യാത്രക്കാരെ വലച്ച് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് റദ്ദാക്കി; 15 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങി 150ഓളം യാത്രക്കാര്‍; പിതാവിന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ എത്തിയവരും വിമാനത്താവളത്തില്‍; വിമാനം നാളെ പറക്കും; വിശദീകരണവുമായി അധികൃതര്‍

Update: 2025-12-17 13:48 GMT

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ നിന്നും രാവിലെ 6.05ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്രക്കാരുടെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ റദ്ദാക്കി. ഇതോടെ നാട്ടിലേക്ക് അടിയന്തരമായി മടങ്ങേണ്ടിയിരുന്നവരടക്കം 150 ഓളം യാത്രക്കാര്‍ ദുരിതത്തിലായി. പിതാവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനെത്തിയവരും രോഗികളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് മണിക്കൂറുകളോളമായി വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്നത്.

യാത്രക്കാരെ ആദ്യം ഒരു വിമാനത്തില്‍ കയറ്റിയെങ്കിലും അധികം വൈകാതെ പുറത്തിറക്കി. ഇതിനുപിന്നാലെയാണ് വിമാനം റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അധികൃതര്‍ അറിയിച്ചത്. യാത്രക്കാര്‍ ഏകദേശം പതിനഞ്ച് മണിക്കൂറോളമായി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് കൃത്യമായ ഒരു മറുപടി ലഭിക്കാത്തതെ വന്നതോടെ യാത്രക്കാര്‍ ആശങ്കയിലായി. വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ പ്രതിഷേധിക്കുകയും കരയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

അതിനിടെ തിരുവനന്തപുരത്ത് നിന്നും ദുബായില്‍ എത്തേണ്ട വിമാനം മോശം കാലാവസ്ഥ കാരണം റാസല്‍ഖൈമയിലേക്ക് തിരിച്ചുവിട്ടിരുന്നുവെന്നും ഇതിനാലാണ് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വൈകുന്നതെന്നുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം. വിമാനം നാളെ (ഡിസംബര്‍ 18) രാവിലെ മാത്രമേ പുറപ്പെടുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.

ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 530 വിമാനമാണ് യാത്രക്കാരെ ദുരിതത്തില്‍ ആക്കിയത്. രാവിലെ 06.05ന് പുറപ്പെടേണ്ട വിമാനവും പകരം ഏര്‍പ്പാടാക്കിയ വിമാനവും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ആദ്യത്തെ വിമാനത്തിന് പകരം കയറ്റിയ വിമാനത്തില്‍ നിന്ന് മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം പുറത്തിറക്കി. പിതാവിന്റെ മരണത്തെ തുടര്‍ന്ന് അടിയന്തരമായി യാത്ര ചെയ്യുന്നവര്‍ വരെ വിമാനത്തിലുണ്ടായിരുന്നു. പ്രാദേശിക സമയം 4.30നുള്ള മറ്റൊരു വിമാനത്തില്‍ ഇവരെ അയക്കുമെന്നായിരുന്നു പിന്നിടെത്തിയ അറിയിപ്പ്. എന്നാല്‍ വിമാനം റദ്ദാക്കിയ വിവരം പിന്നാലെ അറിയിക്കുകയായിരുന്നു.

'കാലാവസ്ഥ പ്രതിസന്ധി മാറിയെങ്കിലും ദുബായിലെ വ്യോമ ഗതാഗതക്കുരുക്കിനെ (air traffic congestion) തുടര്‍ന്ന് വിമാനത്തിന് ലാന്‍ഡിങ് അനുമതി ലഭിച്ചില്ല. പിന്നീട് റാസല്‍ഖൈമയില്‍ കാത്തിരുന്നതിന് ശേഷമാണ് വിമാനം ദുബായില്‍ ലാന്‍ഡ് ചെയ്തത്. തിരുവനന്തപുരത്തേക്ക് തിരിച്ച് പറക്കേണ്ട സമയമായപ്പോഴേക്കും വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞിരുന്നു. ജീവനക്കാര്‍ക്ക് 12 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം (mandatory rest) ഉള്ളതിനാല്‍ ഇതിന് ശേഷം മാത്രമെ വിമാന യാത്ര പുനരാരംഭിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് റീഫണ്ട്, റീഷെഡ്യൂളിങ്, റിഫ്രഷ്‌മെന്റ് തുടങ്ങിയ എല്ലാ സഹായങ്ങളും ഒരുക്കിയിട്ടുണ്ട്' - എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.

Tags:    

Similar News