മുഖ്യ പരിശീലകൻ സീനിയർ താരങ്ങളുമായി സംസാരമില്ല; അജിത് അഗാർക്കറുമായി രോഹിത് ശർമ്മയും അകൽച്ചയിൽ; ഡ്രസ്സിങ് റൂമിൽ ഭിന്നത നിലനിൽക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നതിനിടെ ഗംഭീറിനെ അവഗണിച്ച് പോകുന്ന കോഹ്‌ലിയുടെ വീഡിയോയും പുറത്ത്

Update: 2025-12-01 11:04 GMT

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ. പരിശീലകൻ ഗൗതം ഗംഭീറും സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‍ലിയും തമ്മിൽ സംഭാഷണമില്ലെന്നാണ് സൂചന. ഇതിനുപുറമെ, മുഖ്യ സെലക്ടർ അജിത് അഗാർക്കറുമായി രോഹിത് ശർമയും അകൽച്ചയിലാണെന്നാണ് സൂചന. ഈ ആഭ്യന്തര സംഘർഷങ്ങൾ ടീമിനുള്ളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച വിരാട് കോലി, ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോൾ മുഖ്യ പരിശീലകൻ ഗംഭീറിനെ അവഗണിച്ച് കടന്നുപോകുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മത്സരത്തിൽ 135 റൺസെടുത്ത കോഹ്ലി തന്റെ 52-ാമത് ഏകദിന സെഞ്ച്വറിയാണ് പൂർത്തിയാക്കിയത്. നേരത്തെ, കോലി സെഞ്ച്വറി നേടിയ ഉടൻ, ഗംഭീറിനൊപ്പം ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്കും ബൗളിംഗ് കോച്ച് മോർനെ മോർക്കലും ചേർന്ന് എഴുന്നേറ്റ് നിന്ന് താരത്തെ അഭിനന്ദിക്കുകയും ഡ്രസ്സിങ് റൂമിൽ വെച്ച് ഗംഭീർ കോലിയെ ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സമ്മാന വിതരണത്തിന് ശേഷം മൊബൈലിൽ ശ്രദ്ധിച്ച് കോലി ഗംഭീറിന് അടുത്തുകൂടി ഒരു ഭാവഭേദവുമില്ലാതെ നടന്നുപോവുകയായിരുന്നു.

ഒരിടവേളയ്ക്ക് ശേഷം ഓസ്ട്രേലിയക്കും തുടർന്ന് ദക്ഷിണാഫ്രിക്കക്കുമെതിരായ ഏകദിന പരമ്പരകളിലൂടെയാണ് രോഹിതും കോഹ്‍ലിയും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയത്. ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്ന് മാറി ഏകദിനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇരുവരുടെയും തിരിച്ചുവരവ് ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഓസ്ട്രേലിയൻ മണ്ണിൽ 73, 121 നോട്ടൗട്ട്, 57 എന്നിങ്ങനെയായിരുന്നു രോഹിത് സ്‌കോർ ചെയ്തത്.

കോഹ്‍ലി 74, 135 റൺസുകളുമായി തിളങ്ങി. സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കക്കെതിരെയും ഇരുവരുടെയും ബാറ്റിങ് മികവ് ടീമിന് കരുത്തായി. രോഹിതും കോഹ്‍ലിയും ടീമിന്റെ വിജയത്തിന് അനിവാര്യരായതിനാൽ, സീനിയർ താരങ്ങളെ മാറ്റിനിർത്താൻ കഴിയാതെ വലിയ സമ്മർദ്ദത്തിലാണ് ബി.സി.സി.ഐ. അടുത്തിടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 2-0ന് തോറ്റതിന് പിന്നാലെ പരിശീലകൻ ഗംഭീറും സെലക്ടർ അഗാർക്കറും ആരാധകരുടെയും മാധ്യമങ്ങളുടെയും രൂക്ഷവിമർശനങ്ങൾക്ക് ഇരയായിരുന്നു. ഈ സാഹചര്യത്തിൽ രോഹിത്-കോഹ്‍ലി കൂട്ടുകെട്ടിന്റെ പ്രകടനം ടീമിന് താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും, ഈ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

Tags:    

Similar News