നിങ്ങള്‍ യുദ്ധം നിര്‍ത്തുന്നില്ലെങ്കില്‍ വ്യാപാര ഡീലിനില്ലെന്ന് ഞാന്‍ പറഞ്ഞു; തൊട്ടടുത്ത ദിവസം അവര്‍ യുദ്ധം നിര്‍ത്തി; ട്രംപ് പറഞ്ഞത് അതുപോലെ വിഴുങ്ങിയ പാക്കിസ്ഥാന് തിരുവ 19 ശതമാനം; യു എസ് പ്രസിഡന്റിനെ തള്ളിപ്പറഞ്ഞ ഇന്ത്യക്ക് അമ്പതും; അധിക തിരുവയ്ക്ക് കാരണം റഷ്യന്‍ എണ്ണയല്ല; വൈറ്റ് ഹൗസിനേറ്റ 'നാണക്കേടെന്ന്' രഘുറാം രാജന്‍

Update: 2025-12-10 07:47 GMT

സൂറിച്ച്: ഇന്ത്യക്കുമേല്‍ അമേരിക്ക അധിക തിരുവ ഏര്‍പ്പെടുത്തിയതിന് പിന്നില്‍ റഷ്യന്‍ എണ്ണ കാരണമായിരുന്നില്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ദനുമായ രഘുറാം രാജന്‍. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50% താരിഫിന് റഷ്യന്‍ എണ്ണ ഇറക്കുമതി കാരണമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനുമായുള്ള സൈനിക വെടിനിര്‍ത്തലിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങളും കേന്ദ്ര സര്‍ക്കാര്‍ അത് കൈകാര്യം ചെയ്ത രീതിയുമാണ് ഇതിന് കാരണമായി രഘുറാം രാജന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പകരംതീരുവ വിഷയത്തില്‍ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍, സ്വന്തം നിലപാട് മയപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാന് 19% പകരംതീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയത് 50 ശതമാനമാണ്. ഇത് മോദിയുടെ മുഖത്തിനു കിട്ടിയ അടിയാണെന്നും എവിടെ കൊട്ടിഘോഷിച്ച മോദി-ട്രംപ് ഫ്രണ്ട്ഷിപ്പെന്നും ഡോ. രാജന്‍ നേരത്തേ ചോദിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം യുബിഎസ് സെന്റര്‍ ഫോര്‍ ഇക്കണോമിക് ഡയലോഗില്‍ ഡോ. രാജന്‍ തന്റെ നിലപാട് മയപ്പെടുത്തി. ട്രംപ് ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയതിന് പിന്നിലെ യഥാര്‍ഥകാരണം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതല്ലെന്നും മറിച്ച് വ്യക്തികള്‍ തമ്മിലെ വിഷയമാണെന്നും ഡോ. രാജന്‍ പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചതെന്ന് താനാണെന്ന് ട്രംപ് ഡസന്‍കണക്കിന് തവണ അവകാശപ്പെട്ടിരുന്നു.

ട്രംപ് പറഞ്ഞതിങ്ങനെ: ''7 വിമാനങ്ങള്‍ വെടിവച്ചിട്ടു. 8-ാമത്തേതിന് നല്ല കേടുപറ്റി. ഫലത്തില്‍ 8 വിമാനങ്ങള്‍ തകര്‍ന്നു. ഇതൊരു യുദ്ധമാണ്. നിങ്ങള്‍ യുദ്ധം നിര്‍ത്തുന്നില്ലെങ്കില്‍ നിങ്ങളുമായി വ്യാപാര ഡീലിനില്ലെന്ന് ഞാന്‍ അവരോട് (ഇന്ത്യയോടും പാക്കിസ്ഥാനോടും) പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു ഇതും വ്യാപാരവുമായി ബന്ധമില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, അല്ല, ബന്ധമുണ്ട്. നിങ്ങള്‍ ആണവശക്തികളാണ്. നിങ്ങളുമായി വ്യാപാരത്തിന് ഞങ്ങളില്ല. തൊട്ടടുത്ത ദിവസം അവര്‍ എന്നെ വിച്ചു പറഞ്ഞു - നിര്‍ത്തി, യുദ്ധം നിര്‍ത്തി''.

ട്രംപിനെ വാദത്തെ പരസ്യമായി പിന്തുണച്ച പാക്കിസ്ഥാന്‍, സംഘര്‍ഷം അവസാനിപ്പിച്ചതിന് ട്രംപിന് നന്ദി പറഞ്ഞത് ഓര്‍ക്കണമെന്ന് ഡോ. രാജന്‍ പറഞ്ഞു. എന്നാല്‍, ഇന്ത്യ വിപരീത നിലപാട് സ്വീകരിച്ചത് ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നു. ട്രംപ് കാരണമല്ല സംഘര്‍ഷം അവസാനിപ്പിച്ചതെന്നും പാക്കിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് നേരിട്ട് വിളിച്ച് അഭ്യര്‍ഥിച്ചതു പ്രകാരമാണ് ഇന്ത്യ വെടിനിര്‍ത്തലിലേക്ക് കടന്നെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. സൂറിച്ച് സര്‍വകലാശാലയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് രഘുറാം രാജന്റെ അവകാശവാദങ്ങള്‍. ട്രംപിന്റെ വാദം അംഗീകരിച്ച് പാക്കിസ്ഥാന്‍ 'ഒപ്പം നിന്നതുകൊണ്ട്' അവര്‍ക്ക് താരിഫ് കുറച്ചെന്നും അദ്ദേഹം പറഞ്ഞു.

'റഷ്യന്‍ എണ്ണ പ്രശ്നമായിരുന്നില്ല. വൈറ്റ് ഹൗസിലെ ഒരു വ്യക്തിത്വമായിരുന്നു പ്രധാന പ്രശ്നമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിന് ട്രംപ് ക്രെഡിറ്റ് നേടിയതിന് ശേഷം ഇന്ത്യ നടത്തിയ ചില പരാമര്‍ശങ്ങള്‍ കാരണമായി. പാക്കിസ്ഥാന്‍ ഇത് ശരിയായി ഉപയോഗിച്ചു. ട്രംപ് കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്ന് അവര്‍ പറഞ്ഞു.' രഘുറാം രാജന്‍ പറഞ്ഞു. ട്രംപിന്റെ സാന്നിധ്യമില്ലാതെ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു കരാറിലെത്തിയിരുന്നതായി ഇന്ത്യ വാദിക്കാന്‍ ശ്രമിച്ചു. ഒരുപക്ഷേ സത്യം ഇതിനിടയിലായിരിക്കാം. എന്നാല്‍, ഇന്ത്യക്ക് 50 ശതമാനം താരിഫും പാക്കിസ്ഥാന് 19 ശതമാനവും ലഭിച്ചുവെന്നതാണ് ഫലമെന്നും രഘുറാം രാജന്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് കാരണം താനാണെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. തന്റെ ഇടപെടലാണ് യുദ്ധം അവസാനിപ്പിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പാക്കിസ്ഥാന്‍ ഇത് അംഗീകരിച്ചിണ്ടെങ്കിലും ഇന്ത്യ ഈ അവകാശവാദത്തെ പലപ്പോഴായി തള്ളിയിരുന്നു. പാക്കിസ്ഥാന്‍ സൈനിക ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ഇന്ത്യന്‍ പ്രതിനിധിയെ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സമീപിച്ചതിനെത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതെന്നായിരുന്നു ഇന്ത്യയുടെ വാദം. ഇതിന് പിന്നാലെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. യുക്രൈനുമായി യുദ്ധത്തിലേര്‍പ്പെട്ട റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇന്ത്യക്കുമേല്‍ അധിക ചുങ്കം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, അധിക ചുങ്കം ഏര്‍പ്പെടുത്തിയതിന്റെ യഥാര്‍ത്ഥ കാരണം റഷ്യന്‍ എണ്ണയല്ലെന്നാണ് രഘുറാം രാജന്‍ പറയുന്നത്.

Tags:    

Similar News