കുട്ടി പീഡക സംഘത്തില്‍ പെട്ടു; അന്വേഷണ റിപ്പോര്‍ട്ടുകള്‍ എതിരായി; ഏറ്റവും ഇളയ അനുജന്‍ ആന്‍ഡ്രൂവിന്റെ രാജപദവിയും രാജകൊട്ടാരവും തിരിച്ചെടുത്ത് ചാള്‍സ് രാജാവ്; ബ്രിട്ടീഷ് കൊട്ടാരത്തില്‍ നിന്ന് ഇറങ്ങുന്ന രാജകുമാരനെ കാത്തിരിക്കുന്നത് ജയിലെന്ന് റിപ്പോര്‍ട്ടുകള്‍

Update: 2025-10-31 01:01 GMT

ലണ്ടന്‍: രാജപദവികള്‍ എല്ലാം നഷ്ടപ്പെട്ട ആന്‍ഡ്രുവിന്റെ 'രാജകുമാരന്‍' എന്ന സ്ഥാനപ്പേരും പിന്‍വലിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. ലക്ഷക്കണക്കിന് ബ്രിട്ടീഷ് പ്രജകളില്‍ ഒരാള്‍ മാത്രമായി മാറിയ ആന്‍ഡ്രു ഇനിമുതല്‍ അറിയപ്പെടുക ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ എന്ന പേരിലായിരിക്കുമെന്നും കൊട്ടാരം അറിയിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചതിന് ജയില്‍വാസം അനുഷ്ഠിക്കുന്നതിനിടെ മരണപ്പെട്ട ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധവും അതുവഴി ഉയര്‍ന്ന വിവാദങ്ങളുമൊക്കെയാണ് ആന്‍ഡ്രുവിന്റെ പതനത്തിനിടയാക്കിയത്.

അതുകൂടാതെ ഇപ്പോള്‍ താമസിക്കുന്ന റോയല്‍ ലോഡ്ജില്‍ നിന്നും ആന്‍ഡ്രുവിന് പടിയിറങ്ങേണ്ടതായി വരും. അവിടെ താമസിക്കുന്നതിന് നിയമപരമായ സംരക്ഷണമൊരുക്കിയ ലീസ് ഡീഡ് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഔദ്യോഗിക നോട്ടീസ് ആന്‍ഡ്രുവിന് നല്‍കിയതായും കൊട്ടാരം വൃത്തങ്ങള്‍വ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പേരിലുള്ള ആരോപണങ്ങളെല്ലാം ആന്‍ഡ്രു തുടര്‍ച്ചയായി നിഷേധിക്കുകയാണെങ്കിലും, അദ്ദേഹത്തിന് എതിരെ നടപടികള്‍ എടുക്കാന്‍ കൊട്ടാരം നിര്‍ബന്ധിതമാവുകയായിരുന്നു.

രാജകുമാരന്‍, ഡ്യൂക്ക് ഓഫ് യോര്‍ക്ക്, ഏള്‍ ഓഫ് ഇന്‍വെര്‍നെസ്സ്, ബാരോന്‍ കില്ലിലീഗ് തുടങ്ങിയ സ്ഥാനപ്പേരുകളായിരുന്നു ആന്‍ഡ്രുവിന് ഉണ്ടായിരുന്നത്. അതെല്ലാം ഇപ്പോള്‍ ഇല്ലാതെയായിരിക്കുന്നു. മാത്രമല്ല, രാജകുടുംബാംഗങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയില്‍ അദ്ദേഹത്തെ 'ഹിസ് റോയല്‍ ഹൈനെസ്സ്' എന്ന് അഭിസംബോധന ചെയ്യേണ്ടതായിട്ടും ഇല്ല. രാജപദവികളും സ്ഥാനപ്പേരുകളും ഉപയോഗിക്കില്ലെന്ന് നേരത്തേ ആന്‍ഡ്രു അനൗപചാരികായി അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അക്കാര്യം ഔദ്യോഗികമായി ചാള്‍സ് രാജാവ് വിദേശകാര്യ സെക്രട്ടറി കൂടിയായ ലോര്‍ഡ് ചാന്‍സലറെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

അതേസമയം, ആന്‍ഡ്രുവിന്റെ മക്കളായ ബിയാട്രീസും യൂജിനും തുടര്‍ന്നും 'രാജകുമാരി' എന്ന സ്ഥാനപ്പേര് ഉപയോഗിക്കാന്‍ കഴിയും. രാജാവിന്റെ പുതിയ നീക്കങ്ങളെ വില്യം രാജകുമാരന്‍ അടക്കമുള്ള രാജകുടുംബാംഗങ്ങള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുണ്ട് എന്നാണ് കൊട്ടാരം വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ റോയല്‍ ലോഡ്ജില്‍ നിന്നും പോകുന്ന ആന്‍ഡ്രുവിനെ സാന്‍ഡ്രിംഗ്ഹാമിലെ ഒരു വീട്ടിലായിരിക്കും താമസിപ്പിക്കുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇപ്പോള്‍ ആന്‍ഡ്രുവിനൊപ്പം താമസിക്കുന്ന, അദ്ദേഹത്തിന്റെ മുന്‍ ഭാര്യ സാറ ഫെര്‍ഗുസന്‍ അവരുടെ താമസത്തിനുള്ള ക്രമീകരണം സ്വന്തമായി ചെയ്യുമെന്നും അറിയുന്നു.

ആന്‍ഡ്രു പീഢിപ്പിച്ചെന്ന് ആരോപിച്ച വെര്‍ജീനിയ ജിഫ്രിയുടെ ആത്മകഥ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. തന്റെ നാല്പത്തിയൊന്നാം വയസ്സില്‍ അവര്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. മരണാനന്തരമാണ് ആത്മകഥ പുറത്തു വന്നത്. ജെഫ്രി എപ്സ്റ്റീനിന്റെയും അയാളുടെ സഹായിയായ ബ്രിട്ടീഷ് വനിത ജിസ്ലെയ്ന്‍ മാക്സ്വെല്ലിന്റെയും ലൈംഗിക അടിമയായി വര്‍ഷങ്ങളോളം ചെലവഴിക്കേണ്ടി വന്നതിനെ കുറിച്ച് അതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 'നോബഡീസ് ഗേള്‍: എ മെമൊയര്‍ ഓഫ് സര്‍വൈവിംഗ് അബ്യൂസ് ആന്‍ഡ് ഫൈറ്റിംഗ് ഫോര്‍ ജസ്റ്റിസ്' എന്ന പുസ്തകം ഈ മാസം ആദ്യമാണ് പ്രകാശനം ചെയ്തത്.

പതിനേഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ആന്‍ഡ്രുവുമായി ബന്ധപ്പെട്ടതിനെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ആന്‍ഡ്രുവുമായി ബന്ധപ്പെട്ടതിന് ശേഷം മാക്സ്വെല്‍ തന്നെ അഭിനന്ദിച്ചതായും ആന്‍ഡ്രു സന്തുഷ്ടനാണെന്ന് പറഞ്ഞതായും പുസ്തകത്തില്‍ പറയുന്നുണ്ട്. ജിഫ്രിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന ആരോപണം ആന്‍ഡ്രു തുടര്‍ച്ചയായി നിഷേധിക്കുകയാണെങ്കിലും, ലക്ഷക്കണക്കിന് പൗണ്ട് നല്‍കിയാണ് അമേരിക്കന്‍ കോടതിയില്‍ ഉണ്ടായിരുന്ന ലൈംഗികപീഢന കേസ് 2022 ല്‍ ഒതുക്കു തീര്‍ത്തത്.

ഏതായാലും ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, ലൈംഗിക പീഡനം, അഴിമതി, പൊതു പദവിയില്‍ ഇരുന്നുകൊണ്ടുള്ള സ്വഭാവദൂഷ്യം എന്നീ കുറ്റങ്ങള്‍ക്ക് ആന്‍ഡ്രുവിനെതിരെ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ജിഫ്രിയെ പീഢിപ്പിച്ചു ഏന്നതും, അതിനു ശേഷം അവരെ കെണിയില്‍ കൂരുക്കുന്നതിനായി ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്ന് അംഗരക്ഷകരായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു എന്നതുമാണ് സ്വകാര്യ അന്യായത്തില്‍ ഉള്ളത് എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനിലെ പരമ്പരാഗത രാജഭരണത്തെ എതിര്‍ക്കുന്ന റിപ്പബ്ലിക്ക് ഗ്രൂപ്പും ആന്‍ഡ്രുവിനെതിരെ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ നിയമനടപടികള്‍ക്ക് മുതിരാന്‍ നിയമജ്ഞരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

Tags:    

Similar News