യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും; കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്; മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കും; രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ നിര്‍ണായക നീക്കവുമായി ബിജെപി

Update: 2026-02-03 15:15 GMT

ഇംഫാല്‍: മണിപ്പൂരില്‍ ഒരുവര്‍ഷം നീണ്ട രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ നിര്‍ണായക നീക്കവുമായി ബിജെപി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് തീരുമാനം. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മണിപ്പൂര്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏല്‍ക്കും. കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിള്‍ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം. രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാന്‍ ഇരിക്കെയാണ് നിര്‍ണായക തീരുമാനം.

ബിജെപി പാര്‍ലമെന്ററി സമിതി കേന്ദ്ര നിരീക്ഷകനായി നിയോഗിച്ച തരുണ്‍ ചുഗ്ഗിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഖേംചന്ദ് മണിപ്പൂരിന്റെ അടുത്ത മുഖ്യമന്ത്രിയാകും. മണിപ്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മണിപ്പൂര്‍ എന്‍ഡിഎയിലെ കക്ഷികളും കൂടിക്കാഴ്ച നടത്തി. വംശീയ കലാപത്തില്‍ കലുഷിതമായ മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണമൊഴിയുകയും കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയുമായിരുന്നു. കുക്കി - മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം വന്‍ കലാപത്തിന് കാരണമാകുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ബിജെപി നേതാവായ ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചത്. കലാപമാരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു ബിരേന്‍ സിങ്ങിന്റെ രാജി. രാഷ്ട്രപതി ഭരണം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെ പാര്‍ലമെന്റ് ആറുമാസത്തേക്ക് കൂടി നീട്ടിയിരുന്നു.

സിങ്ജമേയ് മണ്ഡലത്തില്‍ നിന്നുള്ള മെയ്തി ഹിന്ദു വിഭാഗക്കാരനാണ് യുംനാം ഖേംചന്ദ് സിങ് . രണ്ടു തവണ സിങ്ജമേയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഖേംചന്ദ് 2017-22 കാലയളവില്‍ നിയമസഭാ സ്പീക്കറായിരുന്നു. രണ്ടാം ബിരേന്‍ സിങ് മന്ത്രിസഭയില്‍ കാബിനെറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതാ എംഎല്‍എയായ നെംച കിപ്‌ജെന്‍ മണിപ്പൂരിന്റെ ഉപമുഖ്യമന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. കാങ്പോപ്പി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് നെംച കിപ്‌ജെന്‍. മുന്‍പ് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 60 അംഗ നിയമസഭയില്‍ 37 എംഎല്‍എമാരാണ് ബിജെപിക്ക് ഉള്ളത്. അഞ്ച് എംഎല്‍എമാരുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ടും ഒരു എംഎല്‍എയുള്ള ജെഡിയും ബിജെപിയുടെ സഖ്യകക്ഷികളാണ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (ആറ്), കോണ്‍ഗ്രസ് (അഞ്ച്), സ്വതന്ത്രര്‍ (മൂന്ന്) കെപിഎ (രണ്ട്) എന്നീ കക്ഷികളാണ് പ്രതിപക്ഷത്തുള്ളത്. നേരത്തെ ബിരേന്‍ സിങ് സര്‍ക്കാരിന് കെപിഎ പിന്തുണ നല്‍കിയിരുന്നെങ്കിലും 2023 ഓഗസ്റ്റില്‍ ഇത് പിന്‍വലിച്ചിരുന്നു.

2025 ഫെബ്രുവരി 13 മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലാണ്. ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. മുതിര്‍ന്ന നേതാവ് തരുണ്‍ ചുഗിനെ കേന്ദ്ര നിരീക്ഷകനായി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് അടക്കം മേല്‍നോട്ടം വഹിക്കാന്‍ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. കേന്ദ്രനേതൃത്വം വിളിപ്പിച്ചതിനെ തുടര്‍ന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എല്‍.എമാര്‍ ഡല്‍ഹിയിലെത്തിയിരുന്നു.മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്പീക്കര്‍ തോക്ചോം സത്യബ്രത സിംഗ്, പൊതുമരാമത്ത് മന്ത്രിയായിരുന്ന തോന്‍ഗം ബിസ്വജിത് സിംഗ് എന്നിവരെയും പരിഗണിച്ചിരുന്നു.

Tags:    

Similar News