവസ്ഥ പോലെയാണ് ഇതിനുള്ളിലെ കാഴ്ചകളും.


അമേരിക്കൻ വ്യോമസേനയുടെ 'ചുഴലിക്കാറ്റ് വേട്ടക്കാർ' (Hurricane Hunters) എന്നറിയപ്പെടുന്ന സംഘം മെലിസയുടെ കണ്ണിലൂടെ കടന്നുപോയി നിർണായക വിവരങ്ങളാണ് ശേഖരിച്ചത്. മണിക്കൂറിൽ 175 മൈൽ (282 കി.മീ) വരെ ഉയർന്നുവരുന്ന കാറ്റിന്റെ വേഗതയോടെ ഈ കാറ്റഗറി അഞ്ച് ചുഴലിക്കാറ്റ് 2025-ലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി മാറുകയാണ്.

അതേസമയം, തിങ്കളാഴ്ച വൈകുന്നേരമോ ചൊവ്വാഴ്ച പുലർച്ചെയോ ജമൈക്കയിൽ കരതൊടുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ്, തുടർന്ന് കിഴക്കൻ ക്യൂബയിലേക്കും ബഹാമാസിലേക്കും നീങ്ങും. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചുഴലിക്കാറ്റിനെത്തുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


മേലിസയുടെ സഞ്ചാരപഥത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടം വരുത്തിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്നതും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതും കാണാം. ചുഴലിക്കാറ്റിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത്, മുന്നറിയിപ്പുകൾ പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

അതുപോലെ, ജമൈക്കയിലെ കനത്ത മഴയിലും ശക്തമായ കാറ്റിലും പെട്ടുപോയ നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് മുറികള്‍ക്കുള്ളില്‍ അടച്ചുപൂട്ടി കഴിയേണ്ടിവന്നു. ലോകം ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നാശകാരിയായ കൊടുങ്കാറ്റാണ് ജമൈക്കയില്‍ ആഞ്ഞടിച്ചത്. ഈ ചെറിയ കരീബിയന്‍ ദ്വീപ് രാഷ്ട്രത്തില്‍ 24 മണിക്കൂറിനുള്ളില്‍ 40 ഇഞ്ച് മഴ പെയ്തിറങ്ങിയപ്പോള്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. ഇതിനോടകം തന്നെ വടക്കന്‍ കരീബിയയില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ മെലീസ് കൊടുങ്കാറ്റ് ഇന്നലെ രാവിലെയാണ് ജമൈക്കയെ സ്പര്‍ശിച്ചത്.

കാറ്റഗറി 4 ല്‍ പെടുന്ന നാശകാരിയായ കൊടുങ്കാറ്റ് ജമൈക്കയില്‍ എത്തിയപ്പോഴേക്കും കൂടുതല്‍ ശക്തിപ്രാപിച്ച് കാറ്റഗറി 5 ല്‍ എത്തിയിരുന്നു. രാജ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുകയാണെന്നാണ് പ്രകൃതിയുടെ താണ്ഡവം നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്ന ജമൈക്കന്‍ പ്രധാനമാന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ്സ് പറഞ്ഞത്. ദ്വീപില്‍ അങ്ങോളമിങ്ങോളമായി 900 അഭയാര്‍ത്ഥി ക്യാമ്പുകളാണ് രൂപീകരിച്ചിരിക്കുന്നത്. ആളുകളോട് വീടുകള്‍ ഉപേക്ഷിച്ച് ക്യാമ്പുകളില്‍ അഭയം തേടാന്‍ ആവശ്യപ്പെട്ടിരുന്നു. കിംഗ്സ്റ്റണ്‍ ഉള്‍പ്പടെ ഏഴോളം തെക്കന്‍ മേഖലകളില്‍ ആളുകളെ ഒഴിപ്പിച്ചിരുന്നു.

ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഉള്‍പ്പടെ ഒഴിവുകാലം ആസ്വദിക്കാന്‍ ജമൈക്കയിലെത്തിയ നിരവധിപേര്‍ക്കാണ് കൊടുങ്കാറ്റിന്റെ തിക്തഫലം അനുഭവിക്കേണ്ടതായി വന്നത്. പലര്‍ക്കും നാളെ, ബുധനാഴ്ച വരെയെങ്കിലും ഹോട്ടല്‍മുറികളില്‍ തന്നെ കഴിയേണ്ടതായി വരും എന്നാണ് അറിയാന്‍ കഴിയുന്നത്. കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായതോടെ കൂടുതല്‍ ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായേക്കും എന്ന മുന്നറിയിപ്പും വരുന്നുണ്ട്. പല വിമാന സര്‍വ്വീസുകളും റദ്ദാക്കപ്പെട്ടതിനാല്‍, വിനോദസഞ്ചാരികളില്‍ പലരും തിരികെ മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലുമാണ്.

Tags:    

Similar News