കവടിയാര്‍ 'കൈവിടുമോ'? ശബരിനാഥന്റെ നിയമസഭാ പ്രവേശനത്തിന് തടസ്സമായി ബിജെപി ഭീഷണി; മുന്‍ എംഎല്‍എയ്ക്ക് തല്‍കാലം കൗ്ണ്‍സിലറായി തുടരേണ്ടി വരും; ബിജെപിക്ക് തിരുവനന്തപുരത്ത് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കെ.എസ്. ശബരിനാഥന് സ്വന്തം വാര്‍ഡിലെ രാഷ്ട്രീയ സാഹചര്യം കടുത്ത വെല്ലുവിളിയാകുന്നു. ശബരിനാഥന്‍ നിയമസഭയിലേക്ക് മാറിയാല്‍ കവടിയാര്‍ വാര്‍ഡ് ബിജെപി പിടിച്ചെടുക്കുമെന്ന ഭയമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ കുഴപ്പിക്കുന്നത്. ബിജെപിക്ക് അതിശക്തമായ സ്വാധീനമുള്ള കവടിയാറില്‍ ശബരിനാഥനല്ലാതെ മറ്റൊരു മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക പ്രയാസമാണെന്ന വിലയിരുത്തല്‍ അദ്ദേഹത്തിന് നിയമസഭാ സീറ്റ് നിഷേധിക്കപ്പെടാന്‍ കാരണമായേക്കാം.
നിയമസഭയിലേക്കുള്ള ടിക്കറ്റ് ലഭിക്കണമെങ്കില്‍ കവടിയാര്‍ വാര്‍ഡ് സുരക്ഷിതമായി മറ്റൊരു കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിയുമെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ട വലിയ ഉത്തരവാദിത്തം ശബരിനാഥനുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 101 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 50 അംഗങ്ങളുണ്ട്. കവടിയാറില്‍ ഉപതിരഞ്ഞെചുപ്പ് വരികയും ബിജെപി ജയിക്കുകയും ചെയ്താല്‍ അംഗ സംഖ്യ 51 ആയി ഉയര്‍ത്താന്‍ ബിജെപിക്കാകും. അതുകൊണ്ട് കവടിയാറില്‍ ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ഇതാണ് ശബരിനാഥിന് വിനയാകുന്നത്. ഇക്കാര്യം ശബരിനാഥിനും അറിയാം. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിനാഥന്‍ മത്സരിക്കാന്‍ സാധ്യത കുറവാണ്.
ബിജെപിയുടെ ഉറച്ച കോട്ടകളില്‍ ഒന്നായ കവടിയാറില്‍ കഴിഞ്ഞ തവണ വെറും ഒരു വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. ഇത്തവണ ശബരിനാഥന്‍ എത്തിയതോടെയാണ് ഭൂരിപക്ഷം 74-ലേക്ക് ഉയര്‍ത്താനും ബിജെപിയുടെ മുതിര്‍ന്ന നേതാവ് എന്‍. മധുസൂദനനെ തളയ്ക്കാനും കോണ്‍ഗ്രസിന് സാധിച്ചത്. ശബരിനാഥന്‍ രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ പോയാല്‍ ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡ് തിരിച്ചുപിടിക്കുമെന്ന് ബിജെപി ഉറച്ചു വിശ്വസിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പിക്കാന്‍ അവസരമൊരുക്കുന്ന അത്തരമൊരു നീക്കത്തിന് പാര്‍ട്ടി തയ്യാറാകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ശബരിനാഥന്റെ പേര് സജീവമായി ഉയരുന്നുണ്ടെങ്കിലും, കവടിയാറിലെ ഈ 'റിസ്‌ക്' അദ്ദേഹത്തിന് തിരിച്ചടിയാണ്. വി.എസ്. ശിവകുമാറിനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളും സി.പി. ജോണിനെപ്പോലെയുള്ള സഖ്യകക്ഷി നേതാക്കളും തിരുവനന്തപുരം സെന്‍ട്രലിനായി രംഗത്തുണ്ട്. ശബരിനാഥന്‍ മാറിയാല്‍ കവടിയാര്‍ വാര്‍ഡ് നിലനിര്‍ത്താന്‍ കഴിയുന്ന മറ്റൊരു ജനകീയ മുഖം നിലവില്‍ കോണ്‍ഗ്രസ് നിരയിലില്ല. നഗരസഭയിലെ അംഗബലം കുറയുന്നത് കോണ്‍ഗ്രസിന് തലസ്ഥാനത്ത് വലിയ ക്ഷീണമുണ്ടാക്കും.
ആന്റണി രാജുവിന്റെ അയോഗ്യതയും തോമസ് ഐസക്കിന്റെ വരവും തിരുവനന്തപുരത്തെ പോരാട്ടം കടുപ്പിക്കുകയാണ്. ബിജെപിയില്‍ നിന്ന് കൃഷ്ണകുമാറും കരമന ജയനും എത്തുന്നതോടെ ത്രികോണ മത്സരം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ശബരിനാഥനെപ്പോലൊരു യുവനേതാവിനെ നിയമസഭയിലേക്ക് അയക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെങ്കിലും, കവടിയാര്‍ വാര്‍ഡ് ബിജെപിക്ക് 'ദാനമായി' നല്‍കേണ്ടി വരുമോ എന്ന പേടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു.
