പഠിപ്പും നിറവും കുറവെന്ന് പറഞ്ഞ് തഴഞ്ഞു; ഭര്‍ത്താവ് തലാഖ് ചൊല്ലി മറ്റൊരു വിവാഹം കഴിച്ചു; കോടതിയുടെ അനുകൂല വിധി വന്നിട്ടും മകനൊപ്പം യുവതി ഭര്‍തൃവീടിന്റെ വരാന്തയില്‍; കുടിവെള്ളം വരെ മുട്ടിച്ച് പീഡനം; നോക്കുകുത്തിയായി പൊലീസ്; ഫറോക്കില്‍ നിന്നുള്ള ആ കണ്ണീര്‍ കാഴ്ച

Update: 2026-01-03 13:09 GMT

കോഴിക്കോട്: തലാഖ് ചൊല്ലി തന്നെയും മകനെയും പുറത്താക്കി മറ്റൊരു യുവതിയെ വിവാഹം കഴിച്ച ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ ഒറ്റയാള്‍ സമരവുമായി യുവതി. കോഴിക്കോട് ഫറോക്കില്‍ തന്നെ അകാരണമായി തലാഖ് ചൊല്ലി ഭര്‍ത്താവ് ബന്ധം വേര്‍പ്പെടുത്തിയെന്നാരോപിച്ചാണ് ഭര്‍തൃവീടിന് മുന്നില്‍ യുവതിയുടെ പ്രതിഷേധം. ചേളാരി സ്വദേശിയായ ഹസീനയും മൂന്നാം ക്ലാസുകാരനായ മകനുമാണ് പ്രതിഷേധമിരിക്കുന്നത്. കുടുംബ കോടതിയില്‍ നിന്നും ഭര്‍ത്താവിനൊപ്പം ജീവിക്കാനുള്ള ഉത്തരവുമായാണ് ഹസീനയും മകനും ഫറോക്കിലെ വീട്ടിലെത്തിയത്. എന്നാല്‍ ഭര്‍ത്താവും കുടുംബവും വീട് പൂട്ടി മറ്റൊരിടത്തേക്ക് താമസം മാറിയതോടെ ഒരാഴ്ചയായി ഹസീനയും മകനും വീട്ടുവരാന്തയിലാണ് കഴിയുന്നത്.

നീതി തേടി കോടതി കയറിയിറങ്ങി അനുകൂല വിധി സമ്പാദിച്ചിട്ടും ഭര്‍ത്തൃവീടിന്റെ വരാന്തയില്‍ മകനുമായി അഭയം തേടേണ്ടി വന്നിരിക്കുകയാണെന്ന് യുവതി പറയുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതയേയും നിറത്തേയും ചൊല്ലി ഭര്‍ത്താവ് തലാഖ് ചൊല്ലിയെന്നും ഇവര്‍ പറയുന്നു.

2018-ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭര്‍ത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നില്ല. നിറം കുറവാണെന്നും വിദ്യാഭ്യാസ യോഗ്യത പോരെന്നും പറഞ്ഞാണ് ഭര്‍ത്താവ് തന്നെ മാറ്റിനിര്‍ത്തുന്നതെന്ന് ഹസീന ആരോപിക്കുന്നു. ഇതിനിടയില്‍ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയും ആ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം വേറെ വീട്ടില്‍ താമസിക്കുകയുമാണെന്ന് യുവതി വെളിപ്പെടുത്തി.

ഭര്‍ത്താവ് തലാഖ് ചൊല്ലിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം നടന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ കോടതി ഉത്തരവുമായാണ് യുവതി എത്തിയതെങ്കിലും ഇതറിഞ്ഞ ഭര്‍ത്താവും വീട്ടുകാരും വീട് പൂട്ടി പോവുകയായിരുന്നു.

ഫാസില്‍ ഹസീനയെ തലാക്ക് ചൊല്ലി ഒഴിവാക്കിയതിന് ശേഷം വീണ്ടുമൊരു വിവാഹം കഴിച്ചു. എന്നാല്‍ എട്ട് ദിവസം മുമ്പ് കുടുംബ കോടതിയില്‍ നിന്നും ഫാസിലിനൊപ്പം ജീവിക്കാനുള്ള അനുമതി നല്‍കിയുള്ള ഉത്തരവ് ഹസീനക്ക് ലഭിച്ചു. തുടര്‍ന്നാണ് യുവതി ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഭര്‍ത്താവ് ഒരു കാരണവും പറയാതെയാണ് തന്നെ തലാഖ് ചൊല്ലിയതെന്ന് ഹസീന പറയുന്നു.

നിറം, വിദ്യാഭ്യാസം എന്നിവ കുറവാണെന്ന് പറഞ്ഞാണ് ഭര്‍ത്താവ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വലിയ പെരുന്നാള്‍ കൂടാന്‍ വീട്ടിലേക്ക് പോയതാണ്. തിരിച്ചെത്തിയപ്പോള്‍ വാതിലടച്ചു. മകന് 2 വയസുള്ളപ്പോഴാണ് ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുന്നത്. മകനെപ്പോലും ഭര്‍ത്താവും കുടുംബവും തിരിഞ്ഞ് നോക്കിയില്ലെന്നും ഹസീന പറയുന്നു. വിവാഹത്തിന് 50 പവന്‍ സ്ത്രീധനമായി വരന് നല്‍കിയിരുന്നു. ഇതില്‍ 42 പവന്‍ ഭര്‍ത്താവിന്റെ പക്കലാണുള്ളത്.

തന്നെ സ്വീകരിക്കാന്‍ തയാറല്ലെങ്കില്‍ സ്ത്രീധനമായി നല്‍കിയ സ്വര്‍ണ്ണം തിരിച്ചുനല്‍കണമെന്ന് ഹസീന ആവശ്യപ്പെട്ടു. തന്റെ 90,000 രൂപയും ഭര്‍ത്താവിന്റെ കൈവശമുണ്ട്. ആ പണവും തനിക്ക് നല്‍കിയില്ല. എന്നെ ഏറ്റെടുക്കില്ല എന്നാണ് ഭര്‍ത്താവ് പറയുന്നത്. തനിക്ക് നീതി ലഭിക്കണമെന്ന് യുവതി പറയുന്നു. അതേസമയം ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

വീടിന്റെ വരാന്തയില്‍ കഴിയുന്ന യുവതിക്കും കുഞ്ഞിനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ഭര്‍ത്തൃവീട്ടുകാര്‍ തടസ്സം നില്‍ക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ പറഞ്ഞു. കുടിക്കാന്‍ പൈപ്പില്‍ നിന്ന് വെള്ളമെടുക്കാതിരിക്കാന്‍ കണക്ഷന്‍ ക്രോസ് ചെയ്ത് വെക്കുകയും കിണറ്റില്‍ നിന്ന് വെള്ളം കോരാതിരിക്കാന്‍ പാളയും കയറും അറുത്തുമാറ്റുകയും ചെയ്തു. കൂടാതെ, യുവതിയുടെ സഹോദരങ്ങള്‍ ഭക്ഷണം എത്തിക്കുന്നത് തടയാനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവിനൊപ്പം താമസിക്കാനുള്ള കോടതി ഉത്തരവ് ഹസീനയുടെ പക്കലുണ്ടെങ്കിലും, വീട് പൂട്ടി ഭര്‍ത്താവ് മാറിനില്‍ക്കുന്നത് പോലീസിനെ കുഴപ്പിക്കുന്നു. 'റെസിഡന്‍ഷ്യല്‍ ഓര്‍ഡര്‍' ഇല്ലാത്തതിനാല്‍ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറ്റാന്‍ പോലീസിന് സാങ്കേതിക തടസ്സമുണ്ടെന്നാണ് വിശദീകരണം. നിലവില്‍ ഇവര്‍ നിയമപരമായി ദമ്പതികളാണെന്നും എന്നാല്‍ ഭര്‍ത്താവ് ഏകപക്ഷീയമായി ചൊല്ലിയ തലാഖ് നിയമവിരുദ്ധമാണെന്നും നൗഷാദ് പറഞ്ഞു.

Tags:    

Similar News