നിമിഷ പ്രിയയുടെ മോചനത്തിനായി ഇറാന്റെ നിര്‍ണായക ഇടപെടല്‍; മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് യമന്‍ ആക്ടിവിസ്റ്റ്; വഴങ്ങില്ലെന്നും നീതിപൂര്‍വമായ ശിക്ഷ മാത്രമാണ് ആവശ്യമെന്നും തലാലിന്റെ സഹോദരന്‍; കൊല നടന്നത് ഇറാനില്‍ ആയിരുന്നെങ്കിലോ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി
കോഴിക്കോട്: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തില്‍ നിര്‍ണായക വഴിത്തിരിവ്. മോചനത്തിനായി ഇറാന്‍ ഇടപെടുന്നു എന്ന് യെമനി ആക്ടിവിസ്റ്റ് സര്‍ഹാന്‍ ശംസാന്‍ അല്‍ വിസ്വാബി അറിയിച്ചു. ഇറാന്റെ മധ്യസ്ഥതയില്‍ മോചന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് തലാല്‍ ആക്ഷന്‍ കൗണ്‍സില്‍' സ്‌പോക്ക് പേഴ്‌സണ്‍ ആയിരുന്ന യമന്‍ ആക്റ്റിവിസ്റ്റ് 'സര്‍ഹാന്‍ ശംസാന്‍ അല്‍ വിസ്വാബി' ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിലൂടെ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്നും സര്‍ഹാന്‍ ശംസാന്‍ അല്‍ വിസ്വാബി പറയുന്നുണ്ട്. ഇതിനുപിന്നാലെയാണ് നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചത്. തലാലിന്റെ നീതി 'ഖിസാസ്' (അഥവാ പ്രതിക്കൊല) ആണെന്നും യമനിലെ ഹൂത്തി ഗവണ്‍മെന്റ് നീതി നിഷേധിക്കുകയാണെന്നും സര്‍ഹാന്‍ ശംസാന്‍ ആരോപിക്കുന്നുണ്ട്.
അതേ സമയം നിമിഷപ്രിയയുടെ മോചനത്തിനായി ഇറാന്‍ ഇടപെടുന്നതിന് എതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹദി രംഗത്ത് വന്നു. കൊല നടന്നത് ഇറാനില്‍ ആയിരുന്നു എങ്കില്‍ എന്താകുമായിരുന്നു നിലപാട് എന്നാണ് ചോദ്യം. വിഷയത്തില്‍ ഇറാന്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ചാണ് മെഹദിയുടെ ഫേസ്ബുക് പോസ്റ്റ്.
അതിവേഗത്തിലുള്ള നീതിപൂര്‍വമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത് എന്ന നിലപാട് അബ്ദുല്‍ ഫത്താഹ് മഹദി ആവര്‍ത്തിക്കുന്നു. കടുംബത്തിന്റെ അവകാശമാണ് ഇതിലൂടെ തടയുന്നത് എന്നും ആണ് വിമര്‍ശനം. അതേസമയം മധ്യസ്ഥ ശ്രമങ്ങളോട് തങ്ങള്‍ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിന്റെ സഹോദരന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
2017 ജൂലൈ 25ന് യെമനില്‍ നേഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.
നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണ് എന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിന് ഉണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷ പ്രിയയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.
