കോവിഡിനെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ ഫ്‌ലൂ പടര്‍ന്ന് പിടിച്ച് ബ്രിട്ടന്‍.. സ്‌കൂളുകള്‍ പലതും അടച്ചു.. മാസ്‌ക് ധരിച്ച് അനേകര്‍; ബ്രാം കൊടുങ്കാറ്റ്.. വിമാന സര്‍വീസുകള്‍ വരെ റദ്ദാക്കി; മഴയും കാറ്റും പനിയും ആശങ്കകളും യുകെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു

Update: 2025-12-09 04:02 GMT

ലണ്ടന്‍: ഒരേ സമയം നിരവധി കുട്ടികള്‍ ഫ്‌ലൂ ബാധിച്ച് കിടപ്പിലാകുന്ന സാഹചര്യം വന്നതോടെ സ്‌കൂളുകള്‍ അടച്ചു പൂട്ടലിലേക്ക് നീങ്ങുകയാണ്. കോവിഡ് കാലത്തേക്ക് മടങ്ങിപ്പോകുന്ന സാഹചര്യമാണിപ്പോള്‍ എന്ന് സ്‌കൂള്‍ ജീവനക്കാരും പറയുന്നു. വര്‍ദ്ധിച്ചു വരുന്ന ഫ്‌ലൂ വ്യാപനം അത്യന്തം ഭീതിജനകമാണെന്ന് യു കെയിലെ ഹെഡ് ടീച്ചര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പല സ്‌കൂളുകളിലും, രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കുകയാണ്.

ഒരുതരം സൂപ്പര്‍ ഫ്‌ലൂ ആണ് വ്യാപകമാകുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ലണ്ടനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനങ്ങളോട്, പഴയ കോവിഡ് കാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഫേസ് മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടയില്‍ ഒരു ആഡംബര കപ്പലിലെ നൂറോളം യാത്രക്കാര്‍ക്ക് നോറോ വൈറസ് ബാധയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

റോയല്‍ സ്റ്റോക്ക് ആശുപത്രിയിലും സ്റ്റഫോര്‍ഡ് കൗണ്ടി ആശുപത്രിയിലും തിരക്കേറീയ്‌തോടെ അവിടെ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍ എച്ച് എസ് ട്രസ്റ്റ് പ്രഖ്യാപിച്ചു. ജീവാപായമുണ്ടാകുന്ന തരത്തിലുള്ള ഗുരുതരമായ സാഹചര്യങ്ങള്‍ ഉള്ളവര്‍ മാത്രമെ എ ആന്‍ഡ് ഇ വിഭാഗം ഉപയോഗിക്കാവൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. സമാനമായ രീതിയില്‍ എന്‍ എച്ച് എസ് ഐര്‍ഷയര്‍ ആന്‍ഡ് ആറന്‍ രോഗികളുടെ സാധാരണ സന്ദര്‍ശനങ്ങള്‍ നിര്‍ത്തിവെച്ചു. അവരുടെ കീഴിലുള്ള ഒരു ആശുപത്രികളിലും സാധാരണ സന്ദര്‍ശനം അനുവദിക്കുന്നില്ല.

മുന്‍പെങ്ങും ദൃശ്യമാകാത്ത വിധം വലിയൊരു ഫ്‌ലൂ തരംഗം ലണ്ടനെ ഗ്രസിച്ചിരിക്കുകയാണെന്ന് എന്‍ എച്ച് എസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.ഇതിനോടകം തന്നെ രോഗം ബാധിച്ചവരുടെ എണ്ണം റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നിട്ടും രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യം ഇനിയും എത്തിയിട്ടില്ല എന്നും അവര്‍ പറയുന്നു. അതായത്, കാത്തിരിക്കുന്നത് അതീവ ഭീതിദമായ ഒരു സാഹചര്യമാണെന്നര്‍ത്ഥം.

ഫ്‌ലൂ ബാധ അതീവ ഗുരുതരമായി ബാധിച്ച സ്‌കൂളുകളില്‍ ഒന്ന് തെക്കന്‍ വെയ്സ്ലിലെ കേര്‍ഫില്ലിയിലുള്ള സെയിന്റ് മാര്‍ട്ടിന്‍സ് സ്‌കൂള്‍ ആണ്. ഇവിടത്തെ വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പടെ 250 പേരോളം രോഗബാധിതരായതോടെ സ്‌കൂള്‍ താത്ക്കാലികമായി അടച്ചു പൂട്ടിയിരിക്കുകയാണ്. സ്‌കൂള്‍ അടപടലം വൃത്തിയാക്കുന്ന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഛര്‍ദ്ദി, വയറിളക്കം, ശരീരോഷ്മാവ് ഉയരുക, ചുമ, തലവേദ, തളര്‍ച്ച എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. രോഗം ബാധിച്ചാല്‍ അതില്‍ നിന്നും മുക്തി നേടാന്‍ ശരാശരി ഏഴ് ദിവസമെടുക്കും.

ബ്രാം കൊടുങ്കാറ്റ്..വിമാന സര്‍വീസുകള്‍ വരെ റദ്ദാക്കി

ബ്രാം കൊടുങ്കാറ്റിനെ തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള പല വിമാന സര്‍വീസുകളും റദ്ദാക്കി. ഇന്നലെ രാത്രി മുതല്‍ ബ്രാം കൊടുങ്കാറ്റ് അനുഭവവേദ്യമാകുമന്നായിരുന്നു കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. അറ്റ്‌ലാന്റിക്കില്‍ ഉദ്ഭവിച്ച ഈ ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങി ഇന്ന് പലയിടങ്ങളിലും വ്യാപകമായ മഴയ്ക്ക് വഴിയൊരുക്കും. ഇന്ന് രാവിലെ മുതല്‍ കാറ്റിന്റെ വേഗത വര്‍ദ്ധിച്ച് മണിക്കൂറില്‍ 50 മൈല്‍ വേഗത വരെ കൈവരിക്കും. ഉച്ചയോടെ ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കും.

ഇന്ന്, ബ്രിട്ടീഷ് സമയം രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മെറ്റ് ഓഫീസ് ഒരു മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപകായി തന്നെ മണിക്കൂറില്‍ 50 മുതല്‍ 60 മൈല്‍ വേഗതയില്‍ വരെയുള്ള കാറ്റ് ആഞ്ഞടിക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കാറ്റ് മണിക്കൂറില്‍ 70 മൈല്‍ വരെ വേഗത കൈവരിക്കാനും സാധ്യതയുണ്ട്. പ്രതീക്ഷിച്ചതിലും കൂടുതല്‍ അയര്‍ലന്‍ഡിനോട് സമീപത്തുകൂടിയാണ് ഈ ന്യൂനമര്‍ദ്ദം കടന്നു പോകുന്നതെങ്കില്‍ കാറ്റിന് കൂടുതല്‍ വേഗത കൈവരിക്കാനും ഇടയുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഗതാഗത തടസ്സവും, തീരപ്രദേശങ്ങളില്‍ ഉയരത്തിലുള്ള തിരമാലകളും, വീടിന്റെ മേല്‍ക്കൂരകളും മറ്റു കാറ്റില്‍ പറന്നുയര്‍ന്ന് വീഴുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളും വൈദ്യുതി വിതരണ തടസ്സവുമെല്ലാം ഉണ്ടായേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Similar News