വിവാഹത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തി; പക്ഷേ സ്യൂട്ട് കേസ് കാണാനില്ല; താളംതെറ്റി ഇന്‍ഡിഗോ; കേരളത്തിലും ഒട്ടേറെ വിമാനസര്‍വീസുകള്‍ വൈകുന്നു; വിമാനത്താവളങ്ങളില്‍ വന്‍ പ്രതിസന്ധി; മുദ്രാവാക്യം വിളിയോടെ ജീവനക്കാരെ തടയുന്നു; വ്യാപക പ്രതിഷേധവുമായി യാത്രക്കാര്‍

Update: 2025-12-05 06:26 GMT

ബെംഗളൂരു: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ വൈകുകയും റദ്ദാക്കുകയും ചെയ്തതോടെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധവുമായി യാത്രക്കാര്‍. ബെംഗളൂരു വിമാനത്താവളത്തില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ഇന്‍ഡിഗോ ജീവനക്കാരോട് തട്ടിക്കയറി. വിമാനത്താവളത്തില്‍ ഉത്തരവാദിത്തപ്പെട്ട ഇന്‍ഡിഗോ ജീവനക്കാരെ കാണാനില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. കേരളത്തിലെ വിമാനത്താവളങ്ങളിലും യാത്രക്കാരെ വലച്ചു. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളായി യാത്രക്കാര്‍ കാത്തിരിക്കുകയാണ്. വെള്ളിയാഴ്ച ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി. കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-അബുദാബി വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു. കണ്ണൂരില്‍ വ്യാഴാഴ്ചയും ഇന്‍ഡിഗോ വിമാനസര്‍വീസുകളില്‍ പ്രതിസന്ധി നേരിട്ടിരുന്നു. കണ്ണൂരില്‍നിന്ന് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് ഇന്‍ഡിഗോയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലും വെള്ളിയാഴ്ച ഇന്‍ഡിഗോ യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തേക്ക് വരുന്ന മൂന്ന് വിമാനങ്ങളും തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട മൂന്നുവിമാനങ്ങളും വൈകുന്നു. തിരുവനന്തപുരം-പൂനെ, തിരുവനന്തപുരം-ബെംഗളൂരു ഉള്‍പ്പെടെ നാല് ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. അതേസമയം, ഇന്‍ഡിഗോ സര്‍വീസുകള്‍ വൈകുന്നത് സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. കഴിഞ്ഞദിവസവും സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍നിന്നുള്ള ഒട്ടേറെ ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. പലതും മണിക്കൂറുകളോളം വൈകി. തിരുവനന്തപുരത്ത് 26 സര്‍വീസുകളും നെടുമ്പാശ്ശേരിയില്‍ 40 സര്‍വീസുകളും കോഴിക്കോട്ട് 20 സര്‍വീസുകളും കണ്ണൂരില്‍ 18 സര്‍വീസുകളുമാണ് കഴിഞ്ഞദിവസങ്ങളില്‍ താളംതെറ്റിയത്.

കഴിഞ്ഞ മൂന്നുദിവസമായി രാജ്യവ്യാപകമായി ഇന്‍ഡിഗോ സര്‍വീസുകളില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. മൂന്നുദിവസത്തിനിടെ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള 550-ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. നൂറിലേറെ വിമാനങ്ങള്‍ വൈകി. കുറച്ചുദിവസംകൂടി ഈ സ്ഥിതി തുടരാനാണ് സാധ്യത. ബുധനാഴ്ച ഇന്‍ഡിഗോയുടെ 19.7 ശതമാനം സര്‍വീസുകള്‍ മാത്രമാണ് കൃത്യസമയം പാലിച്ചത്. ചൊവ്വാഴ്ച ഇത് 35 ശതമാനവും തിങ്കളാഴ്ച 49.5 ശതമാനവുമായിരുന്നു. ദിവസവും ഏകദേശം 2300 വിമാനസര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്കുള്ളത്.

''രണ്ടും മൂന്നും വിമാനങ്ങള്‍ക്ക് ഒരേ ഗേറ്റാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഒരു വിമാനവും പുറപ്പെടുന്ന ലക്ഷണം കാണുന്നില്ല. വിമാനം എപ്പോള്‍ പുറപ്പെടുമെന്നത് സംബന്ധിച്ച് ഞങ്ങള്‍ക്കു യാതൊരു വിവരവുമില്ലെന്നാണ് ഇന്‍ഡിഗോ ജീവനക്കാര്‍ പറയുന്നത്. 8.05ന് ആയിരുന്നു തിരുവനന്തപുരത്തേക്കുള്ള എന്റെ വിമാനം പുറപ്പെടേണ്ടിയിരുന്നത്. 7.20 ആയിരുന്നു ബോര്‍ഡിങ് സമയം. ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. ചില ഗേറ്റുകളില്‍ മുദ്രാവാക്യം വിളിയാണ്. ചില ഗേറ്റുകള്‍ക്കു മുന്നില്‍ വഴക്കാണ്. എല്ലാ ഗേറ്റുകളിലും പ്രശ്‌നങ്ങളാണ്'' യാത്രക്കാരനായ ഒരാള്‍ പറയുന്നു.

അതേ സമയം, യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ രംഗത്തെത്തിയിരുന്നു. ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നുവെന്നും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്‍പ് യാത്രക്കാര്‍ ഇന്‍ഡിഗോയുടെ വെബ്സൈറ്റിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ എക്സ് പോസ്റ്റില്‍ കുറിച്ചു.

പ്രതിസന്ധി നേരിടാന്‍ കഴിയാത്തതില്‍ ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. വിമാനങ്ങള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേര്‍സ് ജീവനക്കാര്‍ക്ക് അയച്ച മെയില്‍ പുറത്തുവന്നിരുന്നു. സാങ്കേതികമായ പ്രശ്നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍, ഏവിയേഷന്‍ വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്തുവന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് വിമാനയാത്രകള്‍ റദ്ദാക്കാനുള്ള കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ പറന്നെത്തി....

ഇന്‍ഡിഗോയിലെ പല യാത്രക്കാരുടെയും അവസ്ഥ ഇതാണെന്ന് കരുതുന്നുവെന്ന കുറിപ്പോടെയാണ് തരുണ്‍ ശുക്ല തന്റെ എക്‌സ് കുറിപ്പ് ആരംഭിക്കുന്നത്. വിമാനം ഇറങ്ങുന്നവരുടെ ബാഗുകള്‍ അവരോടൊപ്പം വിമാനത്താവളങ്ങളില്‍ എത്തുന്നില്ലെന്നും അവ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം എക്‌സില്‍ എഴുതി. ഒപ്പം തനിക്ക് ലഭിച്ച വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് വലിയൊരു ബാഗില്ലാതെ ഒരാള്‍ക്ക് എങ്ങനെയാണ് ഇന്ത്യന്‍ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ പറ്റുകയെന്നും അദ്ദേഹം ചോദിക്കുന്നു. സഹായം അഭ്യര്‍ത്ഥിച്ചുള്ള സ്‌ക്രീന്‍ ഷോട്ടില്‍ ഒരു സുഹൃത്ത് തന്റെ ഭാര്യ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയെന്നും എന്നാല്‍ അവരുടെ ലഗേജിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും ഇന്‍ഡിഗോ ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാരിനെ പഴിച്ച് പ്രതിപക്ഷം

ഇന്‍ഡിഗോയുടെ പരാജയം കേന്ദ്ര സര്‍ക്കാരിന്റെ കുത്തക മാതൃകയുടെ ഫലമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. കാലതാമസം, റദ്ദാക്കല്‍, നിസ്സഹായത എന്നിവയ്ക്ക് വില നല്‍കുന്നത് സാധാരണ ഇന്ത്യക്കാരാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളില്‍ വ്യാപകമായി ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നതിനു പിന്നാലെയാണ് രാഹുലിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.

ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് തിരിച്ചടിയാകുന്നതെന്നാണ് സൂചന. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കുന്ന ചട്ടം നവംബര്‍ ഒന്നുമുതലാണ് നടപ്പായത്. ചട്ടം നടപ്പാക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്കുണ്ടായ വീഴ്ചകളിലേക്കാണ് പ്രതിസന്ധി വിരല്‍ചൂണ്ടുന്നതെന്ന് പൈലറ്റുമാരുടെ സംഘടനകള്‍ ആരോപിച്ചു.

ഫെബ്രുവരി പത്തോടെ സര്‍വീസ് പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്ന് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. സാങ്കേതികപ്രശ്നങ്ങള്‍, മോശം കാലാവസ്ഥ, പുതിയ ക്രൂ ഡ്യൂട്ടിടൈം ചട്ടം തുടങ്ങിയ കാരണങ്ങളാലാണ് സര്‍വീസുകള്‍ റദ്ദാകുന്നതെന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം. ബാധിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ബദല്‍ യാത്രാക്രമീകരണങ്ങളോ റീഫണ്ടോ നല്‍കുമെന്നും കമ്പനി അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News