'ഒസ്മാന്‍ ഹാദിയെ വെടിവച്ച 'അജ്ഞാതര്‍' ഇന്ത്യയിലേക്ക് പോയിട്ടുണ്ടാകും; അവരെ വിട്ടു തരാന്‍ മോദിയോടു പറയു'; ജെന്‍സീ പ്രക്ഷോഭ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശ് കത്തുന്നു; മാധ്യമ സ്ഥാപനങ്ങള്‍ക്ക് തീയിട്ടു; പ്രക്ഷോഭം തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള തന്ത്രമോ? ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ച് ജനക്കൂട്ടം; വ്യാപക ആക്രമണം; അപലപിച്ച് യൂനുസ് സര്‍ക്കാര്‍

Update: 2025-12-19 12:58 GMT

ധാക്ക: ആഭ്യന്തര പ്രശ്‌നങ്ങളില്‍ നട്ടംതിരിയുന്ന ബംഗ്ലാദേശ് വീണ്ടും കലാപഭീതിയില്‍. ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്നും പുറത്താക്കിയ ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്റെ വക്താവ് ഒസ്മാന്‍ ഹാദിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നൂറുകണക്കിനാളുകള്‍ തെരുവില്‍ അഴിഞ്ഞാടുകയാണ്. രാജ്യത്തെ നിരത്തുകള്‍ കീഴടക്കിയ പ്രതിഷേധക്കാര്‍ വലിയ അതിക്രമമാണ് അഴിച്ചുവിടുന്നത്. കടുത്ത ഇന്ത്യാവിരുദ്ധനും നിലവിലെ ഭരണാധികാരി മുഹമ്മദ് യൂനസിന്റെ വലംകൈയുമായിരുന്ന ഹാദിയെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ധാക്കയില്‍ വെച്ചാണ് മുഖംമൂടിധരികള്‍ വെടിവെച്ചത്. ഗുരുതരാവസ്ഥയിലായെ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപൂരിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

മരണവാര്‍ത്ത പുറത്തു വന്നതോടെ രോക്ഷാകുലരായ ഹാദി അനുകൂലികള്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ 'ദി ഡെയ്ലി സ്റ്റാര്‍', 'പ്രഥം ആലോ' എന്നിവയുടെ ഓഫീസുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. അക്രമം നടക്കുമ്പോള്‍ ജീവനക്കാര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയതായി റിപ്പോര്‍ട്ടുകളുണ്ട്. കുടുങ്ങികിടന്ന മാധ്യമപ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തിയത്. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗീന്റെ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ഓഫീസിന് നേരെയും അതിക്രമമുണ്ടായി. ഈ വര്‍ഷം ഫെബ്രുവരിയില്‍ തകര്‍ക്കപ്പെട്ട ബംഗ്ലാദേശ് സ്ഥാപകന്‍ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ധാരാമണ്ഡി 32-ലെ വീടിനും തീയിട്ടു

ചിറ്റഗോങ് ഉള്‍പ്പെടെയുളള നഗരങ്ങളിലേക്ക് കലാപം വ്യാപിച്ചു. അക്രമികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി റിപ്പോര്‍ട്ടുണ്ട്. മരണവാര്‍ത്ത പുറത്തുവന്നതോടെ, ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലേക്കിറങ്ങുകയായിരുന്നു. വികാരാധീനമായ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം. കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നീതി നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്ക് കടന്നെന്ന് ആരോപിച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമീഷന്‍ ഓഫീസിനു മുന്നില്‍ കലാപകാരികള്‍ സംഘടിച്ചിരുന്നു. പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.

ഹാദിയുടെ കൊലപാതകികളെ ഉടന്‍ കണ്ടെത്തണമെന്നും ഇല്ലെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ യൂനസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശില്‍ സ്ഥിതി അതീവ ഗുരുതരമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. നയതന്ത്ര കാര്യാലയങ്ങള്‍ക്കടുത്തുണ്ടായ അക്രമങ്ങളെ ഗൗരവമായാണ് ഡല്‍ഹി കാണുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഷെയ്ഖ് ഹസീനയെ വിട്ടു കിട്ടണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് വീണ്ടും കലാപകലുക്ഷിതമാകുന്നത്.

ബംഗ്ലാദേശ് രാഷ്ട്രീയം നിലവില്‍ വളരെ സെന്‍സിറ്റീവ് ആയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് മുന്നറിയിപ്പ്. തെരുവുകളിലെ ജനക്കൂട്ടവും തീവയ്പ്പും ഏറ്റുമുട്ടലുകളും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍ക്വിലാബ് മഞ്ചിന്റെ കണ്‍വീനറായിരുന്ന ഹാദി, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന നേതാവായിരുന്നു. ഹാദിയുടെ മരണം അനുയായികള്‍ക്കിടയില്‍ രോഷവും ദുഃഖവും ഉണ്ടാക്കിയിട്ടുണ്ട്.

ഹാദിയുടെ മരണത്തിന് മുമ്പ് തന്നെ ഇങ്ക്വിലാബ് മഞ്ച് സര്‍ക്കാരിന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹാദിയെ വെടിവച്ച അക്രമികളെ അറസ്റ്റ് ചെയ്യുന്നത് വരെ ഷാബാഗ് സ്‌ക്വയറില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം തുടരുമെന്ന് സംഘടന ഫേസ്ബുക്കില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു . തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, പ്രസ്ഥാനം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് മഞ്ച് വ്യക്തമാക്കി. സംഘടനയുടെ അഭിപ്രായത്തില്‍, ഈ പോരാട്ടം ഒരു നേതാവിന് വേണ്ടി മാത്രമല്ല, രാജ്യത്തിന്റെ പരമാധികാരവും നീതിന്യായ വ്യവസ്ഥയും സംരക്ഷിക്കുന്നതിനാണ്. ഹാദി മരിച്ചാല്‍ പ്രസ്ഥാനം കൂടുതല്‍ ശക്തമാക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മരണം സ്ഥിരീകരിച്ചതോടെ പ്രക്ഷോഭത്തിലേക്ക് കടക്കുകയായിരുന്നു.

ഹാദിയുടെ ആക്രമണത്തിലെ കുറ്റവാളികള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടുണ്ടെങ്കില്‍, ബംഗ്ലാദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ ഇന്ത്യന്‍ അധികാരികളുമായി ഇടപെട്ട് അവരെ തിരികെ കൊണ്ടുവരണമെന്നാണ് ഇങ്ക്വിലാബ് മഞ്ചിന്റെ ആവശ്യം. ഈ പ്രസ്താവന ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. ഈ വിഷയം ക്രമസമാധാനത്തിന്റെ മാത്രമല്ല, ദേശീയ സുരക്ഷയുടെയും പ്രശ്‌നമാണെന്ന് സംഘടന വാദിക്കുന്നു.ഹാദിയുടെ മരണം സ്ഥിരീകരിച്ച് ഇങ്ക്വിലാബ് മഞ്ച് അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു.

ഹിന്ദു യുവാവിനെ തല്ലിക്കൊന്നു കത്തിച്ചു

ബംഗ്ലാദേശില്‍ കലാപം പടരുന്നതിനിടെ മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയില്‍ മൈമെന്‍സിങ് ജില്ലയിലെ ഭാലുകയിലാണ് സംഭവമെന്ന് ബിബിസി ബംഗ്ലാ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപു ചന്ദ്രദാസ് (30) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തല്ലിക്കൊന്നതിന് ശേഷം അക്രമികള്‍ യുവാവിന്റെ മൃതദേഹം ഒരു മരത്തില്‍ കെട്ടിയിട്ട് കത്തിച്ചതായാണ് വിവരം. സംഭവത്തില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ അപലപിച്ചു.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഇയാള്‍ ഒരു പ്രാദേശിക വസ്ത്ര നിര്‍മ്മാണ ശാലയില്‍ ജോലി ചെയ്യുകയായിരുന്നെന്നും പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. 'വ്യാഴാഴ്ച രാത്രി ഏകദേശം 9 മണിയോടെ, പ്രകോപിതരായ ഒരു കൂട്ടം ആളുകള്‍ ഇയാളെ പിടികൂടുകയും പ്രവാചകനെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് തല്ലിക്കൊല്ലുകയുമായിരുന്നു. അതിനു ശേഷം അവര്‍ മൃതദേഹം കത്തിച്ചു' ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി ബംഗ്ലാ റിപ്പോര്‍ട്ട് ചെയ്തു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണത്തിലാക്കി. ദീപു ചന്ദ്രദാസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതേസമയം പുതിയ ബംഗ്ലാദേശില്‍ ഇത്തരം അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പറഞ്ഞുകൊണ്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഈ ക്രൂരമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ആരെയും വെറുതെ വിടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. 'അക്രമം, ഭീഷണിപ്പെടുത്തല്‍, തീവെപ്പ്, ജീവനും സ്വത്തിനും നാശനഷ്ടം എന്നിവയെ ശക്തമായും അര്‍ത്ഥവത്തായ രീതിയിലും ബംഗ്ലാദേശ് ഭരണകൂടം അപലപിക്കുന്നു' എന്ന് മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്ത കലാപമോ?

ഷെയ്ഖ് ഹസീന പുറത്തായതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ഫെബ്രുവരി 12-നു നടക്കാനിരിക്കെയാണ് ബംഗ്ലാദേശില്‍ കലാപത്തിലേക്ക് നീങ്ങുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുന്നത് തിരഞ്ഞെടുപ്പ് സുരക്ഷിതമല്ല എന്ന ഒരു ധാരണ സൃഷ്ടിക്കാനും അതുവഴി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് വിശ്വാസയോഗ്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാന്‍ കഴിയുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍കൂടിയാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്ന് വരുന്നത്.

വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്നാണ് അക്രമം പൊട്ടിപുറപ്പെട്ടത്. ഹാദിയുടെ മരണത്തിന് തൊട്ടുപിന്നാലെ ധാക്കയടക്കമുള്ള വിവിധ നഗരങ്ങളിലുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഒരു ഏകോപന സ്വഭാവമുണ്ടായിരുന്നു. പ്രക്ഷോഭം ആരംഭിച്ചത് ഉടന്‍ തന്നെ വ്യാപകമായ അക്രമങ്ങളായി മാറി, തീവെപ്പ്, നാശനഷ്ടങ്ങള്‍, തെരുവിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകളും സംശയത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത്. ജനക്കൂട്ടം ഹൈവേകള്‍ ഉപരോധിച്ചു, മുന്‍ മന്ത്രിമാരുടെ വീടുകള്‍ ആക്രമിച്ചു, നിരവധി അവാമി ലീഗ് പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് ആക്രമണം നടന്നു. മാധ്യമ സ്ഥാപനങ്ങള്‍ക്കും കനത്ത നാശനഷ്ടം സംഭവിച്ചു. പ്രമുഖ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകളും നശിപ്പിച്ചു.

അസ്വസ്ഥതകളുടെ ഒരു പ്രധാന കാരണം ഇന്ത്യ വിരുദ്ധ വികാരം ശക്തമായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള നീക്കമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചട്ടോഗ്രാമില്‍, ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ ഔദ്യോഗിക വസതിക്കും ഓഫീസിനും നേരെ കല്ലേറുണ്ടാവുകയും ആക്രമണം നടക്കുകയും ചെയ്തതയാണ് വിവരം. ഇതിന്റെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ ചില ഭീകര സംഘടനകളും പങ്കെടുത്തതായി പറയപ്പെടുന്നു. ധാക്കയില്‍, ഇന്ത്യന്‍ ഹൈക്കമ്മിഷനിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുകയും ബാരിക്കേഡുകള്‍ തകര്‍ത്ത് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കലാപം അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനും ഇന്ത്യയെ ജനങ്ങളുടെ രോഷത്തിന്റെ കേന്ദ്രബിന്ദുവായി ചിത്രീകരിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നുമാണ് വിലയിരുത്തല്‍. ഹാദിയുടെ മരണത്തിലുയര്‍ന്ന പ്രതിഷേധം കലാപത്തിലേക്ക് വഴിതിരിച്ചുവിടുകകയും ഭയത്തിന്റെയും അസ്ഥിരതയുടെയും ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നതാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

Tags:    

Similar News