'നീ കളിച്ച കളിയാണല്ലേ, എന്തിനാ കുടുക്കിയത്?; എട്ട് വര്‍ഷം കളഞ്ഞില്ലെ അയാളുടെ; മട്ടാഞ്ചേരിയുടെ പുതിയ തള്ളച്ചി നീയാണ് എന്ന് അറിയാന്‍ വൈകി'; ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് പിന്നാലെ മഞ്ജു വാര്യര്‍ക്ക് എതിരെ സൈബറാക്രമണവുമായി ദിലീപ് അനുകൂലികള്‍

Update: 2025-12-08 11:45 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള വിധി വന്നതിന് പിന്നാലെ നടിയും കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയുമായ മഞ്ജു വാര്യര്‍ക്കെതിരെ സൈബര്‍ അധിക്ഷേപവുമായി ഒരു വിഭാഗം. ദിലീപിനെ കേസില്‍ കുടുക്കിയതിന് പിന്നില്‍ മഞ്ജുവാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങളും അധിക്ഷേപങ്ങളും ആണ് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ക്ക് താഴെ ദിലീപ് അനുകൂലികള്‍ പങ്ക് വെക്കുന്നത്. നീ കളിച്ച കളിയാണല്ലേ, എന്തിനാ കുടുക്കിയത്?, എട്ട് വര്‍ഷം കളഞ്ഞില്ലെ അയാളുടെ, മട്ടാഞ്ചേരിയുടെ പുതിയ തള്ളച്ചി നീയാണ് എന്ന് അറിയാന്‍ വൈകി, വനവാസം കഴിഞ്ഞു, ഇനി പട്ടാഭിഷേകം.... എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

മഞ്ജു വാര്യര്‍ ഡിസംബര്‍ ആറിന് പങ്കുവച്ച ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിന്റെ പോസ്റ്ററിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍.

'ഇനിയാണ് എന്റെ ഷോ ലെ ഞങ്ങളുടെ ദിലീപേട്ടന്‍'. ദിലീപ് ഏട്ടന്‍ പരമ ശിവം നീതിപീഠം കണ്ടത്തി സത്യം... ദിലീപിന്റെ ആദ്യ മൊഴി താങ്കള്‍ക്കെതിരാണ് ? ദിലീപ് കുറ്റക്കാരനല്ലന്ന് കോടതി : എന്തിനാണ് ഒരു നിരപരാധിയെ കുടുക്കിയത് ? സതൃം ജയിച്ചു... ദിലീപ് നിരപരാധി, ജനപ്രിയ നായകന്‍.. തിരിച്ചു വന്നു.... എന്നിങ്ങനെയാണ് കമന്റുകള്‍. പണി കിട്ടും.... സൂക്ഷിച്ചോ എന്ന ഭീഷണി സന്ദേശവും ഇതിനൊപ്പമുണ്ട്. ദിലീപിന്റെയും കാവ്യ മാധവന്റെയും ചിത്രങ്ങള്‍ പങ്കുവച്ചും ദിലീപ് ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്.

നേരത്തെ കേസില്‍ വിധി വന്നതിന് പിന്നാലെ മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ് രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഒത്തുചേര്‍ന്ന സിനിമ കൂട്ടായ്മയില്‍ തന്റെ മുന്‍ ഭാര്യ മഞ്ജു ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് പറഞ്ഞിടത്ത് നിന്നാണ് തനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത് എന്നാണ് ദിലീപ് പറഞ്ഞത്.

അതിന് അന്നത്തെ ഉയര്‍ന്ന ഒരു മേലുദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്നാണ് ഈ കേസ് ഉണ്ടാക്കിയെടുത്തത് എന്നും യഥാര്‍ത്ഥത്തില്‍ ഇത് തനിക്കെതിരായ ഗൂഢാലോചനയായിരുന്നു എന്നുമായിരുന്നു ദിലീപിന്റെ പ്രതികരണം. കോടതിയില്‍ ഈ പൊലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകര്‍ന്നെന്നും സമൂഹത്തില്‍ തന്റെ കരിയര്‍, ഇമേജ്, ജീവിതം നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണിത് എന്നും ദിലീപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജുവിനെതിരെ സൈബര്‍ ആക്രമണവും തുടങ്ങിയത്.

മധുബാലയും ഇന്ദ്രന്‍സും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്ക് വെച്ചുള്ള മഞ്ജുവിന്റെ പോസ്റ്റിന് താഴെയാണ് വിദ്വേഷ പരാമര്‍ശങ്ങളും തെറിപ്രയോഗങ്ങളുമായി ദിലീപ് അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്. ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള പോസ്റ്റര്‍ പങ്ക് വെച്ചാണ് ചിലരുടെ പ്രതികരണം. ദിലീപും കാവ്യ മാധവനും ഒന്നിച്ചുള്ള ചിത്രങ്ങളും ദിലീപിനെ കുറ്റവിമുക്തനാക്കി എന്നുള്ള ടിവി ചാനല്‍ സ്‌ക്രീന്‍ഷോട്ടുകളും പങ്ക് വെക്കുന്നതോടൊപ്പം ചിലരെല്ലാം ദിലീപിനെ കമന്റ് ബോക്സില്‍ മെന്‍ഷന്‍ ചെയ്യുന്നുമുണ്ട്.

മഞ്ജുവിന്റെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെയും ദിലീപ് അനുകൂലികള്‍ വിദ്വേഷ കമന്റുകള്‍ കൊണ്ട് നിറയ്ക്കുകയാണ്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കൂടാതെ ഏഴാം പ്രതി ചാര്‍ളി തോമസ്, ഒന്‍പതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണ് എന്നും കോടതി വിധിച്ചു.

ഒന്നാം പ്രതി സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരാണ് എന്നാണ് കോടതി വിധിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ ഈ മാസം 12 ന് പ്രഖ്യാപിക്കും.

Tags:    

Similar News