സൗദി അറേബ്യയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നു! വിദേശികള്‍ക്ക് മദ്യം വാങ്ങുന്നതില്‍ ഇളവ്; പ്രീമിയം വിസക്കാര്‍ക്ക് ഇനി റിയാദിലെ ഏക മദ്യവില്‍പ്പന സ്‌റ്റോറില്‍ നിന്ന് മദ്യം വാങ്ങാം; വില്‍പ്പന കേന്ദ്രത്തില്‍ നല്ല തിരക്ക്; ഇളവ് വരുത്തിയത് മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കാരങ്ങളുടെ ഭാഗമായി

സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് മദ്യം വാങ്ങുന്നതില്‍ ഇളവ്

Update: 2025-11-24 17:10 GMT

റിയാദ്: സൗദി അറേബ്യയില്‍ തിരഞ്ഞെടുത്ത വിദേശ താമസക്കാര്‍ക്ക് മദ്യം വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതായി റിപ്പോര്‍ട്ട്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പുറമെ, പ്രീമിയം റെസിഡന്‍സി വിസയുള്ള (Premium Residency Status) വിദേശികള്‍ക്കും ഇനി മദ്യം വാങ്ങാന്‍ സാധിക്കുമെന്നാണ് നയതന്ത്രജ്ഞരും പ്രീമിയം വിസ ഉടമകളും എ.എഫ്.പിയോട് സ്ഥിരീകരിച്ചത്.

മദ്യവില്‍പനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ലെങ്കിലും, റിയാദിലെ നയതന്ത്ര മേഖലയിലുള്ള രാജ്യത്തെ ഏക മദ്യവില്‍പ്പനശാലയില്‍ ഇനി മുസ്ലീം ഇതരരായ പ്രീമിയം വിസ ഉടമകള്‍ക്കും മദ്യം ലഭ്യമാകും. മുമ്പ് ഈ സ്റ്റോര്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു.

ലക്ഷങ്ങള്‍ മുടക്കിയുള്ള 'പ്രീമിയം റെസിഡന്‍സി'

2019-ല്‍ സൗദി ആരംഭിച്ച പ്രീമിയം റെസിഡന്‍സി, ഒരു കൂട്ടം വിദേശികള്‍ക്ക് മാത്രമായി നല്‍കുന്നതാണ്. ഈ വിസ ലഭിക്കാന്‍ 800,000 റിയാല്‍ (ഏകദേശം 1.63 ലക്ഷം പൗണ്ട്) ഒറ്റത്തവണ ഫീസ് അടയ്ക്കേണ്ടതുണ്ട്. ഈ വിസയുള്ളവര്‍ക്ക് പ്രാദേശിക സ്‌പോണ്‍സര്‍ ഇല്ലാതെ സൗദിയില്‍ താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും സ്വാതന്ത്ര്യമുണ്ട്.

മദ്യവില്‍പ്പന കേന്ദ്രത്തില്‍ തിരക്ക്

നാല് പേരുമായി (രണ്ട് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ) എ.എഫ്.പി. സംസാരിച്ചതില്‍ നിന്ന് നിയമം മാറിയതായി സ്ഥിരീകരിച്ചു. 'സുഹൃത്തുക്കള്‍ വഴി അറിഞ്ഞാണ് പോയത്, അത് നന്നായി നടക്കുന്നുണ്ട്. കരിഞ്ചന്തയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ധാരാളം പണം ലാഭിക്കാന്‍ ഇത് സഹായിച്ചു. വിലന്യായമാണ്, ഞങ്ങള്‍ക്ക് ഒടുവില്‍ മദ്യം വാങ്ങാന്‍ കഴിഞ്ഞു,' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രീമിയം വിസ ഉടമ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച സ്റ്റോറില്‍ വലിയ തിരക്കായിരുന്നുവെന്നും, ആളുകള്‍ 30-ഓളം കുപ്പികളുമായി പുറത്തേക്ക് പോകുന്നതും കണ്ടുവെന്നും ഒരു നയതന്ത്ര ഉദ്യോഗസ്ഥ വെളിപ്പെടുത്തി. വിദേശികളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ വാര്‍ത്ത നിറഞ്ഞിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1952 മുതല്‍ നിലനില്‍ക്കുന്ന നിരോധനം

ഇസ്ലാമിന്റെ ജന്മസ്ഥലവും പുണ്യനഗരങ്ങള്‍ സ്ഥിതിചെയ്യുന്നതുമായ സൗദി അറേബ്യയില്‍ 1952 മുതലാണ് മദ്യത്തിന് സമ്പൂര്‍ണ്ണ നിരോധനം നിലവില്‍ വന്നത്. അന്നത്തെ രാജാവ് അബ്ദുല്‍ അസീസിന്റെ മകന്‍ മദ്യലഹരിയില്‍ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതിനെ തുടര്‍ന്നായിരുന്നു ഈ നിരോധനം. മദ്യത്തിന്റെ ഉപയോഗം പല മുസ്ലീം രാജ്യങ്ങളിലും നിയന്ത്രിതമാണ്.

സമീപ വര്‍ഷങ്ങളില്‍ കിരീടാവകാശിയും ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദി അറേബ്യ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും വിനോദസഞ്ചാര വികസനത്തിനും വേണ്ടി നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അനുവദിക്കുകയും വിദേശ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുകയും സിനിമാശാലകള്‍ തുറക്കുകയും ചെയ്തതിന് പിന്നാലെയാണ് മദ്യനിയന്ത്രണങ്ങളിലും ഇളവുകള്‍ വരുന്നത്.

Tags:    

Similar News