ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാന്‍ ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തി ട്രംപ്! എതിര്‍ക്കുന്നവര്‍ക്ക് മേല്‍ കനത്ത നികുതി; മറുപടിയായി സൈന്യത്തെ വിന്യസിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; ഗ്രീന്‍ലന്‍ഡില്‍ പറന്നിറങ്ങി ഫ്രഞ്ച് സൈന്യം; ട്രംപിന്റെ താരിഫ് വിരട്ടല്‍ തള്ളി ബ്രിട്ടനും ജര്‍മ്മനിയും; ലോകത്തിലെ ഏറ്റവും വലിയ ദ്വീപിനായി വന്‍ശക്തികള്‍ കൊമ്പുകോര്‍ക്കുന്നു

Update: 2026-01-16 17:38 GMT

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത നീക്കം! ഗ്രീന്‍ലന്‍ഡ് എന്ന ദ്വീപ് സ്വന്തമാക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തിയാണ് രംഗത്തെത്തിയത്. ഗ്രീന്‍ലന്‍ഡ് അമേരിക്കയ്ക്ക് വിട്ടുതരാന്‍ സമ്മതിക്കാത്ത രാജ്യങ്ങളുടെ മേല്‍ കനത്ത ഇറക്കുമതി ചുങ്കം (Tariff) ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ താക്കീത്.

'ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ഞങ്ങളുടെ നീക്കത്തിനൊപ്പം നില്‍ക്കാത്ത രാജ്യങ്ങള്‍ക്ക് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. അവര്‍ക്ക് മേല്‍ ഞാന്‍ താരിഫ് ഏര്‍പ്പെടുത്തും,' വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് ആഞ്ഞടിച്ചു. ഡെന്മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലന്‍ഡിനെ ചൊല്ലി ഒരു അന്താരാഷ്ട്ര തര്‍ക്കമാണ് ട്രംപ് തുറന്നുവിട്ടിരിക്കുന്നത്. ട്രംപ് ഒരു വശത്ത് ഭീഷണി മുഴക്കുമ്പോള്‍, മറുവശത്ത് അമേരിക്കയിലെ തന്നെ ഒരു സംഘം എംപിമാര്‍ ഈ നീക്കത്തെ തടയാന്‍ രംഗത്തുണ്ട്. ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ എത്തിയ 11 അംഗ യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം, ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണുമായി ചര്‍ച്ച നടത്തി. ട്രംപിന്റെ ഭീഷണിയില്‍ വിറച്ചുനില്‍ക്കുന്ന തങ്ങളുടെ സഖ്യകക്ഷികളെ സമാധാനിപ്പിക്കാനാണ് ഈ 'സമാധാന' സന്ദര്‍ശനം.

അതേ സമയം ട്രംപിന്റെ വിരട്ടല്‍ കേട്ട് വെറുതെ ഇരിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും തയ്യാറല്ല. കഴിഞ്ഞ ദിവസം ബ്രിട്ടന്‍, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, നോര്‍വേ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ സൈന്യത്തെ ഗ്രീന്‍ലന്‍ഡിലേക്ക് അയച്ചതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപിന്റെ മോഹങ്ങള്‍ക്ക് തടയിടാന്‍ യൂറോപ്യന്‍ ശക്തികള്‍ ഒന്നിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ട്രംപിന്റെ വാക്കുകള്‍ കേട്ട് ലോകം ഞെട്ടേണ്ടതില്ലെന്നാണ് ഡെമോക്രാറ്റിക് സെനറ്റര്‍ ഡിക് ഡര്‍ബിന്‍ പറയുന്നത്. 'അമേരിക്കന്‍ ജനതയുടെ വികാരമല്ല പ്രസിഡന്റ് പ്രകടിപ്പിക്കുന്നത്. ദശകങ്ങളായി ഞങ്ങളുടെ സുഹൃത്തുക്കളായ ഗ്രീന്‍ലന്‍ഡിനൊപ്പം ഞങ്ങള്‍ ഉറച്ചുനില്‍ക്കും,' അദ്ദേഹം വ്യക്തമാക്കി. ഡെന്മാര്‍ക്ക് പ്രതിനിധികളും ട്രംപിന്റെ ഈ ആവശ്യത്തോട് 'അടിസ്ഥാനപരമായ വിയോജിപ്പ്' നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ സൈന്യത്തെ വിന്യസിച്ചത് ട്രംപിനെ ബാധിക്കില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറയുന്നത്. 'യൂറോപ്പിലെ സൈനിക നീക്കങ്ങള്‍ പ്രസിഡന്റിന്റെ തീരുമാനത്തെയോ ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാനുള്ള ലക്ഷ്യത്തെയോ ബാധിക്കില്ല' എന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ നോക്കുന്ന ട്രംപിന് മുട്ടന്‍ പണി കൊടുത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി കഴിഞ്ഞു. വെറും വാക്കിലൊതുക്കാതെ, ഫ്രഞ്ച് സൈന്യത്തെ ഗ്രീന്‍ലന്‍ഡിലേക്ക് അയച്ചാണ് മാക്രോണ്‍ ട്രംപിനെ ഞെട്ടിച്ചിരിക്കുന്നത്. 'ഞങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം' എന്ന ശക്തമായ മുന്നറിയിപ്പാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിലൂടെ അമേരിക്കയ്ക്ക് നല്‍കുന്നത്. 'ഫ്രഞ്ച് സൈനികരുടെ ആദ്യ സംഘം ഇതിനോടകം തന്നെ ഗ്രീന്‍ലന്‍ഡില്‍ എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ കര, വ്യോമ, നാവിക സേനകളുടെ വന്‍ സന്നാഹം തന്നെ അവിടെ എത്തും,' മാക്രോണ്‍ പ്രഖ്യാപിച്ചു. വെറുമൊരു സൈനിക അഭ്യാസമല്ല ഇത്, മറിച്ച് അമേരിക്കയുടെ അനാവശ്യമായ കടന്നുകയറ്റ ശ്രമങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കുന്നു എന്നതിന്റെ വ്യക്തമായ 'സിഗ്‌നല്‍' കൂടിയാണിതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ആലീസ് റുഫോയും വ്യക്തമാക്കി. ട്രംപിന്റെ അധികാര മോഹങ്ങള്‍ക്കെതിരെ ശനിയാഴ്ച ഡെന്മാര്‍ക്കിലും ഗ്രീന്‍ലന്‍ഡിലും വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വെറും പ്രതിഷേധമല്ല, ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം സോഷ്യല്‍ മീഡിയ വഴി തങ്ങള്‍ തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നുക്കിലും കോപ്പന്‍ഹേഗനിലും മാത്രമല്ല, ആര്‍ഹസ്, ആല്‍ബോര്‍ഗ് തുടങ്ങി പ്രമുഖ നഗരങ്ങളെല്ലാം പ്രതിഷേധക്കടലാകും.

ഗ്രീന്‍ലന്‍ഡിലെ അപൂര്‍വ്വ (മിനറല്‍) ശേഖരത്തിലാണ് ട്രംപിന്റെ കണ്ണ് എന്നാണ് ലഭിക്കുന്ന വിവരം. ഗ്രീന്‍ലന്‍ഡിന് മതിയായ സുരക്ഷയൊരുക്കാന്‍ ഡെന്മാര്‍ക്കിന് കഴിയുന്നില്ലെന്നും അതുകൊണ്ട് അമേരിക്ക അത് ഏറ്റെടുക്കുമെന്നുമാണ് ട്രംപിന്റെ വിചിത്രമായ വാദം. എന്നാല്‍, നാറ്റോ (NATO) സഖ്യത്തിന്റെ ഭാഗമായ ഗ്രീന്‍ലന്‍ഡിന് എന്ത് സുരക്ഷാ പ്രശ്‌നമാണ് ഉള്ളതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. അതേ സമയം അമേരിക്കന്‍ പ്രസിഡന്റിന്റെ മോഹങ്ങള്‍ തള്ളി ഡെന്മാര്‍ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കെ റാസ്മുസെന്‍ രംഗത്ത് വന്നു. 'ഗ്രീന്‍ലന്‍ഡിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല' എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഇതോടെ ട്രംപിന്റെ നീക്കങ്ങള്‍ പാളുമെന്നുറപ്പായി.

ഡെന്മാര്‍ക്ക് തങ്ങളുടെ പ്രതിരോധം ശക്തമാക്കിയതോടെ ഗ്രീന്‍ലന്‍ഡിന്റെ തലസ്ഥാനമായ നുക്കില്‍ സൈനികരുടെ സാന്നിധ്യം വര്‍ദ്ധിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രസ്താവനകള്‍ അമേരിക്കയില്‍ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

ഗ്രീന്‍ലന്‍ഡിന് വേണ്ടി ട്രംപ് ഇത്രത്തോളം വാശി പിടിക്കുന്നത് എന്തിനാണ്? ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് സ്വന്തമാക്കി ചരിത്രത്തില്‍ ഇടംപിടിക്കാനാണോ ട്രംപിന്റെ ശ്രമം? അതോ ഇതിനു പിന്നില്‍ മറ്റ് വന്‍കിട പ്രതിരോധ താല്‍പ്പര്യങ്ങളുണ്ടോ? ഡെന്മാര്‍ക്കും അമേരിക്കയും തമ്മിലുള്ള ഈ പോര് എങ്ങോട്ടാണ് നീങ്ങുന്നത് എന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.

Tags:    

Similar News