പി.എം ശ്രീയില്‍ നിന്ന് പൂര്‍ണമായി സി.പി.എമ്മോ സംസ്ഥാന സര്‍ക്കാരോ പിന്നോട്ട് പോകില്ല; നിബന്ധനകളില്‍ ഇളവ് തേടി കത്തയയ്ക്കും; ഇടതു വിരുദ്ധമായതൊന്നും അനുവദിക്കില്ലെന്ന് പിണറായിയുടെ മുഖത്ത് നോക്കി പറഞ്ഞ് ബേബി; സിപിഐയെ തള്ളുന്നതിനോട് കേന്ദ്ര നേതൃത്വത്തിനും താല്‍പ്പര്യമില്ല; ബേബി ചെറിയ മീനല്ല! സിപിഐയ്ക്ക് വഴങ്ങാന്‍ പിണറായി; സാങ്കേതികത്വം ചര്‍ച്ചയാക്കാന്‍ സിപിഎം; കത്തയച്ച് പിഎംശ്രീയില്‍ കീഴടങ്ങല്‍
തിരുവനന്തപുരം: എംഎ ബേബി അത്ര ചെറിയ മീനല്ല. പിഎശ്രീയില്‍ സിപിഐയുടെ വാദങ്ങള്‍ സിപിഎം അംഗീകരിക്കുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ ഇടപെടലാണ് നിര്‍ണ്ണായകമായത്. രാവിലെ എകെജി സെന്ററില്‍ നടന്ന യോഗത്തില്‍ സിപിഐ ഉയര്‍ത്തുന്നത് കാലിക പ്രസക്തിയുള്ള വിഷയമാണെന്ന് ബേബി നിലപാട് എടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം ഇത് അംഗീകരിച്ചു. ഇതോടെ പിഎം ശ്രീയില്‍ പിന്മാറാന്‍ സിപിഎം തയ്യാറെടുക്കുകയാണ്. ധാരണാപത്രവുമായി മുമ്പോട്ടു പോകുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കും. ഇടതു വിരുദ്ധമായ പദ്ധതികളില്‍ ഒന്നും കേന്ദ്രവുമായി ധാരണയിലെത്തരുതെന്നും ബേബി ആവശ്യപ്പെട്ടിട്ടുണ്ട്. മധുര പാര്‍ട്ടി കോണ്‍ഗ്രസ് തള്ളി പറഞ്ഞ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ധാരണാ പത്രത്തിലെത്തിയതിലും വിയോജിപ്പ് അറിയിച്ചു. ഇത് സിപിഎമ്മിന്റെ നയത്തിന് വിരുദ്ധമാണ്. തിരുത്തല്‍ അനിവാര്യമാണെന്നും പറഞ്ഞു. ഈ വിഷയങ്ങളില്‍ ജനറല്‍ സെക്രട്ടറിയുടെ വികാരം സംസ്ഥാന നേതൃത്വം ഉള്‍ക്കൊണ്ടു. സിപിഐ കേന്ദ്ര നേതൃത്വത്തിന് എംഎ ബേബി മറുപടിയും നല്‍കി. സിപിഐയുടെ ആവശ്യങ്ങളും ഉപാധികളും അംഗീകരിക്കുകയാണ് സിപിഎം.
പിഎം ശ്രീ ധാരണാപത്രം റദ്ദാക്കിയില്ലെങ്കില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുമെന്ന് സിപിഐ മുന്നറിയിപ്പ് നല്‍കിയത്. ചൊവ്വാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നിലപാട് കടുപ്പിക്കാന്‍ സിപിഐ തീരുമാനിച്ചത്. അതേസമയം മന്ത്രിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും തലസ്ഥാനത്ത് തുടരണമെന്നും ബിനോയ് വിശ്വം നിര്‍ദേശിച്ചിട്ടുണ്ട്. അനുനയ നീക്കത്തിന്റെ ഭാഗമായി മന്ത്രിസഭാ യോഗം വൈകുന്നേരം 3.30 ലേക്ക് മാറ്റി.കരാര്‍ റദ്ദാക്കിയെന്ന് പരസ്യമായി പ്രഖ്യാപിക്കാതെ തങ്ങളുടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എസ്എസ്‌കെ ഫണ്ട് വാങ്ങി പിഎം ശ്രീയില്‍ മെല്ലെ പോക്ക് നടത്താമെന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉയര്‍ത്തുന്നുണ്ടെങ്കിലും സിപിഐ വഴങ്ങില്ല. രണ്ട് തവണ മന്ത്രിസഭ ചര്‍ച്ച ചെയ്തു മാറ്റിവച്ച വിഷയത്തില്‍ വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെയാണ് ഒപ്പിട്ടത്. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് സിപിഎം വിട്ടുവീഴ്ച. ഉച്ചയ്ക്ക് ശേഷമുള്ള മന്ത്രിസഭാ യോഗത്തില്‍ സിപിഐ പങ്കെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന സിപിഐയുടെ ആവശ്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ സിപിഎമ്മും സര്‍ക്കാരും തീരുമാനിച്ചതോടെ സിപിഐയും അനുനയ പാതയിലെത്തും. കരാര്‍ തത്കാലത്തേക്ക് മരവിപ്പിക്കാന്‍ നീക്കം തുടങ്ങി. സിപിഐയെ അനുയയിപ്പിക്കാനുള്ള അവസാനഘട്ട പരിശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം. പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കും. കേന്ദ്രത്തില്‍നിന്ന് തീരുമാനം വരുന്നത് വരെ പദ്ധതി മരവിപ്പിച്ചേക്കും. മുഖ്യമന്ത്രി സിപിഐ നേതാക്കളെ വിളിച്ച് ഇത് സംബന്ധിച്ച് വിശദീകരിക്കും. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ഇതിനോടകം സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. തത്കാലം പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്ന നിര്‍ദേശമാണ് ബേബിയും മുന്നോട്ടുവെച്ചത്. സാധാരണ രാവിലെ 10-ന് ചേരുന്ന മന്ത്രിസഭാ യോഗം ബുധനാഴ്ച മൂന്നരയിലേക്കു മാറ്റിയിരുന്നു. സമവായ നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ മാറ്റമെന്നാണ് സൂചന.
രാവിലെ എ.കെ.ജി സെന്ററില്‍ നടന്ന സി.പി.എം അവെയ്‌ലബിള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയം ചര്‍ച്ച ചെയ്തത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. പി.എം ശ്രീയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന് കത്ത് നല്‍കുക. പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവ് വേണം. കരിക്കുലം, സ്‌കൂളുകളുടെ ഘടനാമാറ്റം അടക്കമുള്ള വിവാദ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്നും മാറ്റം വരുത്തണമെന്നും ആവശ്യപ്പെടും. പുതിയ ഉപാധി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയുമായി സി.പി.എം കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തി. സി.പി.എം കേരളാ നേതൃത്വം സി.പി.ഐ സംസ്ഥാന നേതൃത്വത്തോട് ഉപാധി വിശദീകരിക്കും. ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാരെ ഏതുവിധേനയും എത്തിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്.
പി.എം ശ്രീയില്‍ നിന്ന് പൂര്‍ണമായി സി.പി.എമ്മോ സംസ്ഥാന സര്‍ക്കാരോ പിന്നോട്ട് പോകില്ലെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. അതേസമയം, നിബന്ധനകളില്‍ ഇളവ് തേടാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. പദ്ധതി പൂര്‍ണമായി റദ്ദാക്കണമെന്നാണ് സി.പി.ഐ തുടക്കം മുതല്‍ മുന്നോട്ടുവെച്ച നിര്‍ദേശം. നിബന്ധനകളില്‍ ഇളവ് തേടുക വഴി സി.പി.ഐയെ അനുനയിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് സി.പി.എം സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. ഇത് സിപിഐ സംസ്ഥാന നേതൃത്വം അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുമ്പ് പി.എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ട പഞ്ചാബ് സര്‍ക്കാര്‍ പിന്നീട് പിന്നോട്ട് പോയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചാബിനുള്ള സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെക്കുകയുണ്ടായി. ഇതോടെ ധാരണാപത്രവുമായി പഞ്ചാബ് മുന്നോട്ടു പോവുകയായിരുന്നു. ഇതെല്ലാം ഗൗരവത്തില്‍ സര്‍ക്കാര്‍ എടുക്കുന്നുണ്ട്. കേന്ദ്ര പദ്ധതിയില്‍ നിന്നും പിന്മാറുന്നത് കേന്ദ്ര ഫണ്ടുകളുടെ വരവിനേയും ഭാവിയില്‍ ബാധിക്കും.
