13 വര്‍ഷം കൊണ്ട് 500 കോടി കിലോമീറ്റര്‍ സഞ്ചരിക്കും; സൗരയൂഥത്തിന്റെ ഉത്പത്തി രഹസ്യങ്ങളും ഉല്‍ക്കകളേയും പഠിക്കാനുള്ള യു.എ.ഇ ദൗത്യത്തിന് മലയാളികളുടെ പേടകം; അടുത്ത വര്‍ഷം യുഎഇക്ക് കൈമാറും

യു.എ.ഇ ദൗത്യത്തിന് 'മലയാളി' പേടകം

Update: 2025-12-15 04:34 GMT

തിരുവനന്തപുരം: യുഎഇയുടെ ബഹിരാകാശ ദൗത്യത്തിന് മലയാളികള്‍ നിര്‍മ്മിച്ച പേടകം. ബഹിരാകാശത്ത് 13 വര്‍ഷം കൊണ്ട് 500 കോടി കിലോമീറ്റര്‍ സഞ്ചരിക്കുന്ന യുഎഇയുടെ വമ്പന്‍ ദൗത്യത്തിന് വേണ്ടിയാണ് മലയാളികളുടെ പേടകം സജ്ജമാക്കുന്നത്. സൗരയൂഥത്തിന്റെ ഉത്പത്തി രഹസ്യങ്ങളും ഉല്‍ക്കകളിലെ ജലസാന്നിദ്ധ്യവുമാണ് പഠനവിഷയം. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് 'ഹെക്സ 20'യാണ് ആസ്‌ട്രോയ്ഡ് ലാന്‍ഡര്‍ എന്ന പേടകം നിര്‍മ്മിച്ചത്.

മലയാളികളായ അമല്‍ ചന്ദ്രന്‍, അശ്വിന്‍ ചന്ദ്രന്‍, എം.ബി. അരവിന്ദ്, അനുരാഗ് രഘു, ലോയ്ഡ് ജേക്കബ് ലോപ്പസ് എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് ഹെക്‌സ. ഹെക്‌സയുടെ സിഇഒ ആയ അമല്‍ ചന്ദ്രന്‍ പേടകം അടുത്തവര്‍ഷം യു.എ.ഇയ്ക്ക് കൈമാറും. യു.എ.ഇയുടെ മുഹമ്മദ് ബിന്‍ റഷീദ് (എം.ബി.ആര്‍) എക്സ്പ്‌ളോറര്‍ ആസ്‌ട്രോയിഡ് എന്ന 2300 കിലോ ഭാരമുള്ള ഉപഗ്രഹത്തിലാണ് പേടകം ഘടിപ്പിക്കുക. കൊളറാഡോ അടക്കം ലോകത്തെ വിവിധ സര്‍വകലാശാലകളും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും ജപ്പാനും കൈകോര്‍ക്കുന്ന ഒരു ബില്യണ്‍ ദിര്‍ഹം ചെലവുവരുന്നതാണ് (ഏകദേശം 2425കോടി) യു.എ.ഇ സ്പെയ്‌സിന്റെ പദ്ധതി.

ജപ്പാന്റെ മിത്സുബിഷി റോക്കറ്റില്‍ ജപ്പാനില്‍ നിന്ന് 2028ലാണ് വിക്ഷേപണം. നാരോ ആംഗിള്‍ ക്യാമറ, മിഡ് വേവ് ഇന്‍ഫ്രാ റെഡ് സ്പെക്ടോമീറ്റര്‍, തെര്‍മ്മല്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍, തെര്‍മ്മല്‍ ഇന്‍ഫ്രാ റെഡ് ക്യാമറ തുടങ്ങിയവ പേടകത്തിലുണ്ടാകും.

പേടകം പല ഉല്‍ക്കകളെ നിരീക്ഷിച്ച് വിവരം കൈമാറും. എങ്കിലും അവസാന ലക്ഷ്യം ഏഴാമത്തെ വമ്പന്‍ ഉല്‍ക്കയായ 'ജസ്റ്റിറ്റിയ'യാണ്. അവിടെ എത്താനാണ് പതിമൂന്നു വര്‍ഷം. അതിന്റെ ഭ്രമണപഥത്തില്‍ എത്തിയാല്‍ വേര്‍പെട്ട് സ്ഥിരമായി ഭ്രമണം ചെയ്യും.2. ചൊവ്വയ്ക്കും ബുധനും ഇടയിലായി ഉല്‍ക്കകള്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ബഹിരാകാശമേഖലയിലാണ് പേടകം പ്രവേശിക്കുന്നത്. ബുധന്റെ വലയത്തിലേക്കാണ് ആദ്യം പോകുക. തിരിച്ച് ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ വന്ന് ഭ്രമണവേഗം കൂട്ടി യാത്രതുടരും. വെസ്റ്റര്‍ വാള്‍ഡ്, ചിമേറ, റോക് ഓക്‌സ് എന്നീ ഉല്‍ക്കകളെ അടക്കം നിരീക്ഷിക്കും.

മലയാളി കമ്പനിയായ 'ഹെക്സ'യ്ക്ക് ഓസ്ട്രേലിയ, യു.എസ്, തായ്വാന്‍ എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. തായ്വാന്‍, യു.കെ എന്നിവയ്ക്കായി ഓരോ ഉപഗ്രഹം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. രണ്ട് ഉപഗ്രഹങ്ങള്‍ നിര്‍മ്മിച്ച് കൈമാറി.

Tags:    

Similar News