'നന്ദി തിരുവനന്തപുരം!' തലസ്ഥാനത്തെ ബിജെപി വിജയത്തില്‍ ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ജയത്തിനായി പ്രവര്‍ത്തിച്ച ഓരോ ബിജെപി പ്രവര്‍ത്തകനും നന്ദി അറിയിച്ച് എക്‌സ് പോസ്റ്റ്; ജനവിധി കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ്; നല്ലഭരണം കാഴ്ചവെക്കുന്നതിനുളള ഒരേയൊരു വഴിയായി എന്‍ഡിഎയെ കാണുന്നു; ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ 'ജീവിത സൗകര്യം' വര്‍ദ്ധിപ്പിക്കുന്നതിനുമായി ബിജെപി പ്രവര്‍ത്തിക്കുമെന്നും എക്‌സ് പോസ്റ്റില്‍
ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ മുന്നേറ്റത്തില്‍ ആഹ്ലാദം പങ്കുവച്ചും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചും വോട്ടര്‍മാരോട് നന്ദി പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎയ്ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷമാണെന്ന് പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റില്‍ കുറിയ്ക്കുന്നു.
കേരളം എല്‍ഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് പൊറുതിമുട്ടിയെന്നും മോദി കുറിച്ചു. നല്ല ഭരണം കാഴ്ചവെക്കുന്നതിനും വികസിത കേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയാണ് അവര്‍ എന്‍ഡിഎയെ കാണുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎയ്ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷമാണ്.
സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്.
ഈ ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കായി ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ 'ജീവിതം എളുപ്പമാക്കുക' വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും മോദി എക്‌സ് പോസ്റ്റില്‍ കുറിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ചിരുന്നു. രണ്ട് മുന്‍സിപ്പാലിറ്റികളിലും 26 ഗ്രാമപ്പഞ്ചായത്തുകളിലും എന്‍ഡിഎ ഭരണം ഉറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം നേടി ചരിത്രത്തിലാദ്യമായാണ് എന്‍ഡിഎ കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കുന്നത്.
പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്
നന്ദി തിരുവനന്തപുരം!
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി.-എന്‍.ഡി.എ.ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണ്. സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് മാത്രമേ പൂര്‍ത്തീകരിക്കാന്‍ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കും, ജനങ്ങള്‍ക്ക് 'ഈസ് ഓഫ് ലിവിംഗ്' (ജീവിത സൗകര്യം) വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തിക്കും.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി, എന്‍ഡിഎ. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങളോട് ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. യുഡിഎഫിനെയും എല്‍ഡിഎഫിനെയും കേരളത്തിന് മടുത്തു. നല്ല ഭരണം ഉറപ്പാക്കാനും, എല്ലാവര്‍ക്കും അവസരങ്ങളുള്ള ഒരു വികസിതകേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഏക ഓപ്ഷന്‍ എന്‍ഡിഎ മാത്രമാണെന്ന് അവര്‍ കാണുന്നു
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നീണ്ട 40 വര്‍ഷത്തെ ഇടതു ഭരണത്തിന് തിരശീലയിട്ടാണ് ബിജെപി ഭരണം പിടിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലം ഇടതുപക്ഷം ചെങ്കോട്ടയായി കാത്ത തിരുവനന്തപുരത്ത് ഇക്കുറി കനത്ത തേരോട്ടമാണ് ബിജെപി നടത്തിയിരിക്കുന്നത്. എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഏറെ പിന്നിലാക്കി അമ്പത് സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എന്‍ഡിഎ മുന്നിലുണ്ട്.
ചരിത്രം കുറിച്ച ജയം
2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ തിരുവനന്തപുരത്ത് ബിജെപിക്ക് കയ്യിലുണ്ടായിരുന്നത് വെറും ഏഴ് സീറ്റുകള്‍ മാത്രം. അവിടെ നിന്ന് 35ലേക്ക് ഉയര്‍ത്തിയപ്പോള്‍ തലസ്ഥാനത്തെ സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ ഞെട്ടി. കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം നഗരസഭ ഭരിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം 2020ല്‍ വീണ്ടുമൊരു തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിക്ക് വീണ്ടും ലഭിച്ചത് 35 സീറ്റുകള്‍ മാത്രം.
തലസ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വിമാനമിറങ്ങുമ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വീകരിക്കാന്‍ ഒരു ബിജെപി മേയര്‍ എത്തുന്നത് കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപിയുടെ സ്വപ്നമാണ്. 7 സീറ്റില്‍ നിന്ന് പത്ത് വര്‍ഷം കൊണ്ട് ഒറ്റയ്ക്ക് കേരളത്തിന്റെ തലസ്ഥാന നഗരം ഭരിക്കാനുള്ള ശക്തിയായി മാറിയതിന് പിന്നില്‍ ചിട്ടയായ പ്രവര്‍ത്തനത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും കൂടി കഥയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്നത് അടക്കം പ്രചാരണത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞാണ് ബിജെപി വോട്ട് തേടിയത്.
വിഴിഞ്ഞം തുറമുഖം, അനുബന്ധ വികസനം, തിരുവനന്തപുരം മെട്രോ റെയില്‍ എന്നിങ്ങനെ നഗരവാസികളുടെ പള്‍സ് മനസ്സിലാക്കിയുള്ള പ്രചാരണമാണ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി നടത്തിയത്. രാഷ്ട്രീയപ്പോരിനും വിവാദങ്ങള്‍ക്കും പഞ്ഞമില്ലാത്ത കേരളത്തില്‍ തലസ്ഥാനത്തെ വോട്ടര്‍മാരുടെ മുന്നില്‍ ബിജെപി അവതരിപ്പിച്ചത് വികസനരേഖയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ വാഗ്ദാനങ്ങളെ തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്ന് വേണം ഫലത്തില്‍ നിന്ന് മനസ്സിലാക്കാന്‍.
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുള്ള കാര്യങ്ങളില്‍ കര്‍ശനമായ നിലപാടാണ് ബിജെപി സ്വീകരിച്ചത്. ആര്‍എസ്എസ് കൂടി ഇടപെട്ടാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ക്ക് ഉള്‍പ്പെടെ സീറ്റ് നല്‍കിയത് പ്രവര്‍ത്തന മികവ് മാത്രം മാനദണ്ഡമാക്കിയാണ്. ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ എത്തിക്കുമെന്നും വികസന പദ്ധതികള്‍ക്ക് കൂടുതല്‍ വേഗം കൈവരിക്കുമെന്ന പ്രചാരണ തന്ത്രമാണ് ആദ്യം മുതല്‍ സ്വീകരിച്ച് വിജയിപ്പിച്ചതും.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ മാത്രം കുറവ്. വിഴിഞ്ഞത്തെ സ്വതന്ത്രസ്ഥാനാര്‍ഥിയുടെ മരണത്തേത്തുടര്‍ന്ന് കോര്‍പ്പറേഷനില്‍ 100 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 50 ഇടത്ത് ബിജെപി വിജയമുറപ്പിച്ചു. 29 സീറ്റുമായി എല്‍ഡിഎഫ് രണ്ടാമതും 19 സീറ്റുമായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി മൂന്നാമതുമുണ്ട്. വിജയിച്ച രണ്ടുപേര്‍ സ്വതന്ത്രരാണ്.
തിരുവനന്തപുരത്തിന് പുറമെ ചരിത്രത്തില്‍ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭയിലും എന്‍ഡിഎ ഭരണം പിടിച്ചെടുത്തു. തൃപ്പൂണിത്തുറ നഗരസഭയില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ മിന്നും വിജയം. 21 സീറ്റുകള്‍ എന്‍ഡിഎ ഇവിടെ നേടിയത്. എല്‍ഡിഎഫ് 20 സീറ്റും യുഡിഎഫ് 16 സീറ്റുമാണ് നേടിയത്. കാലങ്ങളായി എല്‍ഡിഎഫും യുഡിഎഫും മാറി മാറിയാണ് ഭരിച്ചിരുന്ന നഗരസഭയാണ് തൃപ്പൂണിത്തുറ. നിലവില്‍ എല്‍ഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. ഇഞ്ചോടിച്ച് മത്സരം നടന്ന നഗരസഭയില്‍ ബിജെപി ശക്തമാ പ്രചാരണമാണ് നടത്തിയത്.
പാലക്കാട് നഗരസഭയിലു ബിജെപി ഭരണം നിലനിര്‍ത്തിയിരുന്നു. എന്‍ഡിഎ 25 സീറ്റിലും യു.ഡി.എഫ് 18 സീറ്റുകളിലും എല്‍ഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് പാലക്കാട് മുന്നേറുന്നത്. പാലക്കാട് നഗരസഭയില്‍ 25 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.
കോട്ടയം ജില്ലയിലും ബിജെപിക്ക് നേട്ടമുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, അയ്മനം പഞ്ചായത്തുകളാണ് ബിജെപി നേടിയത്. കഴിഞ്ഞതവണ അയ്മനം പഞ്ചായത്തില്‍ ഏഴു വാര്‍ഡുകളില്‍ വിജയിച്ചിരുന്ന ബിജെപി ഇത്തവണ ഒമ്പതു സീറ്റുകള്‍ നേടി. പി. സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും സ്ഥലമായ പൂഞ്ഞാര്‍ തെക്കേക്കരയില്‍ ആകെയുള്ള 15 സീറ്റുകളില്‍ എട്ടു സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം പിടിച്ചത്. എല്‍ഡിഎഫ് അഞ്ചിലും യുഡിഎഫ് രണ്ടു സീറ്റിലുമാണ് വിജയിച്ചത്. കിടങ്ങൂര്‍ പഞ്ചായത്തില്‍ ഏഴു സീറ്റ് നേടിയാണ് ബിജെപി ഭരണം പിടിച്ചത്. യുഡിഎഫ് അഞ്ചു സീറ്റിലും എല്‍ഡിഎഫ് നാലു സീറ്റിലും വിജയിച്ചു. 2020 ല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു
