'ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല; ജനങ്ങളെ ഒപ്പം നിര്‍ത്തും; എന്റെ സ്ഥലം എടുക്കുവെന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരും'; 'അതിവേഗ റെയിലിനായി' പൊന്നാനിയില്‍ ഓഫീസ് തുറന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍; ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു; ആദ്യ യോഗം മലപ്പുറത്ത്; അശ്വിനി വൈഷ്ണവിന്റെ പ്രതികരണത്തിനായി കാതോര്‍ത്ത് കേരളം

Update: 2026-02-02 05:08 GMT

മലപ്പുറം: അതിവേഗ റെയില്‍ പാത പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ട്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം പൊന്നാനിയില്‍ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ ശ്രീധരന്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. തന്റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങള്‍ ദുരീകരിക്കാനുമാണ് ആദ്യ ഘട്ടത്തില്‍ ഓഫീസ് ഉപയോഗിക്കുയെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. പിന്നാലെ ജനങ്ങളിലേക്ക് ഈ പദ്ധതിയുടെ വിശദാംശങ്ങളുമായി ഇറങ്ങാനാണ് ഇ. ശ്രീധരന്റെ തീരുമാനം. ഡിപിആര്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ഫെബ്രുവരി 15 മുതല്‍ യോഗങ്ങള്‍ നടത്തും. ആദ്യ യോഗങ്ങള്‍ മലപ്പുറത്തായിരിക്കും. പിന്നാലെ പദ്ധതി പ്രകാരം ട്രെയിന്‍ കടന്നുപോകുന്ന മറ്റ് ജില്ലകളിലും യോഗം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാനാണ് തീരുമാനം.

'ഓഫീസ് തുറന്നു, സ്റ്റാഫിനെ വിളിച്ചിട്ടുണ്ടെങ്കിലും എല്ലാവരും എത്തിയിട്ടില്ല. ഇന്നുമുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കും. നാട്ടുകാര്‍ക്ക് ഉപദ്രവമില്ലാതെയായിരിക്കും എന്തും ചെയ്യുന്നത്. വേഗം പണി തീര്‍ക്കാനുള്ള കാര്യങ്ങളും ഡിപിആറിന്റെ കാര്യങ്ങളും സ്റ്റാഫിന് പറഞ്ഞുകൊടുക്കും. ഏപ്രിലോടെ ഫീല്‍ഡ് വര്‍ക്ക് ആരംഭിച്ച് ജൂണ്‍ ഒന്നോടെ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. അതിനുള്ള ഏജന്‍സിയെയും തീരുമാനിക്കും. ഏതൊക്കെ സ്റ്റേഷനാണ് വേണ്ടതെന്ന് തീര്‍ച്ചയാക്കിക്കഴിഞ്ഞു. അത് എലിവേറ്റഡ് ആണോ അണ്ടര്‍ഗ്രൗണ്ട് ആണോ എന്നത് നിശ്ചയിക്കും. സ്റ്റേഷന്‍ ടു സ്റ്റേഷന്‍ പ്‌ളാനുണ്ടാക്കും. നാട്ടുകാരെ കയ്യിലെടുക്കണം. അവരുടെ വിശ്വാസം നേടണം. മാന്വലായാണ് സര്‍വേ നടത്തുക. മഞ്ഞകുറ്റികള്‍ തത്കാലം ഇടില്ല. ഭൂമി ഏറ്റെടുക്കലിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കും. 20 മീറ്റര്‍ വീതിയാണ് വേണ്ടത്'- ഇ ശ്രീധരന്‍ വ്യക്തമാക്കി.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്റെ അവകാശവാദം. എന്നാല്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നോ മന്ത്രിയുടെ ഭാഗത്ത് നിന്നോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളിലും കേരളം ഉള്‍പ്പെട്ടിരുന്നില്ല. ഇന്നു മുതല്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ശ്രീധരന്‍ പ്രതികരിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആയിരിക്കും പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേഷനുകളായി നിശ്ചയിച്ച സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തും. ശേഷമായിരിക്കും സര്‍വേ നടപടികള്‍. നാട്ടുകാരെ ബോധ്യപ്പെടുത്തിയാകും ഈ നടപടികള്‍. തുടര്‍ന്നാകും ഭൂമി ഏറ്റെടുക്കല്‍ നടപടികളെന്നും ശ്രീധരന്‍ പറഞ്ഞു.

പദ്ധതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വരുന്നതിന് കാലതാമസം എടുക്കുന്നത് കൊണ്ടാണ് തങ്ങള്‍ നേരത്തെ തന്നെ ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതെന്നാണ് ശ്രീധരന്റെ വാദം. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂര്‍ അര്‍ധ അതിവേഗ റെയില്‍പ്പാതയാണ് ശ്രീധരന്‍ മുന്നോട്ട് വെക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റൊരു അതിവേഗ പാത പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരളത്തിലെ അതിവേഗ റെയില്‍പാത സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയേക്കും.

പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഫെബ്രുവരി 15 മുതല്‍ യോഗങ്ങള്‍ ആരംഭിക്കുമെന്ന് ഇ ശ്രീധരന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആദ്യ യോഗങ്ങള്‍ മലപ്പുറത്തായിരിക്കും നടക്കുക.കേന്ദ്രബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കേരളം അതിവേഗ റെയില്‍പ്പാത (ആര്‍.ആര്‍.ടി.എസ്) പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ നിരാശയായിരുന്നു ഫലം. ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. മുംബയ് - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബംഗളൂരു, ഡല്‍ഹി - വാരാണസി, വാരാണസി - സിലിഗുരി എന്നിവയാണ് പുതിയതായി പ്രഖ്യാപിച്ച ഇടനാഴികള്‍.

ഓഫീസ് തുറന്നതോടെ ഇന്ന് മുതല്‍ അതിവേഗ റെയില്‍ പാത പദ്ധതിയുടെ ഔദ്യോഗിക പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും ജീവനക്കാര്‍ ഒരോരുത്തരായി എത്തിച്ചേരുമെന്നും ഒരോരുത്തര്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കുമെന്നും ഓഫീസ് ഉദ്ഘാടനത്തിനുശേഷം ഇ ശ്രീധരന്‍ പ്രതികരിച്ചു. എന്ത് ചെയ്യുമ്പോഴും നാട്ടുകാര്‍ക്ക് ഉപദ്രവം ഉണ്ടാകാതെ അവര്‍ക്ക് പ്രയോജനമുണ്ടാകുന്ന രീതിയില്‍ ചെയ്യണം. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ പരിഹരിച്ച് മുന്നോട്ടുപോകണം. സമയമാണ് ഇവിടെ പണം. വേഗം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണം. കൊങ്കണ്‍ റെയില്‍വെയുടെ ഡിപിആര്‍ അടക്കം തയ്യാറാക്കിയ ആത്മവിശ്വാസമുണ്ട്. ഏപ്രിലില്‍ ഫീല്‍ഡ് വര്‍ക്ക് ആരംഭിക്കും. പാതയുടെ അലൈന്‍മെന്റ് അടക്കം തീരുമാനിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

നിലവില്‍ ഏതൊക്കെ സ്റ്റേഷനുകളാണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്. അവ എവിടെയാണ് നിര്‍മിക്കേണ്ടതെന്നതടക്കമുള്ള കാര്യങ്ങളും ഫീല്‍ഡ് വര്‍ക്കിലൂടെ തീരുമാനിക്കും. 22 റെയില്‍വെ സ്റ്റേഷനുകളാണ് വേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട ഫീല്‍ഡ് വര്‍ക്ക് ജൂണിന് മുമ്പായി തീര്‍ക്കും. സര്‍വേ നടപടികളാണ് പിന്നീട് ആരംഭിക്കേണ്ടത്. ഇതിനായി പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കണം. ആളുകളെ വിശ്വാസത്തിലെടുത്താല്‍ പിന്നെ പേടിക്കേണ്ട കാര്യമില്ല. സര്‍വേ ആളുകള്‍ നേരിട്ടായിരിക്കും ചെയ്യുക. പിന്നീട് എത്ര ഭൂമി ഏറ്റെടുക്കണമെന്നതടക്കം തീരുമാനിക്കും. ഇപ്പോള്‍ തത്കാലം മഞ്ഞക്കുറ്റികളൊന്നും അടിക്കില്ലെന്നും. ഇ ശ്രീധരന്‍ പറഞ്ഞു. ഏതൊക്കെ ഭൂമിയാണ് വേണ്ടതെന്നടക്കം തീരുമാനിച്ചശേഷം അതിനുള്ള ചെലവും കണക്കാക്കും. 20 മീറ്റര്‍ വീതിയാണ് പാതക്ക് ആവശ്യമായിട്ടുള്ളത്. അതില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളടക്കം കണക്കിലെടുത്തായിരിക്കും പദ്ധതിയുമായി മുന്നോട്ടുപോവുകയെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

റെയില്‍വെ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും സംസ്ഥാന സര്‍ക്കാരിനെ ഇപ്പോള്‍ അറിയിക്കേണ്ട കാര്യമില്ലെന്നും എല്ലാ എതിര്‍പ്പുകളും ഇല്ലാതാവുമെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് ഏറ്റവും ഉയര്‍ന്ന വില നല്‍കാനാകുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. എന്റെ സ്ഥലം എടുക്കുവെന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Tags:    

Similar News