ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് പുതിയ ആദായ നികുതി നിയമം; ടാക്‌സ് നിയമങ്ങള്‍ ലഘൂകരിക്കും; വിദേശയാത്രയുടെ ടിസിഎസ് അഞ്ചില്‍ നിന്ന് രണ്ട് ശതമാനമായി; വിദേശികള്‍ക്ക് ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാം; ഇന്ത്യയെ മരുന്ന് നിര്‍മാണ ഹബ്ബാക്കും; വനിതാ ഹോസ്റ്റലുകളടക്കം സ്ത്രീകള്‍ക്കുള്ള പ്രത്യേക പ്രഖ്യാപനങ്ങള്‍; കേരളത്തിന് നിരാശ; ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി നിര്‍മല സീതരാമന്‍

Update: 2026-02-01 07:17 GMT

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണത്തിനിടെ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 2026 ഏപ്രില്‍ മുതല്‍ പുതിയ ആദായ നികുതി നിയമം രാജ്യത്ത് നിലവില്‍ വരും. ടാക്‌സ് നിയമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നിലവില്‍ വരുന്നത്. ജൂലൈ 31വരെ ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കും. പരിശോധക്ക് ശേഷവും റിട്ടേണ്‍ വിവരങ്ങള്‍ പുതുക്കാം. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതല്‍ നികുതി ഉണ്ടായിരിക്കില്ല.

പുതുതായി നിലവില്‍ വരുന്ന നിയമം ആദായ നികുതി ഫയലിങ് ആയാസരഹിതമാക്കും. വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തില്‍ പറയുന്നത്. വിദേശ സ്വത്ത് വെളിപ്പെടുത്താന്‍ 6 മാസമാണ് സമയം അനുവദിച്ചിട്ടുള്ളത്. ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴ മാത്രമാണ് ശിക്ഷ. അതേസമയം, വാഹനാപകട ഇന്‍ഷുറന്‍സ് ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ പറയുന്നു.

വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി കുറയ്ക്കും. വിദേശയാത്രയുടെ ടിസിഎസ് 5ല്‍ നിന്ന് 2 ശതമാനമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ടിസിഎസും 5ല്‍ നിന്ന് 2 ശതമാനമാക്കി. ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്‌സ് ഹോളിഡേ ആണ്. കാപക്‌സില്‍ നിക്ഷേപിക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് 5 വര്‍ഷത്തേക്ക് നികുതിയിളവ് ഉണ്ടാകും. വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും. എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതിയില്ല. 17 കാന്‍സര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും.

വിദേശികള്‍ക്ക് ഇനി ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാം. ഓഹരി-കടപ്പത്ര വിപണികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇളവ് പ്രഖ്യാപിച്ചത്. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍ കൈവശംവെയ്ക്കാവുന്ന ഓഹരികളുടെ പരിധി വര്‍ധിപ്പിക്കുകയും ചെയ്തു. കോര്‍പ്പറേറ്റ് ബോണ്ട് വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി ) വര്‍ധിപ്പിക്കുന്നതിനായി പുതിയ മാര്‍ക്കറ്റ്-മേക്കിംഗ് ഫ്രെയിംവര്‍ക്കും പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിപണിയെ ആഗോള തലത്തില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികള്‍.

നിലവില്‍ വിദേശ നിക്ഷേപങ്ങള്‍ പ്രധാനമായും രജിസ്റ്റര്‍ ചെയ്ത വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (FPIs) അല്ലെങ്കില്‍ എന്‍ആര്‍ഐ (NRI) വഴിയാണ് വന്നിരുന്നത്. സാധാരണക്കാരായ വിദേശ നിക്ഷേപകര്‍ക്ക് ഇത് സങ്കീര്‍ണ്ണമായ പ്രക്രിയയായിരുന്നു. വിദേശത്തുള്ള വ്യക്തിഗത നിക്ഷേപകര്‍ക്ക് 'പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം' വഴി നേരിട്ട് ഇന്ത്യന്‍ ഓഹരികളില്‍ ഇതോടെ നിക്ഷേപിക്കാം.വിദേശ പങ്കാളിത്തത്തിന്റെ അടിത്തറ വിപുലീകരിക്കുകയും ആഭ്യന്തര എക്സ്ചേഞ്ചുകളെ ആഗോള മൂലധനവുമായി ബന്ധിപ്പിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. ലിസ്റ്റ് ചെയ്ത ഇന്ത്യന്‍ കമ്പനികളില്‍ വിദേശ വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന ഓഹരികളുടെ പരിധിയില്‍ മാറ്റംവരുത്തി.

കോര്‍പ്പറേറ്റ് ബോണ്ട് വിപണിയിലെ പരിഷ്‌കാരങ്ങള്‍

ഇന്ത്യന്‍ കടപ്പത്ര വിപണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലിക്വിഡിറ്റി കുറവ് പരിഹരിക്കുന്നതിനായി 'മാര്‍ക്കറ്റ്-മേക്കിംഗ് ഫ്രെയിംവര്‍ക്ക്' അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ ബോണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും സംവിധാനം വഴി കഴിയും.ഇതോടെ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്കും ബാങ്ക് വായ്പകള്‍ക്കും പകരമായി കോര്‍പ്പറേറ്റ് ബോണ്ടുകള്‍ കൂടുതല്‍ ആകര്‍ഷകമാകും. കമ്പനികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പണം സമാഹരിക്കാന്‍ ഇത് വഴിതുറക്കും.

സ്ത്രീകള്‍ക്കുള്ള പ്രത്യേക പ്രഖ്യാപനങ്ങള്‍

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ ശ്രദ്ധേയമായി സ്ത്രീകള്‍ക്കുള്ള പ്രഖ്യാപനങ്ങള്‍. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനം. മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ ശ്രദ്ധേയമായി സ്ത്രീകള്‍ക്കുള്ള പ്രഖ്യാപനങ്ങള്‍. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കും. ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍ സ്ഥാപിക്കും. ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങള്‍ക്ക് സഹായം നല്‍കും. വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാന് ആധുനിക സൗകര്യങ്ങളടക്കം സഹായം നല്‍കുമെന്നും ധനമന്ത്രി. സെല്‍ഫ് ഹെല്‍പ് എന്റര്‍പ്രണര്‍ (SHE) സ്ഥാപിക്കുമെന്നും പ്രഖ്യാപനം.

ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍, കേരളമില്ല

ഇന്ത്യയിലെ പുതിയ അതിവേഗ റെയില്‍ ഇടനാഴികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. പ്രധാനമായും ടയര്‍-2, ടയര്‍-3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും റെയില്‍വേയെ റോഡ്, ഹ്രസ്വദൂര വിമാന യാത്രകള്‍ക്ക് ബദലാക്കാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. അതേ സമയം പദ്ധതിയില്‍ കേരളം ഇടംനേടിയില്ല. മുംബൈ - പുണെ, പുണെ ഹൈദരാബാദ്, ഹൈദരാബാദ് ബെംഗളൂരു, ഹൈദരാബാദ് ചെന്നൈ, ചെന്നൈ ബെംഗളൂരു, ഡല്‍ഹി വാരാണസി, വാരാണസി സിലിഗുരി എന്നീ ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി പഖ്യാപിച്ചിത്. ഇതോടെ കേരള എംപിമാര്‍ 'കേരളം, കേരളം' എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ബജറ്റില്‍ കേരളത്തെ ചേര്‍ത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു. അപൂര്‍വ ധാതുഖനനം കൂട്ടാനാണ് പദ്ധതി. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ചേര്‍ത്താണ് ഇടനാഴി പ്രഖ്യാപിച്ചത്. പടിഞ്ഞാറന്‍, തെക്കന്‍, വടക്കന്‍, കിഴക്കന്‍ മേഖലകളെ ഒരുമിപ്പിക്കാനും വ്യാവസായിക കേന്ദ്രങ്ങള്‍, സാങ്കേതിക വിദ്യ കേന്ദ്രങ്ങള്‍, തീര്‍ത്ഥാടന നഗരങ്ങള്‍ എന്നിവയെ വേഗതയേറിയതും കൂടുതല്‍ സംയോജിതവുമായ ശൃംഖലയിലേക്ക് കൊണ്ടുവരാനുമാണ് ലക്ഷ്യമിടുന്നത്. മുന്‍കാല റെയില്‍വേ നവീകരണങ്ങള്‍ മെട്രോ-ടു-മെട്രോ ബന്ധങ്ങളില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി, പുതിയ പദ്ധതി ബോധപൂര്‍വ്വം ഇടത്തരം നഗരങ്ങളെ കേന്ദ്രീകരിക്കുന്നു.

തുടക്കത്തില്‍ തന്നെ കേരളത്തിനായി പ്രഖ്യാപനമുണ്ടായി. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം - ചവറ റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി കഴിഞ്ഞ ദിവസം കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്‌കരണം അടക്കം വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാല്‍പതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. കേരളത്തിന്റെ ധാതു സമ്പുഷ്ടി പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ ഗ്ലോബല്‍ ബയോ ഫാര്‍മ മാനുഫക്ചറിംഗ് ഹബ് ആക്കാന്‍ പതിനായിരം കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്‌നര്‍ നിര്‍മ്മാണത്തിനായി അയ്യായിരം കോടി രൂപയും നീക്കിവെച്ചു. നെയ്ത്തുകാര്‍ക്കും,കരകൗശല വിദഗ്ധര്‍ക്കുമായി നാഷണല്‍ ഹാന്‍ഡ്ലൂം ഹാന്‍ഡിക്രാഫ്റ്റ്‌സ് പദ്ധതിയും കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ നിമ്മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. നാഷണല്‍ ഫൈബര്‍ പ്രോജക്ട് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ചെറുകിട പദ്ധതികള്‍ക്കായി 2000കോടി രൂപ വകയിരുത്തുന്നതായും പ്രഖ്യാപിച്ചു.

ഇന്ത്യയെ മരുന്ന് നിര്‍മാണ ഹബ്ബാക്കും

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബയോഫാര്‍മ മേഖലയ്ക്കായി 10,000 കോടി രൂപ ബജറ്റില്‍ അനുവദിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. 'ബയോ ഫാര്‍മ ശക്തി' എന്ന പദ്ധതിയുടെ കീഴില്‍ ഈ മേഖലയെ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബയോഫാര്‍മ ഉത്പാദനത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ദീര്‍ഘകാല ആരോഗ്യസംരക്ഷണത്തിലും ലൈഫ് സയന്‍സ് മേഖലയിലെ വളര്‍ച്ചയിലും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നീക്കം രാജ്യത്തിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന് ശക്തമായ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ രോഗഭാരം കാന്‍സര്‍, പ്രമേഹം പോലുള്ള സാംക്രമികേതര രോഗങ്ങളിലേക്ക് (Non-Communicable Diseases) മാറുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ബയോളജിക് മരുന്നുകള്‍ നിര്‍ണായകമാകും. ഈ മരുന്നുകള്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബയോഫാര്‍മ, ബയോസിമിലര്‍ മേഖലകളില്‍ തദ്ദേശീയ ഉത്പാദനം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഏഴ് തന്ത്രപരമായ മേഖലകളിലെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് 'ബയോ ഫാര്‍മ ശക്തി' നടപ്പാക്കുന്നത്.

എങ്ങനെ ലക്ഷ്യം കൈവരിക്കും?

ബയോഫാര്‍മ മേഖലയെ കേന്ദ്രീകരിച്ച ഗവേഷണത്തിനും പരിശീലനത്തിനുമായി മൂന്ന് പുതിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (NIPER) സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. നിലവിലുള്ള ഏഴ് സ്ഥാപനങ്ങളുടെ നവീകരണവും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, 1,000 അംഗീകൃത ക്ലിനിക്കല്‍ ട്രയല്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ദേശീയ ശൃംഖല സ്ഥാപിക്കും. ഇത് മരുന്നുകളുടെ വികസനം വേഗത്തിലാക്കുകയും അവയുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിന് പുറമെ, ആഗോളനിലവാരത്തിലേക്ക് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ (CDSCO) നവീകരിക്കും.

പ്രമേഹം, കാന്‍സര്‍, മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സകളുടെയും മരുന്നുകളുടെയും വില കുറയുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തന്റെ തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റ് പ്രസംഗത്തിനിടെയാണ് നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം. പ്രമേഹം, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള താങ്ങാനാവുന്ന ചികിത്സ ഉറപ്പാക്കുക എന്നത് 2026 ലെ ബജറ്റിലെ ആരോഗ്യ സംരക്ഷണ മുന്‍ഗണനയാണെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ അമിതവണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചു വരികയാണെന്നും പൊതുജനാരോഗ്യം വെല്ലുവിളിയായി മാറുകയാണെന്നും സാമ്പത്തിക സര്‍വേയില്‍ ചൂണ്ടികാണിച്ചിരുന്നു. ആരോഗ്യ മേഖലയാക്കായി അഞ്ച് പ്രാദേശിക മെഡിക്കല്‍ ഹബ്ബുകള്‍ സ്ഥാപിക്കുമെന്നും ഇതുവഴി മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയില്‍ ഒരു മാനസികാരോഗ്യ സ്ഥാപനം കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ NIMHANS 2.0 സ്ഥാപിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു

Tags:    

Similar News