2025ലും ലക്ഷ്യമിട്ടത് ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണ കൊള്ള തന്നെ; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സംശയ നിഴലില്‍ തന്നെ; മറ്റ് ബോര്‍ഡ് അംഗങ്ങളേയും ചോദ്യം ചെയ്യും; സ്‌പെഷ്യല്‍ കമ്മിഷണറെ വെട്ടിച്ച് കടത്തിയത് എന്തിന്? എസ്ഐടി അന്വേഷണം ഉന്നതരിലേക്ക്

Update: 2026-01-08 01:50 GMT

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കുരുക്കിലാകുമോ? സ്വര്‍ണം പൂശാനെന്ന വ്യാജേന കഴിഞ്ഞ സെപ്റ്റംബറില്‍ ശില്പങ്ങള്‍ കടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണസംഘം നടപടികളിലേക്ക് കടക്കുകയാണ്. പ്രശാന്തിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. 2019-ലെ വന്‍ സ്വര്‍ണക്കൊള്ള മറയ്ക്കാനാണോ 2025-ല്‍ ഈ പുതിയ നാടകം കളിച്ചതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ 2025- സെപ്റ്റംബറില്‍ കൊണ്ടുപോയതിലുള്ള അന്വേഷണം പ്രത്യേക അന്വേഷണസംഘം ശക്തമാക്കും. കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലാണ് ഇതിന്റെ സൂചനകളുള്ളത്. സ്വര്‍ണക്കൊള്ള റിപ്പോര്‍ട്ട് ചെയ്തസമയത്ത് 2019-ല്‍ നടന്നതുമാത്രം അന്വേഷിക്കാനായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഓരോ രണ്ടാഴ്ച കൂടിയപ്പോഴും എസ്‌ഐടി ഹൈക്കോടതിക്ക് നല്‍കിവന്ന റിപ്പോര്‍ട്ടുകളില്‍ പുതിയ വിവരങ്ങള്‍ വന്നതോടെ കേസിന്റെ വ്യാപ്തി കൂടി. നാലു വിഭാഗങ്ങളായുള്ള അന്വേഷണമായി വികസിക്കാനിടയാക്കി. നാലാമത്തെ വിഭാഗമായിട്ടാണ് കഴിഞ്ഞവര്‍ഷം ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് ഉള്‍പ്പെട്ടത്. ഈ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മിഷണറെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് സെപ്റ്റംബര്‍ ഏഴിന് ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ ഇളക്കി കൊണ്ടുപോയത്. വിവരമറിഞ്ഞ സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ഉന്നതതലത്തിലുള്ള ഗൂഢാലോചന പുറത്തായത്. 2019-ല്‍ നടന്ന കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ ക്രമക്കേടുകള്‍ മൂടിവെയ്ക്കാന്‍ പുതിയ സ്വര്‍ണം പൂശല്‍ കരാറിലൂടെ ശ്രമിച്ചോ എന്നാണ് എസ്ഐടി പരിശോധിക്കുന്നത്.

കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരുമായി പ്രശാന്തിന് ബന്ധമുണ്ടോ എന്നതിലേക്കാണ് അന്വേഷണം നീളുന്നത്. ഈ കമ്പനി അത്ര പ്രൊഫഷണല്‍ അല്ലെന്ന് തിരുവാഭരണം കമ്മിഷണര്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ എട്ടു ദിവസത്തിനുശേഷം ഉന്നത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് തിരുത്തി കമ്പനിയെ വെള്ളപൂശിയതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഈ 'തിരുത്തല്‍' നടത്തിയത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നത് പ്രശാന്തിന് വന്‍ തിരിച്ചടിയാകും. ഇതു സംബന്ധിച്ച് മൊഴികള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.

പി.എസ്. പ്രശാന്തിന്റെ മൊഴി എടുത്ത സാഹചര്യത്തില്‍ അന്നത്തെ ബോര്‍ഡിലെ മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. വിജയ് മല്യയുടെ കാലം മുതല്‍ തുടങ്ങിയ സ്വര്‍ണക്കണക്കുകള്‍ ഹൈക്കോടതി സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

Tags:    

Similar News