'വോട്ട് ചോരി' ജനങ്ങള്‍ തള്ളിയോ? ബിഹാറിലെ റെക്കോര്‍ഡ് പോളിംഗില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അമ്പരപ്പ്; എന്‍ഡിഎ തരംഗത്തിന്റെ സൂചനയെന്ന് ബിജെപി; ഭരണമാറ്റത്തിന്റെ സൂചനയെന്ന് ഇന്ത്യാ സഖ്യം; സ്ത്രീവോട്ടര്‍മാര്‍ വിധി നിര്‍ണയിക്കും; രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തില്‍
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയതോടെ അവകാശവാദങ്ങളുമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് ഇന്ത്യാസഖ്യം വാദിക്കുമ്പോള്‍, എന്‍ഡിഎ സര്‍ക്കാരിന് വന്‍ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കുകയാണെന്ന് ബിജെപി അവകാശപ്പെട്ടു. 121 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 64.66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 3.75 കോടി വോട്ടര്‍മാരാണ് വ്യാഴാഴ്ച പോളിംഗ് ബൂത്തിലെത്തിയത്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യമാണ് ആദ്യഘട്ട മണ്ഡലങ്ങളില്‍ മുന്‍തൂക്കം നേടിയത്. 121 ല്‍ 63 സീറ്റുകള്‍ സ്വന്തമാക്കി. എന്‍ഡിഎ സഖ്യം 55 സീറ്റുകളാണ് നേടിയത്. ഇത്തവണ ഈ മണ്ഡലങ്ങള്‍ എങ്ങോട്ട് ചായുമെന്ന കണക്കുകൂട്ടലിലാണ് ഇരു സഖ്യങ്ങളും.
ഒന്നാം ഘട്ടത്തിലേത് ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 2020-ലെ ഒന്നാംഘട്ട പോളിങ് 56.1 ശതമാനം മാത്രമായിരുന്നു. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വലിയ നേട്ടമായിട്ടാണ് കാണുന്നത്. 2000-ത്തില്‍ 62.57 ശതമാനം വോട്ട് രേഖപ്പെടുത്തിയതാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പോളിങ്. കഴിഞ്ഞ തവണത്തേക്കാള്‍ 9 ശതമാനം പോളിംഗ് ഉയര്‍ന്നത് ആര്‍ക്ക് ഗുണം ചെയ്യുമെന്നതില്‍ രാഷ്ട്രീയ തര്‍ക്കം മുറുകുകയാണ്. സര്‍ക്കാറിനെതിരെ ജനം ആവേശത്തോടെ വോട്ട് ചെയ്തു എന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സ്ത്രീകള്‍ വലിയ സംഖ്യയില്‍ പോളിംഗ് ബൂത്തിലെത്തിയത് സര്‍ക്കാറിന് അനുകൂലമായ സാഹചര്യമെന്ന് ബിജെപി പ്രതികരിച്ചു.
പോളിംഗ് ശതമാനം ഉയര്‍ന്നത് എന്‍ഡിഎ തരംഗത്തിന്റെ സൂചനയെന്ന് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സ്ത്രീകളുടെ വന്‍ പിന്തുണ എന്‍ഡിഎയ്ക്ക് കിട്ടിയെന്ന് ബിഹാറിലെ വനം, പരിസ്ഥിതി, സഹകരണ മന്ത്രി പ്രേം കുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം ജനം തള്ളിയെന്നും മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പോളിംഗ് ശതമാനം ഉയര്‍ന്നതോടെ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയിലേക്ക് വീണ്ടും ശ്രദ്ധ തിരിയുകയാണ്. ജന്‍ സുരാജ് ഉണ്ടാക്കിയ ഇളക്കവും വോട്ടര്‍മാരില്‍ ആവേശത്തിന് കാരണമായെന്നാണ് സൂചനകള്‍. ബിഹാര്‍ കാണാന്‍ പോകുന്നത് രാഷ്ട്രീയ വഴിത്തിരിവാണെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. പലയിടത്തും എതിരാളികള്‍ വോട്ട് ചെയ്യുന്നത് തടയാന്‍ പോലീസിനെ ഉപയോഗപ്പെടുത്തിയെന്ന് ആര്‍ജെഡി ആരോപിച്ചു. രണ്ടാംഘട്ടത്തില്‍ മത്സരം നടക്കുന്ന മണ്ഡലത്തിലെ പ്രചാരണത്തിന് അമിത് ഷായും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും അടക്കമുള്ളവര്‍ ഇന്ന് ബിഹാറിലുണ്ട്.
ഭരണത്തുടര്‍ച്ചയോ, മാറ്റമോ?
പരമ്പരാഗതമായി, ഉയര്‍ന്ന പോളിംഗ് നിലവിലെ സര്‍ക്കാരിനോടുള്ള അതൃപ്തിയുടെ സൂചനയായി കണക്കാക്കപ്പെടുന്നു. മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹമാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ഇത് ഭരണകക്ഷിയോടുള്ള അനുകൂല മനോഭാവത്തെയും സൂചിപ്പിക്കാറുണ്ട്.
ബീഹാറിലെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍, പോളിംഗ് ശതമാനം 5 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാര്‍ മാറുന്നതായി കാണാം. 1967 ല്‍ 7 ശതമാനം വര്‍ദ്ധനവിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്താവുകയും ഒരു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. 1980 ല്‍ പോളിംഗില്‍ ഏകദേശം 7 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ ജനതാ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെടുകയും കോണ്‍ഗ്രസ് തിരികെ വരികയും ചെയ്തു.
1990 ല്‍ 5.8 ശതമാനം വര്‍ദ്ധനവോടെ കോണ്‍ഗ്രസ് പുറത്താവുകയും ലാലു പ്രസാദ് യാദവിന്റെ ജനതാദള്‍ അധികാരത്തിലെത്തുകയും ചെയ്തു. 2005 ല്‍ പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു അധികാരത്തില്‍ വന്നു. ഇത്തവണ 8.5 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍, ചരിത്രം ആവര്‍ത്തിക്കുമോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു. ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്ത മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ഗംഗ നദിയുടെ തെക്ക് ഭാഗത്തുള്ളതും ബീഹാറിലെ രാഷ്ട്രീയ ഗതി നിര്‍ണ്ണയിക്കുന്നതുമായ മിഥിലാഞ്ചല്‍, കോസി, മുഗള്‍, സരണ്‍, ഭോജ്പൂര്‍ ബെല്‍റ്റുകളാണ്. നവംബര്‍ 11 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നവംബര്‍ 14 ന് ഫലപ്രഖ്യാപനവും നടക്കും.
