ഷാംപെയ്ന്‍ കുപ്പിയിലെ സ്പാര്‍ക്ലറുമായി വനിതാ വെയ്റ്ററുടെ സാഹസിക നൃത്തം; തൊട്ടുപിന്നാലെ സീലിംഗ് അഗ്‌നിഗോളമായി; സ്വിറ്റ്സര്‍ലന്‍ഡില്‍ 40 പേര്‍ വെന്തുമരിക്കാന്‍ ഇടയാക്കിയത് ഇടുങ്ങിയ മരഗോവണിയും; വിറങ്ങലിച്ച് വിനോദസഞ്ചാരികള്‍; ക്രാന്‍സ് മോണ്ടാന ദുരന്തം ഭീകരാക്രമണമല്ലെന്ന് സ്ഥിരീകരണം!
ക്രാന്‍സ് മോണ്ടാന ദുരന്തം ഭീകരാക്രമണമല്ലെന്ന് സ്ഥിരീകരണം!
ക്രാന്‍സ് മോണ്ടാന: ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനിടെ സ്വിറ്റ്സര്‍ലന്‍ഡിലെ പ്രശസ്തമായ ആല്‍പൈന്‍ ടൗണായ ക്രാന്‍സ് മോണ്ടാനയിലെ ബാറില്‍ 40 പേര്‍ കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണം അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നഗരമധ്യത്തിലെ 'കോണ്‍സ്റ്റലേഷന്‍ ബാറില്‍' (Constellation Bar) ഉണ്ടായ വന്‍ തീപിടുത്തമാണ് ഇത്രയും പേര്‍ വെന്തുമരിക്കാന്‍ കാരണം. നൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ ഭൂരിഭാഗവും 16-നും 26-നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്.
ആഘോഷം ദുരന്തമായത് നിമിഷങ്ങള്‍ക്കുള്ളില്‍
പ്രാദേശിക സമയം പുലര്‍ച്ചെ 1.30-ഓടെ ആഘോഷം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ബാറിലെ പതിവ് ആഘോഷ രീതിയായ 'സ്പാര്‍ക്ലര്‍ ഷാംപെയ്ന്‍' വിതരണമാണ് ഇത്തവണ വിനയായത്.
ഒരു വനിതാ വെയ്റ്ററസ് സഹപ്രവര്‍ത്തകന്റെ തോളിലേറി ഷാംപെയ്ന്‍ കുപ്പികള്‍ക്ക് മുകളില്‍ സ്പാര്‍ക്ലറുകള്‍ കത്തിച്ചുവെച്ച് നൃത്തം ചെയ്യുകയായിരുന്നു. ഈ സമയത്ത് കുപ്പിയിലെ സ്പാര്‍ക്ലറുകള്‍ സീലിംഗിന് തൊട്ടടുത്തെത്തുകയും അതില്‍ നിന്നുള്ള തീപ്പൊരികള്‍ ശബ്ദനിയന്ത്രണത്തിനായി പതിപ്പിച്ചിരുന്ന 'സൗണ്ട് പ്രൂഫിങ് ഫോമിലേക്ക്' ആളിപ്പടരുകയുമായിരുന്നു.
രക്ഷപ്പെടാന്‍ പഴുതില്ലാതെ ഇടുങ്ങിയ വഴികള്‍
ആളുകള്‍ തീയില്‍ കത്തിയമരുന്നതും ശ്വാസംമുട്ടി മരിക്കുന്നതും കണ്ടു, ഇതൊരു 'ഹൊറര്‍ സിനിമ' പോലെയായിരുന്നു,' എന്ന് ദൃക്‌സാക്ഷികള്‍ വിവരിച്ചു. ക്ലബ്ബിന്റെ പ്രചാരണ വീഡിയോകളില്‍ ഷാംപെയ്ന്‍ ബോട്ടിലുകളില്‍ തീപ്പൊരികളുമായി വരുന്ന വെയിറ്ററസ്മാരെയും, ഇത്തരം നിരവധി ബോട്ടിലുകള്‍ നിറഞ്ഞ ബക്കറ്റുകള്‍ കൊണ്ടുപോകുന്നതും കാണാം. ക്ലബ്ബിന്റെ അകത്തളങ്ങളില്‍ ശബ്ദം നിയന്ത്രിക്കുന്നതിനുള്ള ഫോം സീലിംഗില്‍ പതിച്ചിരുന്നതായും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
തീപിടുത്തത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിവേഗം സീലിംഗിലേക്ക് തീ പടരുന്നതും, ഉച്ചത്തില്‍ സംഗീതം മുഴങ്ങുമ്പോള്‍ പരിഭ്രാന്തരായ ആളുകള്‍ രക്ഷപ്പെടാന്‍ തിക്കിത്തിരക്കുന്നതും, മറ്റു ചിലര്‍ അപകടം തിരിച്ചറിയാതെ തീപിടുത്തം മൊബൈലില്‍ പകര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. നിമിഷങ്ങള്‍ക്കകം സംഗീതം നിലച്ച് നിലവിളികള്‍ ഉയരുകയും ക്ലബ്ബ് പൂര്‍ണമായും തീ വിഴുങ്ങുകയുമായിരുന്നു. ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ പുറത്തേക്ക് ഓടുന്നതും കൂട്ടുകാര്‍ക്കായി നിലവിളിക്കുന്നതും കാണാമായിരുന്നു.
താഴത്തെ നിലയിലുള്ള ബാറില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ വീതി കുറഞ്ഞ ഒരു മരഗോവണി മാത്രമാണുണ്ടായിരുന്നത്. തീ പടര്‍ന്നതോടെ പരിഭ്രാന്തരായ 200-ഓളം ആളുകള്‍ ഒരേസമയം ഈ ഗോവണിയിലേക്ക് ഇരച്ചുകയറിയത് വലിയ തിക്കും തിരക്കിനും കാരണമായി. ഇതാണ് മരണസംഖ്യ ഉയരാന്‍ പ്രധാന കാരണമായത്. മിനിറ്റുകള്‍ക്കുള്ളില്‍ മുറിക്കുള്ളിലെ താപനില അസാധാരണമായി വര്‍ദ്ധിക്കുകയും (Flashover) ബാറിനുള്ളിലെ വസ്തുക്കള്‍ ഒരേസമയം കത്തിയമരുകയും ചെയ്തു. വന്‍ സ്‌ഫോടനത്തിന് സമാനമായ ശബ്ദത്തോടെയാണ് തീ ആളിപ്പടര്‍ന്നതെന്ന് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
യുദ്ധസമാനമായ രക്ഷാപ്രവര്‍ത്തനം
പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാന്‍ 10 ഹെലികോപ്റ്ററുകളും 40 ആംബുലന്‍സുകളുമാണ് രംഗത്തിറങ്ങിയത്. 150-ഓളം എമര്‍ജന്‍സി വര്‍ക്കര്‍മാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജനീവ, സൂറിച്ച്, ലോസാന്‍ എന്നിവിടങ്ങളിലെ തീവ്രപരിചരണ വിഭാഗങ്ങള്‍ പൊള്ളലേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിദേശ വിനോദസഞ്ചാരികളും അപകടത്തില്‍പ്പെട്ടവരിലുണ്ടെന്നാണ് വിവരം.
അധികൃതരുടെ പ്രതികരണം
സംഭവത്തില്‍ അട്ടിമറി സാധ്യതകളില്ലെന്നും ഇതൊരു അപകടമാണെന്നും പ്രോസിക്യൂട്ടര്‍ ബിയാട്രിസ് പില്ലൗഡ് അറിയിച്ചു. സ്വിസ് പ്രസിഡന്റ് ഗൈ പാര്‍മെലിന്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രമായ ക്രാന്‍സ് മോണ്ടാനയില്‍ നിലവില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ദിവസങ്ങള്‍ എടുത്തേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
യൂറോപ്പിലെ ഏറ്റവും മികച്ച സ്‌കീയിംഗ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഇവിടെ ഈ മാസം അവസാനം ലോകകപ്പ് സ്‌കീയിംഗ് മത്സരം നടക്കാനിരിക്കെയാണ് ലോകത്തെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നത്.
