കൊലക്കേസില്‍ പെട്ട ആന്‍ഡ്രൂ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തല്‍; ഇന്റര്‍പോളിന്റെ കത്ത് സിബിഐ വഴി കേരള പോലീസിന്; അടിവസ്ത്രം ചെറുതാക്കി തിരികെവെച്ചത് തെളിയിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്റെ ജാഗ്രത; സത്യം ജയിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കെ.കെ. ജയമോഹന്‍
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള വിചിത്രമായ ഒരു കേസിലാണ് മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തി വിദേശപൗരനായ പ്രതിക്ക് രക്ഷപ്പെടാന്‍ അഭിഭാഷകന്‍ അവസരമൊരുക്കി എന്നാണ് കേസ്. കോടതി ജീവനക്കാരന്‍ ഒന്നാം പ്രതിയും മുന്‍ മന്ത്രി രണ്ടാം പ്രതിയുമായ കേസ് കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ത്തന്നെ അപൂര്‍വമായിരിക്കും. പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ടി വന്ന അന്വേഷണ സംഘത്തിന് ഒടുവില്‍ സത്യം തെളിയിക്കാനായി. തൊണ്ടിമുതല്‍ തിരിമറി കേസില്‍ സത്യം തെളിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കേസന്വേഷിച്ച മുന്‍ എസ്.പി കെ.കെ. ജയമോഹന്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട കേസില്‍ പ്രതിയെ ശിക്ഷിക്കുന്ന വിധിയിലേക്ക് എത്തിച്ചതില്‍ നീണ്ട അന്വേഷണങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസ് തന്റെ കരിയറിനെപ്പോലും നിര്‍ണയിച്ച ഒന്നാണെന്നും മുന്‍പത്തെ മയക്കുമരുന്ന് കേസിലെ വിധി അത്യന്തം വേദനാജനകമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പുതിയ വിധി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് സുബ്രഹ്‌മണ്യന്‍ പോറ്റി വഴി സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയും ഹൈക്കോടതി വിജിലന്‍സില്‍ നല്‍കിയ പരാതിയുമാണ് കേസിലെ അന്വേഷണത്തിന്റെ തുടക്കംകുറിച്ചത്. ഈ വിജിലന്‍സ് അന്വേഷണത്തിലൂടെയാണ് കോടതിക്കുള്ളില്‍ തന്നെ തിരിമറി നടന്നുവെന്ന് വ്യക്തമായതും തുടര്‍ന്ന് സെഷന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതും. വഞ്ചിയൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ചില കാരണങ്ങളാല്‍ ഇടക്കാലത്ത് നിലച്ചുപോയെങ്കിലും പിന്നീട് മുന്‍ ഡിജിപി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിലൂടെയാണ് കേസ് പുനരുജീവിപ്പിക്കപ്പെട്ടത്. ഇത് പിന്നീട് കുറ്റപത്രം സമര്‍പ്പിക്കുന്നതിലേക്കും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടന്ന വിവിധ നിയമനടപടികളിലേക്കും നയിച്ചു. സത്യം തെളിയിക്കാനായതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കേസിനെ സജീവമായി നിലനിര്‍ത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകനായ അനില്‍ ഇമ്മാനുവലിന്റെ നിരന്തരമായ ഇടപെടല്‍ നിര്‍ണായകമായിരുന്നുവെന്ന് ജയമോഹന്‍ ചൂണ്ടിക്കാട്ടി. കേവലം ഒരു വാര്‍ത്തയ്ക്കപ്പുറം ഗൗരവതരമായ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ കേസിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം പ്രകടിപ്പിച്ച ആത്മാര്‍ഥത പ്രശംസനീയമാണെന്ന് ജയമോഹന്‍ പറഞ്ഞു. കൂടാതെ, ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തില്‍നിന്ന് വിരമിച്ച എസ്.പി. ജോസഫ് സാജുവിനെയും സത്യം പുറത്തുകൊണ്ടുവരാന്‍ സഹായിച്ച മറ്റ് അറിയപ്പെടാത്ത ആളുകളെയും മാധ്യമപ്രവര്‍ത്തകരെയും ജയമോഹന്‍ സ്മരിച്ചു.
പ്രതി ശിക്ഷിക്കപ്പെട്ടു എന്നതിലുപരി സത്യം വിജയിച്ചു എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കേസിന്റെ അന്വേഷണ വേളയില്‍തന്നെ വിചാരണ കോടതിയില്‍ തൊണ്ടിമുതലില്‍ കൃത്രിമം നടന്നതായി സംശയമുണ്ടായിരുന്നുവെങ്കിലും അന്ന് കോടതി അത് അംഗീകരിച്ചിരുന്നില്ല. ഈ കേസ് തന്റെ കരിയറിനെപ്പോലും നിര്‍ണയിച്ച ഒന്നാണെന്നും മുന്‍പത്തെ മയക്കുമരുന്ന് കേസിലെ വിധി അത്യന്തം വേദനാജനകമായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. പുതിയ വിധി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ സത്യം തെളിഞ്ഞു
1990ലാണ് സംഭവം. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നു. അന്വേഷണത്തിന് ശേഷം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അതേവര്‍ഷംതന്നെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസ് വിചാരണയ്ക്കെടുത്തു. പ്രശസ്ത അഭിഭാഷകയായ സെലിന്‍ വില്‍ഫ്രഡാണ് പ്രതിയ്ക്ക് വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിന്റെ ജൂനിയര്‍ അഭിഭാഷകനായിരുന്നു. പക്ഷേ, ആ കേസ് തോറ്റു. 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ ഉത്തരവിറക്കി. എന്നാല്‍, തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു.
പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോന്‍ ആയിരുന്നു പ്രതിക്കുവേണ്ടി ഹൈക്കോടതിയില്‍ വക്കാലത്തെടുത്തത്. കേസില്‍ ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതേവിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമായിരുന്നു. പ്രതിക്ക് ഇടാന്‍ കഴിയാത്ത വിധം ചെറുതായിരുന്നു ഈ അടിവസ്ത്രം എന്ന് കോടതിക്ക് ബോധ്യമായി. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നേരിട്ട് ഉറപ്പാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിട്ടു.
ഓസ്ട്രേലിയിലേക്ക് കടന്ന സാല്‍വദോര്‍ സര്‍വലി അവിടെ ഒരു കൊലക്കേസില്‍ പെട്ടു. മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ തടവില്‍ കിടക്കുമ്പോള്‍ സഹതടവുകാരനോട് കേരളത്തിലെ കേസില്‍, അഭിഭാഷകന്റെയും കോടതിയിലെ ക്ലാര്‍ക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായ കാര്യം ആന്‍ഡ്രൂ പറയുകയുണ്ടായി. സഹതടവുകാരന്‍ ഈ വിവരം കൊലക്കേസ് അന്വേഷിച്ച ഡിറ്റക്ടീവ് സംഘത്തിനോട് പറഞ്ഞു. 1996 ജനുവരി 25-ന് രേഖപ്പെടുത്തിയ ഈ മൊഴി കാന്‍ബറയിലെ ഇന്റര്‍പോള്‍ യൂണിറ്റ് ഇന്ത്യയിലെ ഇന്റര്‍പോള്‍ യൂണിറ്റായ സി.ബി.ഐക്ക് അയച്ചു.
സി.ബി.ഐയുടെ ഡല്‍ഹി ആസ്ഥാനത്തുനിന്നാണ് ഈ കത്ത് കേരള പോലീസിന് ലഭിക്കുന്നത്. ഈ കത്ത് കണ്ടെടുത്തതോടെ കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. കെ.കെ. ജയമോഹന്‍ 1994-ല്‍ വിജിലന്‍സിന് പരാതി നല്‍കി. യഥാര്‍ഥ അടിവസ്ത്രം ജൂനിയര്‍ അഭിഭാഷകന്‍ ആന്റണി രാജു കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ എടുത്ത് മാറ്റിയെന്നായിരുന്നു പരാതി. മൂന്നുവര്‍ഷത്തെ പരിശോധനയ്ക്കുശേഷം ഇക്കാര്യം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവായി.
ആന്റണി രാജു, ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. ഇതിനിടെ ആന്റണി രാജു എം.എല്‍.എ.യായി. 2005-ല്‍ കേസ് പുനരന്വേഷിക്കാന്‍ ഐ.ജി.യായിരുന്ന ടി.പി. സെന്‍കുമാര്‍ ഉത്തരവിട്ടു. 2006-ല്‍ വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും എട്ടുവര്‍ഷം കേസ് വെളിച്ചംകണ്ടില്ല. 2014-ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. വിചാരണയില്‍ ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്.
നെടുമങ്ങാട് കോടതിയില്‍ വിചാരണ അന്തിമ ഘട്ടത്തിലെത്തിയപ്പോള്‍ വഞ്ചനാക്കുറ്റം കൂടി പ്രതികള്‍ക്കെതിരെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകനായ അനില്‍ ഇമ്മാനുവല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന്, ഈ വകുപ്പു കൂടി ഉള്‍പ്പെടുത്തിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതി വരെ പോയെങ്കിലും വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കേസില്‍ 29 സാക്ഷികള്‍ ഉണ്ടെങ്കിലും 19 പേരെ മാത്രമാണു വിസ്തരിച്ചത്. കുറ്റപത്രം സമര്‍പ്പിച്ചത് 13 വര്‍ഷം കഴിഞ്ഞാണ്. മുപ്പതിലധികം തവണ കേസ് മാറ്റി വച്ചു. ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെത്തുടര്‍ന്നാണ് ഒടുവില്‍ കേസില്‍ വിധിവന്നത്.
