എല്ലാവര്‍ക്കും നന്മകള്‍ നേരുന്നുവെന്ന കുറിപ്പും പേനയും ചിതയില്‍ വച്ച് സത്യന്‍ അന്തിക്കാട്; ചിതയ്ക്ക് അരികില്‍ പൊട്ടിക്കരഞ്ഞ് വിനീതും ധ്യാനും ബന്ധുക്കളും പിന്നെ സത്യനും; ഔദ്യോഗിക ബഹുമതികളോടെ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ചിത കൊളുത്തി മൂത്തമകന്‍; അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍; ആദരാഞ്ജലിയേകി ചലച്ചിത്ര - സാംസ്‌കാരിക കേരളം; ശ്രീനിവാസന്‍ ഇനി ഓര്‍മത്തിരയില്‍; ചിരിയോര്‍മകള്‍ ബാക്കിയാക്കി മടക്കം

Update: 2025-12-21 06:44 GMT

കൊച്ചി: മലയാളത്തിന്റെ അതുല്യ കലാകാരന്‍ ശ്രീനിവാസന് യാത്രാമൊഴിയേകി ചലച്ചിത്ര - സാംസ്‌കാരിക കേരളം. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. എന്നും എല്ലാവര്‍ക്കും നന്‍മകള്‍ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. മകന്‍ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

അങ്ങേയറ്റം വൈകാരിക നിമിഷങ്ങള്‍ക്കാണ് കണ്ടനാട്ടെ വീടും പരിസരവും സാക്ഷിയായത്. മക്കളായ വിനീതും ധ്യാനും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. മൂത്തമകന്‍ വിനീത് ശ്രീനിവാസന്‍ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. ഒരേസമയം മലയാളത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനെ പേനയും പേപ്പറും നെഞ്ചോട് ചേര്‍ത്താണ് ആത്മസുഹൃത്ത് സത്യന്‍ അന്തിക്കാട് യാത്രയാക്കിയത്. അവസാനമായി പ്രിയ താരത്തെ ഒരു നോക്ക് കാണാന്‍ കണ്ടനാട്ടെ വീട്ടിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ശനിയാഴ്ച എറണാകുളം ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനും ജനസാഗരമാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. രാഷ്ട്രീയ - സിനിമ- സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മലയാളികളുടെ മുഴുവന്‍ ഇഷ്ടവും നെഞ്ചിലേറ്റിയാണ് ശ്രീനിവാസന്‍ മടങ്ങുന്നത്. ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വിട പറഞ്ഞതു പോലെയാണ് ശ്രീനിവാസന്റെ വിയോഗം മലയാളികളില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് മലയാളിയുടെ പ്രിയപ്പെട്ട ശ്രീനി വിടപറഞ്ഞത്. 



ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. പ്രിയനടന്റെ മരണവിവരമറിഞ്ഞതോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് ജനം ഒഴുകി. പകല്‍ 11 ഓടെ മൃതദേഹം കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള 'പാലാഴി' വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ജനക്കൂട്ടം വഴിയില്‍ കാത്തുനിന്നു. 12 ഓടെ പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളിലേക്ക് എത്തിച്ചു. മൂന്നുവരെയായിരുന്നു പൊതുദര്‍ശനം തീരുമാനിച്ചിരുന്നതെങ്കിലും ജനത്തിരക്ക് കാരണം 3.45 വരെ നീണ്ടു. തുടര്‍ന്ന് കണ്ടനാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. മകനും നടനുമായ വിനീത് ശ്രീനിവാസന്‍ ചെന്നൈയിലേക്ക് പോകാന്‍ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. മരണവാര്‍ത്തയറിഞ്ഞതോടെ തിരികെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് എത്തി. കോഴിക്കോട് ഷൂട്ടിങ്ങിലായിരുന്ന മകന്‍ ധ്യാനും മടങ്ങിയെത്തി.

സിനിമ - സാംസ്‌കാരിക- രാഷ്ട്രീയ ലോകവും സമൂഹം തന്നെയും കണ്ടനാട്ടേയ്ക്ക് ഒഴുകിയെത്തുന്ന ദൃശ്യങ്ങളാണ് പിന്നീട് കേരളം കണ്ടത്. നടന്‍ മമ്മൂട്ടി വീട്ടിലും പിന്നീട് ടൗണ്‍ഹാളിലുമെത്തി. മോഹന്‍ലാല്‍ ഉച്ചകഴിഞ്ഞ് ടൗണ്‍ഹാളിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, മന്ത്രിമാരായ പി രാജീവ്, സജി ചെറിയാന്‍, ഹൈബി ഇൗഡന്‍ എംപി, എംഎല്‍എ ടി ജെ വിനോദ് തുടങ്ങി നിരവധിയാളുകളാണ് ശ്രീനിവാസന് ആദരമര്‍പ്പിക്കാനെത്തിയത്. ഇന്ന് രാവിലെയും കണ്ടനാട്ടെ വീട്ടില്‍ തിരക്ക് ഒഴിഞ്ഞിരുന്നില്ല. അണമുറിയാതെ സമൂഹത്തിന്റെ പരിഛേദം തന്നെ കണ്ടനാട്ട് പ്രതിഫലിക്കുകയായിരുന്നു. 



കണ്ണൂര്‍ പാട്യം സ്വദേശിയായ ശ്രീനിവാസന്‍ പി.എ.ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. 1984 ല്‍ പ്രിയദര്‍ശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥ എഴുത്തിന്റെ തുടക്കം. 48 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ 54 സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ശ്രീനിവാസന്‍ 2 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 54 ല്‍ 32 സിനിമകള്‍ സത്യന്‍ അന്തിക്കാടിനും പ്രിയദര്‍ശനും വേണ്ടിയായിരുന്നു. സുന്ദരഗംഭീര നായകന്‍മാരെക്കുറിച്ച് മുന്‍വിധിയുണ്ടായ കാലത്ത് അത്തരം പരിമിതിയെ സാധ്യതയാക്കിയ കഥാപാത്രങ്ങളായിരുന്നു ശ്രീനിവാസന്റേത്.

ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998 ല്‍ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.1989 ല്‍ വടക്കുനോക്കിയന്ത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മഴയെത്തും മുന്‍പേ, സന്ദേശം എന്നീ സിനിമകള്‍ക്ക് തിരക്കഥകള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. മലയാളിയുടെ ഏത് ജീവിത സാഹചര്യത്തിലും ഉപയോഗിക്കാന്‍ പറ്റുന്ന ഒട്ടേറെ ഡയലോഗുകളും കഥാപാത്രങ്ങളും സമ്മാനിച്ചിട്ടാണ് അദ്ദേഹത്തിന്റെ മടക്കം. 2012 ലാണ് കണ്ടനാട്ടെ വീടിരിക്കുന്ന സ്ഥലവും ഏക്കറുകള്‍ പരന്നു കിടക്കുന്ന തരിശായ പാടശേഖരങ്ങളും ശ്രീനിവാസന്‍ വാങ്ങുന്നത്. തരിശുപാടങ്ങളെ കൃഷിനിലങ്ങളാക്കി. 



ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ശ്രീനിവാസന് അന്ത്യോപചാരം അര്‍പ്പിക്കാനായി നടന്‍ സൂര്യ രാവിലെ കണ്ടനാട്ടെ വീട്ടിലെത്തി. ഏറെ ആരാധനയോടെ കണ്ടിട്ടുള്ള വ്യക്തിയാണെന്നും വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ കാണണമെന്ന് ആഗ്രഹിച്ചതിനാലാണ് വന്നതെന്നും സൂര്യ പറഞ്ഞു. 



48 വര്‍ഷം സിനിമകളിലൂടെയും ജീവിതത്തിലൂടെയും നിരവധി ആശയങ്ങള്‍ പങ്കുവച്ചണ് ശ്രീനിവാസന്‍ യാത്രയാകുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാന്‍ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഇനിയുമേറെ ചിന്തിക്കാനും അതിലേറ ആസ്വദിക്കാനും നാലര പതിറ്റാണ്ട് നീണ്ട ചലച്ചിത്ര സപര്യയില്‍ സമൂഹത്തില്‍ ശ്രീനിവാസന്‍ കൊത്തിവച്ച വരികള്‍ കാലതിവര്‍ത്തിയായി തുടരുന്നു. സ്‌ക്രീനിലെത്തുന്ന കഥാപാത്രത്തെ കാണുമ്പോള്‍ പ്രേക്ഷകന് അത് നമ്മള്‍ തന്നെയല്ലേ എന്ന് തോന്നിപ്പിക്കുന്ന ഒരു രസതന്ത്രമായിരുന്നു ശ്രീനിവാസന്‍. ആ ഓര്‍മകള്‍ ബാക്കിയാകുകയാണ്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലന്‍ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. മലയാളിയുടെ, സിനിമാ പ്രേമികളുടെ മനസില്‍ ശ്രീനിവാസന് മരണമില്ല.

Similar News