'നിയമം നോക്കിയാല്‍ ഇവിടെ കെട്ടിടം ഉയരില്ല; ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ കൈയും കാലും തല്ലിയൊടിക്കും'; സ്റ്റോപ്പ് മെമ്മോ നല്‍കിയ തഹസില്‍ദാര്‍ക്ക് നേരെ ദേവികുളം എംഎല്‍എയുടെ വധഭീഷണി; ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കാരാണെന്നും ആക്ഷേപം; നിയമം നോക്കുമെന്ന് വനിതാ തഹസില്‍ദാര്‍
ഇടുക്കി: മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ വധഭീഷണി മുഴക്കി ദേവികുളം എംഎല്‍എ അഡ്വ. എ. രാജ. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി. വി. ഗായത്രിയെ ഫോണില്‍ വിളിച്ചാണ് എംഎല്‍എ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ കയ്യും കാലും തല്ലിയൊടിക്കുമെന്ന എംഎല്‍എയുടെ ഭീഷണി സന്ദേശം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് റവന്യൂ വകുപ്പ് നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ അവധി ദിവസങ്ങള്‍ മുതലെടുത്ത് നിര്‍മ്മാണം തുടര്‍ന്നതോടെ, കെട്ടിടം പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് തഹസില്‍ദാരെ വിളിച്ച് എംഎല്‍എ പ്രകോപിതനായി സംസാരിച്ചത്. ഭീഷണിയില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് സ്പെഷ്യല്‍ തഹസില്‍ദാരുടെ പ്രതികരണം.
റവന്യു ഉദ്യോഗസ്ഥര്‍ അടിമേടിക്കുമെന്ന് എംഎല്‍എ സംസാരത്തിനിടെ ഭീഷണിപ്പെടുത്തുന്നുണ്ട്. നിയമം നോക്കിയാല്‍ നാട്ടില്‍ കെട്ടിടങ്ങള്‍ ഉയരില്ലെന്ന് എംഎല്‍എ ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. നിയമപരമായ കാര്യങ്ങളേ തനിക്കു ചെയ്യാന്‍ കഴിയൂ എന്നായിരുന്നു തഹസില്‍ദാറിന്റെ മറുപടി. എംഎല്‍എയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നുമാണ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി.വി. ഗായത്രിയുടെ നിലപാട്. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാനുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ ഈ ഭീഷണി ഗൗരവകരമാണെന്ന് റവന്യൂ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.
ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ അവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും എംഎല്‍എ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. നിയമപരമായി മുന്നോട്ട് പോകുമെന്നായിരുന്നു സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി.വി. ഗായത്രിയുടെ മറുപടി. പുറമ്പോക്ക് ഭൂമിയിലെ സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎല്‍എ ഇടപ്പെട്ടത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടം ഇടിച്ചു തകര്‍ക്കുമെന്ന് കൈക്കൂലി വാങ്ങി സാധാരണക്കാരെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പ്രകോപിതനായി സംസാരിക്കേണ്ടി വന്നതെന്നാണ് എംഎല്‍എയുടെ വാദം. പണമില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന അവസ്ഥയാണെന്നും തഹസില്‍ദാര്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നും എംഎല്‍എ ആരോപിച്ചു. എന്നാല്‍ ആരാണ് കൈക്കൂലി വാങ്ങിയതെന്ന ചോദ്യത്തിന് എംഎല്‍എ മറുപടി പറയുന്നില്ല.
നിയമപരമായി മുന്നോട്ട് പോകുമെന്നായിരുന്നു സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി.വി. ഗായത്രിയുടെ മറുപടി. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തുന്ന നിര്‍മ്മാണങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ അവധി ദിവസങ്ങളില്‍ പോലും ഇത് ലംഘിച്ച് നിര്‍മ്മാണം തുടര്‍ന്നപ്പോള്‍, നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഈ നടപടികള്‍ക്കെതിരെയാണ് എംഎല്‍എ രംഗത്തെത്തിയത്. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെങ്കില്‍ അതിനെതിരെ വിജിലന്‍സിനോ പോലീസിനോ പരാതി നല്‍കുന്നതിന് പകരം വധഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
വിമര്‍ശനം ശക്തമാകുന്നു
ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടെങ്കില്‍ അത് വിജിലന്‍സിനെയോ പോലീസിനെയോ അറിയിക്കുന്നതിന് പകരം, പരസ്യമായി വധഭീഷണി മുഴക്കിയത് ജനാധിപത്യ വിരുദ്ധമാണെന്ന വിമര്‍ശനം ശക്തമാണ്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനാണ് ഇത്തരം നീക്കങ്ങള്‍ എന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ആരോപിക്കുന്നു.
സംഭാഷണത്തിലെ ചില വാചകങ്ങള്‍
എംഎല്‍എ: ഒരു മാസമായി ഉയര്‍ന്ന കെട്ടിടങ്ങള്‍ നിങ്ങള്‍ നോക്കിയിട്ടില്ല
ഉദ്യോഗസ്ഥ: എനിക്ക് ഇവിടെ ആരെയും പരിചയമില്ല. എനിക്ക് രാഷ്ട്രീയവുമില്ല
എംഎല്‍എ: നിങ്ങളെയല്ല പറഞ്ഞത്, കീഴിലുള്ള ഉദ്യോഗസ്ഥരെയാണ്. അവരോട് പറയണം മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കയ്യും കാലും തല്ലിയൊടിക്കും, ചിലര്‍ പണം വാങ്ങി.
ഉദ്യോഗസ്ഥ: ആരാണ് പണം വാങ്ങിയതെന്ന് വ്യക്തമായി പറയൂ, ഞാന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം.
എംഎല്‍എ: കെട്ടിടം പൊളിക്കുമെന്ന് പറയാന്‍ അവരാരാ. ഇങ്ങ് പോര് പൊളിക്കാന്‍. ശരിയായ നടപടിയല്ല .
ഉദ്യോഗസ്ഥ: ശരിയായ നടപടിയാണ്. പുറമ്പോക്ക് കയ്യേറിയാല്‍ തടയും.
എംഎല്‍എ: ചില സ്ഥലങ്ങളില്‍ മാത്രമാണ് നിങ്ങള്‍ പരിശോധിക്കുന്നത്. കാശുവാങ്ങിയാണ് ചെയ്യുന്നത്.
ഉദ്യോഗസ്ഥ: പുറംപോക്ക് കയ്യേറുന്നവരാണ് കാശുകൊടുക്കുന്നത്. ആരാണ് കാശുകൊടുത്തതെന്നു പറയൂ. ശരിയല്ലാത്ത ഒരു കാര്യവും ഞാന്‍ ചെയ്യില്ല.
എംഎല്‍എ: സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ട് ആരും കെട്ടിടം പണിതിട്ടില്ല.
ഉദ്യോഗസ്ഥ: പണിതിട്ടുണ്ട്. ഫോട്ടോസ് എന്റെ കയ്യിലുണ്ട്. നിയമപരമായി ഞാന്‍ കാര്യങ്ങള്‍ ചെയ്യും.
