'മൂന്നാറിലേത് തനി ഗുണ്ടായിസം!' ഓണ്‍ലൈന്‍ ടാക്സിയിലെ യാത്രയ്ക്ക് വിനോദ സഞ്ചാരിയായ മുബൈ സ്വദേശിനിക്ക് ഭീഷണി; നടപടിയെടുത്ത് എംവിഡി; മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നീക്കം; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

Update: 2025-11-05 12:58 GMT

ഇടുക്കി: മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്ത വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരായ വിനായകന്‍, വിജയകുമാര്‍, അനീഷ് കുമാര്‍ എന്നിവരുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. ആറുമാസത്തേക്ക് ആണ് നിലവില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയാണ് മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഊബര്‍ കാറില്‍ സഞ്ചരിക്കാന്‍ അനുവദിച്ചില്ലെന്നും ടാക്സി ഡ്രൈവര്‍മാരുടെ സംഘം ഭീഷണിപ്പെടുത്തിയെന്നും 'ഇനി കേരളത്തിലേക്കേ ഇല്ല' എന്നും വിനോദ സഞ്ചാരി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ സംഭവത്തില്‍ മൂന്നാര്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. മുംബൈയില്‍ അസി. പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്സിയില്‍ യാത്രചെയ്തപ്പോള്‍ ഉണ്ടായ ദുരനുഭവം പങ്കുവച്ചത്.

ആരോപണ വിധേയരായ മൂന്ന് ഡ്രൈവര്‍മാരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള ശുപാര്‍ശ മൂന്നാര്‍ ഡിവൈഎസ്പി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിരുന്നു. ഇവരുടെ വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നീക്കമുണ്ട്. യൂബര്‍ ടാക്‌സി ഡ്രൈവറില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.അതേസമയം, കൂടുതല്‍ പരാതിയില്ലെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചതായാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചിരുന്നു. മൂന്നാറില്‍ നടക്കുന്നത് ഗുണ്ടായിസമാണെന്നും മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയരുന്നു. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും അപമര്യാദ കാണിച്ച ഡ്രൈവര്‍മാര്‍ക്കും ഒത്താശ ചെയ്ത പൊലീസുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അനധികൃതമായും സമയം തെറ്റിച്ചും ഓടുന്ന വാഹനങ്ങള്‍ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി.

ഓണ്‍ലൈന്‍ ടാക്‌സി ഒരിടത്തും നിര്‍ത്തലാക്കിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു. അതു മൂന്നാറിലും ഓടും. തടയാന്‍ ടാക്‌സി തൊഴിലാളികള്‍ക്ക് അവകാശമില്ല. മൂന്നാറില്‍ നടക്കുന്നതു തനി ഗുണ്ടായിസമാണ്. ഡബിള്‍ ഡെക്കര്‍ ബസ് വന്നപ്പോഴും ടാക്‌സി ഡ്രൈവര്‍മാര്‍ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവര്‍ അനുഭവിച്ചു. മൂന്നാറില്‍ പരിശോധന ശക്തമാക്കും. പിഴ അടയ്ക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യമാകരുതെന്നും അദ്ദേഹം പറഞ്ഞു.

യാത്രയ്ക്ക് ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയത്. മുംബൈയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബര്‍ 31 ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ജാന്‍വി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്.

മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്സി വാഹനത്തില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ മറ്റൊരു ടാക്സി വാഹനത്തില്‍ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരളയാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നും ജാന്‍വി പറഞ്ഞിരുന്നു.

Tags:    

Similar News