ശബരിമല ക്ഷേത്രത്തിന്റെ മറവില്‍ നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍! 'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ'യുമായി ഇഡി! പോറ്റിയുടെയും പത്മകുമാറിന്റെയുമടക്കം മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ഒരേസമയം റെയ്ഡ്; 21 കേന്ദ്രങ്ങളില്‍ പരിശോധന; പിടിച്ചെടുത്തത് നിര്‍ണ്ണായക രേഖകള്‍; ദേവസ്വം ബോര്‍ഡും സംശയനിഴലില്‍

Update: 2026-01-20 05:23 GMT

തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പല ഉന്നതരും മുന്‍ ഭരണസമിതി അംഗങ്ങളും കുടുങ്ങിയേക്കുമെന്ന് സൂചന. സ്വര്‍ണ്ണക്കൊള്ളയില്‍ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ അന്വേഷണം. ശബരിമല ക്ഷേത്രത്തെ ഉപയോഗിച്ച് നടത്തിയ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി കണ്ടെത്തുമെന്നാണ് ഇഡി പറയുന്നത്. ശബരിമലയിലേക്ക് എത്തുന്ന സംഭാവന കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുണ്ടെന്നാണ് ഇഡി പറയുന്നത്. ദേവസ്വം ബോര്‍ഡിന്റെ ധനവിനിയോഗത്തിലടക്കം ക്രമക്കേടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള അന്വേഷണമുണ്ടാകും.മുന്‍ ഭരണസമിതികളുടെ എല്ലാം ഇടപാടുകള്‍ അന്വേഷണ പരിധിയില്‍ വരുമെന്ന് വ്യക്തമായിക്കഴിഞ്ഞു. മാത്രമല്ല, ശബരിമലയില്‍ നടന്ന മുന്‍ സ്പോണ്‍സര്‍ഷിപ്പുകള്‍ ഇഡി അന്വേഷിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പല കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കും. പല പ്രമുഖരുടെയും നേരെ അന്വേഷണം നീളുമെന്നാണ് ഇഡിയുടെ വിശദീകരണത്തില്‍നിന്ന് വ്യക്തമാകുന്നത്. വഴിപാടുകളുടെ പേരില്‍, ആചാരങ്ങളുടെ പേരില്‍, സംഭാവനകളുടെ പേരില്‍, സ്പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ അങ്ങനെ നിരവധി ക്രമക്കേടുകള്‍ വര്‍ഷങ്ങളായി നടക്കുന്നുവെന്നാണ് ഇഡി കരുതുന്നത്. ഇതെല്ലാം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇഡി നടത്താന്‍ പോകുന്നത്.

സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലായി നടത്തുന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ ഇഡി പുറത്തുവിട്ടു. 21 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതല്‍ ഇഡി പരിശോധന ആരംഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എന്‍ വാസു തുടങ്ങിയവരുടെ വീടുകളിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തി പരിശോധന ആരംഭിച്ചു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്റെ വീട്ടിലും ഇഡി സംഘം റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഗോവര്‍ധന്റെ ജ്വല്ലറിയിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ ശ്രീറാംപുരയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരിലാണ് ഇഡിയുടെ റെയ്ഡ്.

മുരാരി ബാബുവിന്റെ കോട്ടയത്തെ വീട്ടിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും എന്‍ വാസുവിന്റെ പേട്ടയിലെ വീട്ടിലും എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലുമാണ് ഇഡി റെയ്ഡ് നടക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും ഇഡി പരിശോധന ആരംഭിച്ചിട്ടുണ്ട്. കെപി ശങ്കരദാസ്, എന്‍ വിജയകുമാര്‍, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. നിലവില്‍ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ ഇഡി പരിശോധനയ്ക്ക് എത്തിയിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പരിശോധനയാണ് ഇഡി ആരംഭിച്ചിരിക്കുന്നത്.

പരിശോധനകള്‍ക്കായി ഇഡി സംഘം വെഞ്ഞാറമൂട്ടിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും സഹോദരിയുടെയും വീട്ടില്‍ എത്തിയെങ്കിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അമ്മ, സഹോദരിയുടെ വീട്ടില്‍ കാണുമെന്ന അനുമാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നും അമ്മയെ കൂട്ടിക്കൊണ്ടുപോയി ഇഡി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഒരു അന്വേഷണസംഘം കൂടി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ എത്തിയിട്ടുമുണ്ട്.

മുരാരി ബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടില്‍ രാവിലെ 7.34-ന് തുടങ്ങിയ പരിശോധന തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മുരാരി ബാബുവിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. 2019-ല്‍ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. ഇയാളുടെ അഡംബര വീട് നിര്‍മാണം ഉള്‍പ്പെടെ സംശയനിഴലിലാണ്. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തുക്കളുടെ വിവരം തേടിയാണ് റെയ്‌ഡെന്നാണ് ഇഡി വ്യക്തമാക്കുന്നത്. രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കലിന്റെ പൂര്‍ണ്ണ വ്യാപ്തി കണ്ടെത്തുന്നതിനുമാണ് പരിശോധനയെന്നും ഇഡി വ്യക്തമാക്കി.

സ്വര്‍ണക്കൊള്ള കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്താണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. എസ്‌ഐടി പ്രതിചേര്‍ത്ത തന്ത്രി കണ്ഠര് രാജീവരടക്കം മുഴുവന്‍ പേരെയും പ്രതി ചേര്‍ത്താണ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായ കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, എന്‍. വാസു ഉള്‍പ്പെടെ പതിനഞ്ചിലേറെ പേര്‍ പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. 15ലധികം വരുന്ന പ്രതികളുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുടമക്കം ഇഡി റെയ്ഡ് നടത്തുന്നുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട് അടക്കം മൂന്നു സംസ്ഥാനങ്ങളിലായാണ് പരിശോധന. അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡിനുശേഷം സ്വത്ത് കണ്ടുക്കെട്ടല്‍ നടപടികളിലേക്കും വരും ദിവസങ്ങളില്‍ ഇഡി കടന്നേക്കും.

എസ്‌ഐടി അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഇഡിയുടെ ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. സ്വര്‍ണക്കൊള്ളയില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. കേസില്‍ പ്രതികളുടെ മൊഴിയും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ നേരത്തെ കൊല്ലം വിജിലന്‍സ് കോടതി ഇഡിയക്ക് കൈമാറിയിരുന്നു. സര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു നടപടി. കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം സമാന്തര അന്വേഷണം വന്നാല്‍ തടസ്സപ്പെടുമെന്നായിരുന്നു പ്രധാന വാദം. എന്നാല്‍, കള്ളപ്പണം വെളുപ്പില്‍ തടയല്‍ നിയമം പ്രകാരം ഇഡി ക്ക് അന്വേഷണം നടത്താമെന്നായിരുന്നു നിലപാട്. നിലവിലെ പ്രതികള്‍ക്ക് പുറമെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായി കടകംപള്ളി സുരേന്ദ്രന്‍ അടക്കം അന്വേഷണ പരിധിയില്‍ വരും. നേരത്തെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിലും വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വന്നിരുന്നു. എന്നാല്‍, കൊട്ടിഘോഷിച്ച് വന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് കാര്യമായ കണ്ടെത്തലുകളില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് അന്നുണ്ടായത്.

Tags:    

Similar News