ഡല്‍ഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ; തിരുവനന്തപുരത്തേക്ക് 48,000; ഇന്‍ഡിഗോ പ്രതിസന്ധി അവസരമാക്കി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍; യാത്രക്കാര്‍ ദുരിതത്തില്‍; റദ്ദാക്കിയത് എഴുനൂറോളം സര്‍വീസുകള്‍; പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകളുടെ പ്രതിസന്ധി അവസരമാക്കി മറ്റു വിമാന കമ്പനികള്‍. ടിക്കറ്റ് നിരക്കുകളില്‍ വന്‍വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇരട്ടിയിലധികം ചിലവാക്കിയാല്‍ മാത്രമെ ടിക്കറ്റ് ലഭിക്കു എന്ന സ്ഥിതിയാണ്. നാളെ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് വില 65000 ന് മുകളിലാണ്. മുംബൈ പൂനെ ബെംഗളൂരു സര്‍വീസുകളുടെ ടിക്കറ്റ് നിരക്കും വര്‍ദ്ധിച്ചു. ഡല്‍ഹി - കൊച്ചി വിമാന ടിക്കറ്റ് നിരക്ക് അര ലക്ഷത്തിന് അടുത്താണ്. നാളത്തെയും ഞായറാഴ്ചത്തെയും ടിക്കറ്റ് നിരക്കിലാണ് വര്‍ദ്ധനവ് കാണുന്നത്. ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇന്‍ഡിഗോ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സര്‍വീസുകളും റദ്ദാക്കി. ഛത്തീസ്ഗഡ്, ഗോവ, പറ്റ്‌ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്. ചെന്നൈയില്‍ നിന്ന് വൈകീട്ട് 6 വരെയുള്ള എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും റദ്ദാക്കി.
എയര്‍ ഇന്ത്യാ ടിക്കറ്റ് നിരക്ക് അറുപതിനായിരം തൊട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് അരലക്ഷത്തിന് അടുത്തു. ഡല്‍ഹി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് 45,000 രൂപയായി ഉയര്‍ത്തി. ഡല്‍ഹി- തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപയാക്കി ഉയര്‍ത്തി. ഇന്ന് ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളൊന്നും തന്നെ ഇല്ല. നാളെ (ശനിയാഴ്ച) രണ്ട് സര്‍വീസുകളുണ്ട്. എയര്‍ ഇന്ത്യയുടെ സര്‍വീസിന് 62,000 രൂപയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിരക്ക് 45,000 രൂപയാണ്. ഇന്ന് ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുണ്ട്. 48,000 രൂപയാണ് ടിക്കറ്റ് നിരക്ക്. സമാന രീതിയില്‍ തന്നെ മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയില്‍ അധികമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേ സമയം ഇന്ന് മാത്രം എഴുനൂറോളം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോ കാട്ടിയ അലംഭാവം ആണ് പ്രതിസന്ധി രൂക്ഷം ആക്കിയത്. ഫെബ്രുവരി പത്തോടെ മാത്രമേ സര്‍വീസ് പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് ഇന്‍ഡിഗോ പറയുന്നത്. ഡല്‍ഹിയില്‍ നിന്ന് ഇന്ന് മാത്രം 400-ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള 32 സര്‍വീസുകളും ബെംഗളൂരുവില്‍ നിന്നുള്ള 102 സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള 31 വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 20 വിമാനങ്ങളും ചെന്നൈയില്‍ എത്തേണ്ട 11 വിമാനങ്ങളും റദ്ദാക്കി. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് ഇന്‍ഡിഗോയ്ക്ക് തിരിച്ചടിയാകുന്നതെന്നാണ് സൂചന. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കുന്ന ചട്ടം നവംബര്‍ ഒന്നു മുതലാണ് നടപ്പായത്. ചട്ടം നടപ്പാക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്കുണ്ടായ വീഴ്ചകളിലേക്കാണ് പ്രതിസന്ധി വിരല്‍ചൂണ്ടുന്നതെന്ന് പൈലറ്റുമാരുടെ സംഘടനകള്‍ ആരോപിച്ചു.
ഇളവ് നല്‍കി ഡിജിസിഎ
ഇന്‍ഡിഗോയുടെ വിമാനസര്‍വീസുകള്‍ താളംതെറ്റിയതോടെ പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഇളവു വരുത്തി. പൈലറ്റുമാരുടെ അവധിയെ നിര്‍ബന്ധിത പ്രതിവാര വിശ്രമമായി കാണരുതെന്ന വ്യവസ്ഥ ഡിജിസിഎ നടപ്പാക്കിയിരുന്നു. ഈ വ്യവസ്ഥയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ഫലത്തില്‍ പൈലറ്റുമാര്‍ അവധിയെടുത്താല്‍ കമ്പനികള്‍ക്ക് ഇത് ഡിജിസിഎ നിശ്ചയിച്ചിരിക്കുന്ന നിര്‍ബന്ധിത പ്രതിവാര വിശ്രമത്തിന്റെ പരിധിയില്‍ കാണാം. നവംബര്‍ 1 മുതല്‍ നടപ്പാക്കിയ പൈലറ്റ് ഡ്യൂട്ടി ചട്ടമാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ക്ക് തിരിച്ചടിയായത്. ഈ ചട്ടത്തില്‍ ഇന്‍ഡിഗോ ഇളവ് ആവശ്യപ്പെട്ടിരുന്നു.
പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം ഉറപ്പാക്കാനായി ഡിജിസിഎ ഏര്‍പ്പെടുത്തിയ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) ക്രമീകരണത്തിന്റെ അവസാനഘട്ടം നടപ്പായത് നവംബര്‍ ഒന്നിനാണ്. ഇത് നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്കു വേണ്ട തയാറെടുപ്പിലാതെ പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമസമയം 36 മണിക്കൂറായിരുന്നത് 48 മണിക്കൂറായി വര്‍ധിപ്പിച്ചു. ഒപ്പം രാത്രി ലാന്‍ഡിങ് 6 എണ്ണമായിരുന്നത് രണ്ടായി കുറയ്ക്കുകയും ചെയ്തു. പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ഇത് കാര്യമായി ബാധിച്ചു. ഡിജിസിഎ ചട്ടത്തെ ഇന്‍ഡിഗോയടക്കമുള്ള കമ്പനികള്‍ തുടക്കം മുതലേ എതിര്‍ത്തിരുന്നു. കൂടുതല്‍ പൈലറ്റുമാരെ വേണ്ടിവരുമെന്നതായിരുന്നു എതിര്‍പ്പിന്റെ കാരണം. ചട്ടത്തിന്റെ ആദ്യഘട്ടം ജൂലൈയില്‍ നടപ്പായി. അന്നു തന്നെ നടപ്പാകേണ്ടിയിരുന്ന വ്യവസ്ഥകള്‍ നവംബര്‍ വരെ നീണ്ടതും ഈ എതിര്‍പ്പ് മൂലമാണ്. ഡല്‍ഹി ഹൈക്കോടതിയില്‍ വരെ കേസ് എത്തിയെങ്കിലും ചട്ടം നടപ്പാക്കാന്‍ ഉത്തരവിടുകയായിരുന്നു.
സര്‍വീസുകളുടെ ബാഹുല്യം, കൂടുതല്‍ രാത്രി സര്‍വീസുകള്‍, പൈലറ്റുമാരുടെ ദൗര്‍ലഭ്യം എന്നിവയാണ് ഇന്‍ഡിഗോയെ പ്രശ്‌നം കൂടുതലായി ബാധിക്കാന്‍ കാരണം. ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായതിനാല്‍ (ലോ കോസ്റ്റ് എയര്‍ലൈന്‍) നിലവിലുള്ള പൈലറ്റുമാരെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു പ്രവര്‍ത്തനം. പുതിയ ചട്ടം ഇതിനു തടസ്സമായി. ഏകദേശം 2,300 സര്‍വീസ് പ്രതിദിനം നടത്തുന്ന കമ്പനി ചെറിയൊരു ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറിച്ചാല്‍ പോലും അതിന്റെ ആഘാതം വ്യോമയാന രംഗത്ത് വലുതാണ്.
2024 ജനുവരിയില്‍ ഡിജിസിഎ പുറത്തിറക്കിയ ചട്ടം നടപ്പാക്കാന്‍ രണ്ടു വര്‍ഷത്തോളം സമയം ലഭിച്ചിട്ടും കമ്പനികളുടെ ഭാഗത്തു നിന്ന് ആസൂത്രണത്തില്‍ പിഴവുണ്ടായതായി എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎല്‍പിഎ) ആരോപിച്ചു. ചട്ടത്തില്‍ ഇളവ് വരുത്തുന്നതിനായി ഡിജിസിഎയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിട്ട് കമ്പനികളുടെ തന്ത്രമാണിതെന്നും പലരും ആരോപണമുന്നയിച്ചിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടി വ്യവസ്ഥ, നൈറ്റ് ലാന്‍ഡിങ് നിയന്ത്രണം എന്നിവയിലും ഇന്‍ഡിഗോയ്ക്ക് ഡിജിസി ഒറ്റത്തവണ ഇളവ് നല്‍കി. പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തുന്നതോടെ ഈ നിയന്ത്രണങ്ങള്‍ തിരികെ വരും.
