'സ്മൃതി മന്ദാനയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുന്നു; വ്യാജവും നിന്ദ്യവുമായ ഉള്ളടക്കങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ കാലഘട്ടം'; ജീവിതത്തില്‍ പുതിയ വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചുവെന്ന് പലാഷ് മുച്ഛല്‍

Update: 2025-12-07 09:32 GMT

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹം മുടങ്ങിയതിന് പിന്നാലെ ബന്ധത്തില്‍നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി സംഗീത സംവിധായകന്‍ പലാഷ് മുച്ഛല്‍. ജീവിതത്തില്‍ പുതിയ വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചുവെന്നും തന്നെക്കുറിച്ച് വ്യാജവും നിന്ദ്യവുമായ ഉള്ളടക്കങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തന്റെ ടീം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പലാഷ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

വിവാഹത്തിന്റെ കാര്യത്തില്‍ മൗനം വെടിഞ്ഞ് സ്മൃതി മന്ദാന നേരത്തെ രംഗത്ത് വന്നിരുന്നു. വിവാഹം റദ്ദാക്കിയതായി മന്ദാന ആദ്യമായി സ്ഥിരീകരിച്ചു. ഈ അധ്യായം ഇവിടെ അവസാനിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും മന്ദാന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. രാജ്യത്തിന് വേണ്ടി തുടര്‍ന്നും കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ മന്ദാന വ്യക്തമാക്കി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി, മുന്നോട്ട് പോകാന്‍ സമയമായി. താരം കുറിച്ചിട്ടു. ഇതിന് പിന്നാലെയാണ് പലാഷിന്റെ പ്രതികരണം.

'ഞാന്‍ ജീവിതത്തില്‍ മുന്നോട്ടുപോകാനും നിലവിലെ ബന്ധത്തില്‍നിന്ന് പിന്മാറാനും തീരുമാനിച്ചിരിക്കുന്നു. താന്‍ ഏറ്റവും വിശുദ്ധമായി കാണുന്ന ചിലതിനെ കുറിച്ചുള്ള അടിസ്ഥാനരഹിതമായ കിംവദന്തികളില്‍ ആളുകള്‍ വളരെ എളുപ്പത്തില്‍ പ്രതികരിക്കുന്നത് കാണുന്നത് വേദനാജനകമായ കാര്യമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ കാലഘട്ടമാണിത്. എന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ഞാന്‍ ഇതിനെയെല്ലാം നേരിടും.

കിംവദന്തികളുടെ അടിസ്ഥാനത്തില്‍ ആരേയും കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് സമൂഹം എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. നമ്മുടെ വാക്കുകള്‍ക്ക് നാം ഒരിക്കലും മനസിലാക്കാത്ത രീതിയില്‍ മുറിവേല്‍പ്പിക്കാന്‍ കഴിയും. വ്യാജവും അപകീര്‍ത്തികരവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ എന്റെ ടീം കര്‍ശന നിയമ നടപടി സ്വീകരിക്കും. ഈ ദുഷ്‌കരമായ സമയത്ത് എന്നെ സ്നേഹത്തോടെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി.'-പലാഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

നവംബര്‍ 23-നായിരുന്നു ഇരുവരുടേയും വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛന്‍ ആശുപത്രിയില്‍ ആയതിനാല്‍ സ്മൃതിയുടെ വിവാഹം മാറ്റിവെയ്ക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരുടേയും ബന്ധത്തില്‍ വിള്ളലുകള്‍ വീണുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പലാഷ് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍നിന്ന് അവര്‍ നീക്കുകയും ചെയ്തിരുന്നു.

തമ്മിലുള്ള വിവാഹം നീട്ടിവെച്ചതിന് ശേഷമുള്ള സ്മൃതിയുടെ ആദ്യ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. പുതിയ ഫോട്ടോയില്‍ താരത്തിന്റെ കൈയ്യില്‍ വിവാഹ നിശ്ചയ മോതിരം കാണാനില്ലെന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. എന്നാല്‍, വിവാഹം നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണമൊന്നും സ്മൃതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇത്തരം ഊഹാപോഹങ്ങള്‍ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.

മുച്ചാലുമായി മന്ദാനയുടെ വിവാഹം ഈ വര്‍ഷം ഡിസംബറില്‍ നടക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം 23ന് നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ പിതാവിന്റെ അരോഗ്യസ്ഥിതി പെട്ടെന്ന് മോശമായതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പിന്നാലെ പലാഷ് മുച്ചലിന്റെ വഴിവിട്ട ബന്ധങ്ങളാണ് വവാഹം മാറ്റിവെക്കാന്‍ കാരണമായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വന്നു. എന്നാല്‍ ഇതിനോടൊന്നും ഇരു കുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിരുന്നില്ല.

വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതിയും ഇന്ത്യന്‍ ടീമിലെ സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഇതിനിടെയാണ് സ്മൃതിയുടെ വിവാഹം ഡിസംബര്‍ ഏഴിന് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും നിലവിലെ സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ചിരിക്കുകയാണെന്നും സ്മൃതിയുടെ സഹോദരന്‍ ശ്രാവണ്‍ മന്ദാന ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

Similar News