കരാര്‍ പാലിക്കാതിരുന്നാല്‍ മറ്റു പദ്ധതികളിലെ പണം തടഞ്ഞുവയ്ക്കാന്‍ കേന്ദ്രത്തിനു കഴിയും; വായ്പാ തുക അനുവദിക്കലില്‍ അടക്കം കടുത്ത തീരുമാനം എടുക്കും; കേരളത്തിന്റെ തുടര്‍ ആവശ്യമൊന്നും പരിഗണിക്കുകയുമില്ല; പിഎം ശ്രീയില്‍ ഒപ്പിട്ടശേഷം കേന്ദ്രനയം പാലിക്കാതിരുന്നാല്‍ അത് വലിയ തിരിച്ചടിയാകും; മോദിയും അമിത് ഷായും നിരീക്ഷണത്തില്‍

Update: 2025-10-29 03:37 GMT

തിരുവനന്തപുരം : പിഎം ശ്രീയിലെ കേരളത്തിലെ ചര്‍ച്ചകള്‍ കേന്ദ്രം സസൂക്ഷ്മം വീക്ഷിക്കുന്നു. പദ്ധതിയിലെ ആദ്യ ഗഡുവാങ്ങി പിന്മാറാനുള്ള കേരളത്തിന്റെ നീക്കം മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ഈ സാഹചര്യത്തില്‍ ആദ്യ ഗഡു നല്‍കുന്നതില്‍ അടക്കം കരുതലുകള്‍ എടുക്കും. സിപിഐയുമായുളള സിപിഎമ്മിന്റെ ഉഭയകക്ഷി ബന്ധത്തിന്റെ പോക്കും കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടശേഷം കേന്ദ്രനയം പാലിക്കാതിരുന്നാല്‍ അത് ഗൗരവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തിലെ രാഷ്ട്രീയം ഗൗരവത്തില്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്.

കരാര്‍ പാലിക്കാതിരുന്നാല്‍ പണം തിരികെ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടുകള്‍ എടുക്കും. പിഎം ശ്രീയില്‍ ഒപ്പിടാത്തതിനാല്‍ സര്‍വശിക്ഷ കേരളയുടെ ഫണ്ട് തടഞ്ഞതുപോലെ, കരാര്‍ പാലിക്കാതിരുന്നാല്‍ മറ്റു പദ്ധതികളിലെ പണം തടഞ്ഞുവയ്ക്കാന്‍ കേന്ദ്രത്തിനു കഴിയും. വായ്പാ തുക അനുവദിക്കലില്‍ അടക്കം കേന്ദ്രം കടുത്ത തീരുമാനം എടുക്കും. കേരളത്തിന്റെ തുടര്‍ ആവശ്യമൊന്നും പരിഗണിക്കുകയുമില്ല. കിഫ്ബി വായ്പകളില്‍ അടക്കം നിയന്ത്രണം കൊണ്ടു വരും. ഇത് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെ പുതിയ തലത്തിലെത്തിക്കും.

പിഎം ശ്രീ പദ്ധതിയില്‍ നിപാട് കടുപ്പിച്ച് സി.പി.ഐ രംഗത്തുണ്ട്. മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ല. പിഎം ശ്രീ പദ്ധതിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഐ തീരുമാനിച്ചു.പ്രശ്‌ന പരിഹാരത്തിന് നേരിട്ടിറങ്ങിയ മുഖ്യമന്ത്രി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ സി.പി.ഐ മന്ത്രിമാരുമായും ചര്‍ച്ച നടത്തി. പക്ഷേ ഫലമുണ്ടായില്ല. പിഎം ശ്രീയില്‍ നിന്നും പിന്മാറണമെന്നാണ് ആവശ്യം.

പിഎം ശ്രീ പദ്ധതിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ സിപിഐയുടെ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയ എഐവൈഎഫും എഐഎസ്എഫും അടുത്തഘട്ടമായി ജില്ലാതല പ്രതിഷേധങ്ങള്‍ക്കു തുടക്കമിട്ടു. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നു കാട്ടി തിരുവനന്തപുരത്തു സെമിനാറും സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കും. ഇടത് സഹയാത്രികരടക്കം പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരെയും സെമിനാറില്‍ അണിനിരത്തും.

പിഎം ശ്രീ സംബന്ധിച്ചു സിപിഎം സിപിഐ ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണെങ്കിലും പദ്ധതിയില്‍നിന്നു പിന്‍മാറുകയല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോന്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിന്‍ പറഞ്ഞു. പിഎം ശ്രീയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന എല്‍ഡിഎഫ് ഈ സാഹചര്യത്തില്‍ എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാണ്.

സിപിഐയെ അനുനയിപ്പിക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തും. മന്ത്രിസഭായോഗം വൈകിട്ട് മൂന്നരയിലേക്ക് മാറ്റിയിട്ടുണ്ട്. ധാരണപത്രം റദ്ദാക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ. അതേസമയം, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വയ്ക്കാനാകുമോ എന്നാണ് സിപിഐ മുഖപത്രമായ ജനയുഗത്തിലൂടെ ചോദിക്കുന്നത്. ഫണ്ട് നല്‍കില്ലെന്ന കേന്ദ്ര നിലപാടിനോട് പോരടിക്കുകയാണ് വേണ്ടതെന്നും അല്ലാതെ, പദ്ധതി അനിവാര്യമെന്ന് പറയുന്നത് ഇടതുപക്ഷ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പട്ടിക തയ്യാറാക്കല്‍ അടക്കം പിഎം ശ്രീയുടെ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. നിശബ്ദത പാലിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധാരണാപത്രം റദ്ദാക്കാതെ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ലെന്ന് സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ചര്‍ച്ചയില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയിരുന്നു. പിഎം ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് തീരുമാനവുമെടുക്കാമെന്ന് സിപിഐ ദേശീയ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. അതോടൊപ്പം ധാരണാപത്രം റദ്ദാക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News