ഗ്രേറ്റര്‍ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഷെരീഫ് ഉസ്മാന്‍ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും കലാപം; ഇങ്ക്വിലാബ് മഞ്ച് നേതാവ് കൊല്ലപ്പെട്ടത് മുഖംമൂടി ധാരികളായ അജ്ഞാതരുടെ വെടിയേറ്റ്; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു; ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടണമെന്ന് കലാപകാരികള്‍
ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്ന് പുറത്തേക്ക് നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇങ്ക്വിലാബ് മഞ്ച് നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും കലാപ സമാനസാഹചര്യം. പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് ഷെരീഫ് ഉസ്മാന്‍ ഹാദി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മുഖംമൂടി ധാരികളുടെ വെടിയേറ്റാണാണ് ഹാദി കൊല്ലപ്പെട്ടത്. കൊലയാളികള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്‌തെന്ന് ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിദ്യാര്‍ഥി നേതാവിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെയും ആക്രമണം നടന്നു. ബംഗ്ലാദേശിലെ വിവിധയിടങ്ങളില്‍ കലാപസമാനമായ സാഹചര്യമാണ് ഉള്ളത്.
കഴിഞ്ഞയാഴ്ചയാണ് ഉസ്മാന്‍ ഹാദിയുടെ തലയില്‍ അജ്ഞാതരുടെ വെടിയേല്‍ക്കുന്നത്. തുടര്‍ന്ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ച് വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് മുഖംമൂടി ധരിച്ചെത്തിയ ആക്രമികള്‍ വെടിയുതിര്‍ത്തത്. മരണവാര്‍ത്തയറിഞ്ഞെത്തിയ പ്രതിഷേധക്കാര്‍ രാത്രി വൈകിയും നിരത്ത് കീഴടക്കി. മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു. ധാക്കയിലെ ഷാബാഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തടിച്ചു കൂടിയ പ്രക്ഷോഭക്കാര്‍ വന്‍ തോതില്‍ അക്രമങ്ങളും അഴിച്ചുവിട്ടു. കുറ്റവാളിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നും പ്രക്ഷോഭക്കാര്‍ ആരോപിക്കുന്നു.
പ്രമുഖ ബംഗ്ലാദേശ് പത്രമായ പ്രോഥം അലോയുടേയും ദി ഡെയ്‌ലി സ്റ്റാറിന്റേയും ധാക്കയിലെ ഓഫീസിനിന് നേരെയും ആക്രമണം ഉണ്ടായി. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം കെട്ടിടം അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകരടക്കം കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
32 കാരനായ ഹാദി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ഇങ്ക്വിലാബ് മഞ്ചിന്റെ മുതിര്‍ന്ന നേതാവും ഷെയ്ഖ് ഹസീനയുടെ കടുത്ത വിമര്‍ശകനുമായിരുന്നു. ഇന്ത്യയ്ക്കെതിരായ വിഷലിപ്തമായ പ്രസംഗങ്ങള്‍ക്ക് ബംഗ്ലാദേശില്‍ ഉസ്മാന്‍ ഹാദി വളരെ പ്രശസ്തനായിരുന്നു. അടുത്തിടെ വടക്കുകിഴക്കന്‍ ഇന്ത്യയെ ബംഗ്ലാദേശിന്റെ ഭാഗമായി കാണിക്കുന്ന ഒരു ചിത്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇയാള്‍ പങ്കിട്ടിരുന്നു. മുഹമ്മദ് യൂനുസിനെപ്പോലെ ഇയാളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
അതേസമയം ഹാദിയുടെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ സര്‍ക്കാരിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വന്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു ഇത് രാജ്യത്ത് രാഷ്ട്രീയ അസ്ഥിരതയുടെയും ഭയത്തിന്റെയും അന്തരീക്ഷം ഉളവാക്കി. ധാക്കയിലും രാജ്ഷാഹിയിലും ഇന്ത്യന്‍ നയതന്ത്ര സ്ഥലങ്ങളിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പോലീസ് പല സ്ഥലങ്ങളിലും അവരെ തടഞ്ഞു.
കലാപകാരികള്‍ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷന് സമീപം കല്ലെറിഞ്ഞ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹാദിയുടെ മരണത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി (എന്‍സിപി), സ്റ്റുഡന്റ്‌സ് എഗെയിന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍ (എസ്എഡി) എന്നിവയുമായി ബന്ധമുള്ള പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കുന്നത്. ഹാദിയെ കൊലപ്പെടുത്തിയ അക്രമികള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തതായിട്ടാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
എന്‍സിപി നേതാവ് സര്‍ജിസ് ആലം സ്ഥിതിഗതികളെ യുദ്ധസമാനമാണെന്നാണ് വിശേഷിപ്പിച്ചത്. ഹാദി ഭായിയുടെ കൊലയാളികളെ ഇന്ത്യ തിരികെ കൊണ്ടുവരുന്നതുവരെ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അടച്ചിരിക്കുമെന്നും ഇപ്പോള്‍ നമ്മള്‍ യുദ്ധത്തിലാണെന്നുമാണ് പ്രമുഖ എന്‍സിപി നേതാവായ സര്‍ജിസ് ആലം പറഞ്ഞത്. അതേ സമയം ഇന്ത്യയുടെ പാര്‍ലമെന്ററി കമ്മിറ്റി ബംഗ്ലാദേശിലെ സ്ഥിതിയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പുറത്തിറക്കി. അയല്‍രാജ്യത്തെ സ്ഥിതി സങ്കീര്‍ണ്ണവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണ് എന്ന് കമ്മിറ്റി വിശേഷിപ്പിച്ചു.
നേരത്തെ 2024 ഓഗസ്റ്റിലെ രാഷ്ട്രീയ സംഭവങ്ങള്‍ അസ്ഥിരതയും അനിശ്ചിതത്വവും സൃഷ്ടിച്ചു. അക്രമ സംഭവങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍, ഗോത്ര സമൂഹങ്ങള്‍, മാധ്യമ ഗ്രൂപ്പുകള്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരെ ഭീഷണിപ്പെടുത്തിയതും വധിച്ചതും രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യയങ്ങളാണ്.
