'ഒരു ജൂനിയര്‍ ബോക്‌സറുമായി മേരി കോമിന് ബന്ധമുണ്ടായിരുന്നു; പിന്നീട് ബോക്‌സിങ് അക്കാദമിയിലെ മറ്റൊരു വ്യക്തിയുമായി ബന്ധത്തിലായി; വാട്‌സാപ് മെസേജുകള്‍ തെളിവായി എന്റെ പക്കലുണ്ട്; ഇപ്പോള്‍ ആരോടൊപ്പമാണെന്നും എനിക്കറിയാം'; മേരി കോമിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഭര്‍ത്താവ്
ന്യൂഡല്‍ഹി: കോടിക്കണക്കിനു രൂപയും തന്റെ സ്വത്തിന്റെ ഉടമസ്ഥാവകാശവും തട്ടിയെടുത്തെന്ന ഇന്ത്യന്‍ ബോക്‌സിങ് ഇതിഹാസം മേരി കോമിന്റെ ആരോപണം നിഷേധിച്ച് മുന്‍ ഭര്‍ത്താവ് കരുങ് ഓന്‍ഖോലര്‍ (ഓണ്‍ലര്‍). മേരിക്കെതിരെ പരപുരുഷ ആരോപണങ്ങളുമായാണ് ഓണ്‍ലര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ഓണ്‍ലര്‍ തന്നില്‍നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്കു നഷ്ടപ്പെട്ടുവെന്നും മേരി കോം ആരോപിച്ചത്. ഇതിനു മറുപടിയായിട്ടാണ് ഓണ്‍ലര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ നിഷേധിച്ച ഓണ്‍ലര്‍, മേരി കോമിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്നും ആരോപിച്ചു.
2013ല്‍ ഒരു ജൂനിയര്‍ ബോക്‌സറുമായി മേരി കോം ബന്ധമുണ്ടായിരുന്നെന്നും ഇതു സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പിലെത്തിയതിനു പിന്നാലെ 2017 മുതല്‍ ബോക്‌സിങ് അക്കാദമിയിലെ മറ്റൊരു വ്യക്തിയുമായി താരം ബന്ധത്തിലായെന്നും ഓണ്‍ലര്‍ വെളിപ്പെടുത്തി. ''2013ല്‍ അവള്‍ക്ക് ഒരു ജൂനിയര്‍ ബോക്‌സറുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി, അതിനുശേഷം ഞാന്‍ വിട്ടുവീഴ്ച ചെയ്തു. 2017 മുതല്‍ മേരി കോം ബോക്‌സിങ് അക്കാദമിയില്‍ ജോലി ചെയ്യുന്ന ഒരാളുമായി അവള്‍ക്ക് ബന്ധമുണ്ട്. അവരുടെ വാട്‌സാപ് മെസേജുകള്‍ തെളിവായി എന്റെ പക്കലുണ്ട്. അവള്‍ക്ക് ബന്ധമുണ്ടായിരുന്ന വ്യക്തിയുടെ പേര് ഉള്‍പ്പെടെ കൈവശമുണ്ടായിട്ടും ഞാന്‍ മൗനം പാലിച്ചു.'' വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസുമായുള്ള അഭിമുഖത്തില്‍ ഓണ്‍ലര്‍ പറഞ്ഞു.
മേരി കോം ജീവിതത്തില്‍ മുന്നോട്ട് പോകുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും പക്ഷേ പരസ്യമായി തന്നെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ''അവള്‍ ഒറ്റയ്ക്ക് താമസിക്കാനും മറ്റൊരു ബന്ധം പുലര്‍ത്താനും ആഗ്രഹിച്ചു. ഞങ്ങള്‍ വിവാഹമോചിതരാണ്. വീണ്ടും വിവാഹിതയാകണമെന്ന് അവള്‍ ആഗ്രഹിച്ചാല്‍ എനിക്ക് പ്രശ്നമില്ല. പക്ഷേ എന്നെ ഒരിക്കലും കുറ്റപ്പെടുത്തരുത്. അവള്‍ എന്നെ കുറ്റപ്പെടുത്തണമെങ്കില്‍, തെളിവ് കൊണ്ടുവരിക; പേപ്പറുകള്‍ എടുക്കുക. അവള്‍ എവിടെയാണ് താമസിക്കുന്നതെന്നും ആരോടൊപ്പമാണെന്നും എനിക്കറിയാം.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണം തട്ടിയെടുത്തെന്ന മേരി കോമിന്റെ ആരോപണവും ഓണ്‍ലര്‍ നിഷേധിച്ചു. തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ''18 വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവള്‍ക്കു മാനസിക വിഭ്രാന്തിയാണ്. 18 വര്‍ഷം ഞാന്‍ അവളോടൊപ്പം താമസിച്ചു. എനിക്ക് എന്താണ് ഉള്ളത്? എന്റെ വീട് നോക്കൂ. ഞാന്‍ ഡല്‍ഹിയില്‍ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. അവള്‍ ഒരു സെലിബ്രിറ്റിയാണ്. അവള്‍ എന്ത് പറഞ്ഞാലും ചിലര്‍ കേള്‍ക്കും.''
''ഞാന്‍ എന്റെ വിവാഹമോതിരം നീക്കം ചെയ്തു. കാരണം അവളെ എനിക്കു വിശ്വാസമില്ല. അവള്‍ ലോക് അദാലത്തില്‍ പോയി ഞാന്‍ വായ്പയെടുത്ത് സ്വത്ത് മോഷ്ടിച്ചുവെന്ന് പറയുന്നു. സ്വത്ത് എന്റെ പേരിലാണെങ്കില്‍, അവളുടെ കൈവശം രേഖകള്‍ ഉണ്ടായിരിക്കുമല്ലോ? അവള്‍ ആ രേഖകള്‍ കൊണ്ടുവരട്ടെ, എന്നിട്ടു നമുക്ക് സംസാരിക്കാം.ഞങ്ങള്‍ക്ക് വിവാഹമോചനം ലഭിച്ചു. എന്റെ കുട്ടികളെ സ്‌നേഹിക്കുന്നതിനാല്‍ കോടതിയില്‍ പോരാടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ദേശീയ മാധ്യമങ്ങളോട് എന്റെ ഭര്‍ത്താവ് പണം മോഷ്ടിക്കുകയാണെന്ന് പറയുന്നതിന്റെ അര്‍ഥമെന്താണ്? ഞാന്‍ അവളോട് എന്തു ചെയ്തു?
''എല്ലാ അവകാശവാദങ്ങള്‍ക്കും തെളിവുകള്‍ കൊണ്ടുവരിക, എന്റെ കൈവശം കോടിക്കണക്കിന് പണമുണ്ടെങ്കില്‍ അത് തെളിയിക്കുക. പണം മോഷ്ടിച്ചതിന് അവര്‍ എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നത്? തിരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ എടുത്ത കോടികളുടെ വായ്പയെക്കുറിച്ചാണ് അവള്‍ സംസാരിച്ചത്. തെളിവ് എന്താണ്? ഞാന്‍ എന്റെ സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിയാണ് തിരഞ്ഞെടുപ്പിനായി പണം ചെലവഴിച്ചത്.'' ഓണ്‍ലര്‍ കൂട്ടിച്ചേര്‍ത്തു.
മേരി കോമിന്റെ കരിയറിലെയും വ്യക്തിജീവിതത്തിലെയും വിവിധ ഘട്ടങ്ങളില്‍ പിന്തുണച്ചെങ്കിലും അവരുടെ ആരോപണങ്ങള്‍ വളരെയധികം വേദനിപ്പിച്ചതായി ഓണ്‍ലര്‍ പറഞ്ഞു.''എനിക്ക് അവളോട് ക്ഷമിക്കാന്‍ കഴിയും, പക്ഷേ അവള്‍ എന്നോട് ചെയ്തത് ഒരിക്കലും മറക്കില്ല. ആരാണ് അവളുടെ അക്കാദമിയുടെ വിത്തുകള്‍ പാകിയത്? ആരാണ് റജിസ്റ്റര്‍ ചെയ്തത്? ഇപ്പോള്‍ ഒരാള്‍ ചെയര്‍മാനായി മാറിയിരിക്കുന്നു, പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവള്‍ എന്നോട് ചെയ്തത് എന്നെ വേദനിപ്പിച്ചു. 2013 മുതല്‍ ഞങ്ങള്‍ ഡല്‍ഹിയിലാണ്. എന്റെ മക്കള്‍ ബോര്‍ഡിങ് സ്‌കൂളിലാണ്. തീര്‍ച്ചയായും, അവള്‍ സമ്പാദിക്കുകയും ഫീസ് നല്‍കുകയും ചെയ്തു, പക്ഷേ ആരാണ് അവരെ വളര്‍ത്തിയത്?'
''ഹോസ്റ്റലില്‍ താമസിക്കുന്ന എന്റെ മക്കളെ കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. അവളുടെ കുട്ടികളാണെന്ന് അവള്‍ പറയുന്നത്, പക്ഷേ അവര്‍ എന്റെ രക്തവുമാണ്. ഞാന്‍ മദ്യപാനിയാണെന്ന് അവള്‍ പറഞ്ഞു. ശരിയാണ് പാര്‍ട്ടികള്‍ക്കിടയില്‍ ഞാന്‍ മദ്യപിക്കാറുണ്ട്. പക്ഷേ അവളും അങ്ങനെ തന്നെ. അവള്‍ വോഡ്കയും റമ്മും കഴിച്ചിട്ടുണ്ട്. എന്നാല്‍ മദ്യപിച്ചതിന് എന്നെ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങളോട് ഞാന്‍ ഒരിക്കലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.'' ഓണ്‍ലര്‍ പറഞ്ഞു.
അവസാനമായി, 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് പരുക്കേറ്റെങ്കിലും, മേരി കോം മുംബൈയിലേക്ക് പോയി ബന്ധം തുടര്‍ന്നെന്നും അതിനു തെളിവുണ്ടെന്നും ഓണ്‍ലര്‍ ആരോപിച്ചു. ''2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ അവര്‍ക്ക് പരുക്കേറ്റു, പക്ഷേ എന്നിട്ടും മുംബൈയിലേക്ക് പോയി. അവര്‍ ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയുടെ പേര് എന്റെ പക്കലുണ്ട്. ഞാന്‍ മൗനം പാലിക്കുകാണ്.'' ഓണ്‍ലര്‍ പറഞ്ഞു. 2005ല്‍ വിവാഹിതരനായ മേരി കോമിനും ഓണ്‍ലര്‍ക്കും നാലു മക്കളുണ്ട്. 2023ലാണ് ഇവര്‍ വിവാഹമോചിതരായത്.
മേരി കോമിന്റെ ആരോപണങ്ങള്‍
തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മേരി കോം നേരത്തെ പറഞ്ഞിരുന്നു. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി പരിക്കേറ്റ് കിടപ്പിലായപ്പോഴാണ് താന്‍ ഇത്രയും കാലം വിശ്വസിച്ചിരുന്ന ഭര്‍ത്താവിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞതെന്ന് മേരി കോം വെളിപ്പെടുത്തി.
'അയാള്‍ തുടര്‍ച്ചയായി വായ്പകള്‍ എടുക്കുകയും എന്റെ വസ്തുവകകള്‍ സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു. മണിപ്പൂരിലെ പ്രാദേശിക സംഘങ്ങളില്‍ നിന്ന് പണം കടം വാങ്ങിയതിനെത്തുടര്‍ന്ന് എന്റെ ഭൂമി അവര്‍ പിടിച്ചെടുത്തു. ഞാന്‍ മത്സരങ്ങളില്‍ ശ്രദ്ധിച്ചിരുന്ന സമയത്ത് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല. അത് അയാള്‍ മുതലെടുത്തു,' മേരി കോം ആരോപിച്ചു. തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നതില്‍ നിന്നും ഇനിയെങ്കിലും തന്നെ വെറുതെ വിടണമെന്ന് അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. 2005ല്‍ വിവാഹിതരായ ഇവര്‍ക്ക് നാല് കുട്ടികളുണ്ട്. 2023ലാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്.
