'മോന്‍താ' ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു; മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം; തീരപ്രദേശങ്ങളില്‍ അതിശക്തമായ മഴ; ജനങ്ങളെ ഒഴിപ്പിച്ചു; രാത്രിയാത്ര നിരോധനം; 61 ട്രെയിനുകള്‍ റദ്ദാക്കി; ജാഗ്രത നിര്‍ദേശം

Update: 2025-10-28 17:02 GMT

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോന്‍താ ചുഴലിക്കാറ്റ് ആന്ധ്രയില്‍ കരതൊട്ടു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടത്. ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രാപ്രദേശിന്റെ തീരപ്രദേശം, റായലസീമ, തെലങ്കാന, തെക്കന്‍ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കാക്കി ഗ്രാമത്തിനുമിടയ്ക്കായാണ് മോന്‍താ കരതൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമായി. ഒഡീഷയിലെ തെക്കന്‍ ജില്ലകളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ബംഗാളിലും ചുഴലിക്കാറ്റിന്റെ ഭാഗമായി മഴ ശക്തമായി.

ആന്ധ്രാപ്രദേശ്, യാനം, തെക്കന്‍ ഒഡീഷ തീരങ്ങളിലാണ് നിലവില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മധ്യ, വടക്കന്‍ ആന്ധ്രാപ്രദേശില്‍ മണിക്കൂറില്‍ 92 മുതല്‍ 117 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിലെ 39 മണ്ഡലങ്ങളില്‍ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്ര ബാബു നായിഡു എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 29-ന് വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ തെക്കന്‍ ഒഡീഷയിലും തെക്കന്‍ ഛത്തീസ്ഗഢിലും കിഴക്കന്‍ തെലങ്കാനയിലും ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് 61 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചില ട്രെയിനുകള്‍ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചിലത് വഴിതിരിച്ചുവിട്ടതായും റിപ്പോര്‍ട്ട്. ആന്ധ്രാ തീരത്തുനിന്ന് മുന്‍കരുതല്‍ നടപടിയെന്നോണം ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് ജില്ലകളില്‍ ആന്ധ്രാ സര്‍ക്കാര്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.

Similar News