യുദ്ധങ്ങളുടെയും ദുരന്തങ്ങളുടെയും ഒരു വര്‍ഷം കൂടി കടന്നുപോയി; സംഘര്‍ഷങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യത്തിനുമിടയിലും ഓര്‍ക്കാന്‍ ചില വെള്ളിരേഖകള്‍ അവശേഷിപ്പിച്ച 2024 നെ യാത്രയാക്കി ലോകം; പ്രതീക്ഷകളുടെ പുത്തന്‍ നിറങ്ങളുമായി ലോകം 2025 നെ വരവേറ്റു
പ്രതീക്ഷകളുടെ പുത്തന്‍ നിറങ്ങളുമായി ലോകം 2025 നെ വരവേറ്റു
ലണ്ടന്‍: തൊട്ടു മുന്‍പത്തെ വര്‍ഷത്തിന്റെ ബാക്കിപത്രത്തില്‍ നിന്നും ഏറ്റുവാങ്ങിയ യുദ്ധങ്ങളും സംഘര്‍ഷങ്ങളും മറക്കാതെ പുതിയ വര്‍ഷത്തിന് പകര്‍ന്ന് നല്‍കിക്കൊണ്ടാണ് 2024 കടന്നു പോയത്. റഷ്യന്‍ - യുക്രെയിന്‍ യുദ്ധവും, പശ്ചിമേഷ്യന്‍ സംഘര്‍ഷവുമെല്ലാം അന്തമില്ലാതെ നീളുമ്പോഴും പ്രതീക്ഷകള്‍ ഒന്നുപോലും ചോര്‍ന്നു പോകാതെ, മാനവലോകം 2025 നെ സഹര്‍ഷം സ്വാഗതം ചെയ്തു. കറുത്ത ആകാശത്ത് വിസ്മയ പൂക്കളം തീര്‍ത്ത കരിമരുന്നു പ്രയോഗങ്ങളും, ആകാശത്തിനു കീഴില്‍ വീഞ്ഞിനൊപ്പം ഒഴുകിയ സംഗീതവും നൃത്തവുമൊക്കെയായി ലോകമെമ്പാടും ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു.
പുതുവര്‍ഷപ്പിറവിയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഒന്‍പത് ടണ്ണോളം വരുന്ന പടക്കങ്ങള്‍ ആകാശ വിസ്മയം തീര്‍ത്തപ്പോള്‍ അത് കാണാന്‍ ഒത്തുകൂടിയത് പത്തുലക്ഷത്തിലേറെ പേരായിരുന്നു. ബ്രിട്ടീഷ് ജനത ലണ്ടനിലെ ബിഗ് ബെന്‍ മുഴക്കി പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നതിനും 11 മണിക്കൂര്‍ മുന്‍പായിരുന്നു ഇത്. സമീപകാലത്തെ രാഷ്ട്രീയ അസ്ഥിരതകളും, 179 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടവുമെല്ലാം ദക്ഷിണ കൊറിയയുടെ പുതുവര്‍ഷം ശോകമൂകമാക്കി. പാര്‍ട്ടികള്‍ എല്ലാം റദ്ദ് ചെയ്ത് ദക്ഷിണ കൊറിയക്കാര്‍, വിമാനാപകടത്തില്‍ മരണപ്പെട്ടവര്‍ക്കായി മൗനാഞ്ജലികള്‍ അര്‍പ്പിച്ചു.
ജാപ്പാനില്‍, തലസ്ഥാനമായ ടോക്കിയോയിലെ ടോക്കുഡായ് - ജിയില്‍ ഒത്തുകൂടിയ ജനക്കൂട്ടം പുതുവര്‍ഷത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തി. പുതുവത്സരം ആദ്യമെത്തിയത് ഔദ്യോഗികമായി കിരിറ്റിമാറ്റി എന്നറിയപ്പെടുന്ന ക്രിസ്ത്മസ് ഐലന്‍ഡിലാണ്. ലോകത്തിലെ ഏറ്റവും മുന്നിലുള്ള സമയമേഖലയില്‍ സ്ഥിതിചെയ്യുന്ന ഇവിടെ കേവലം 7000 ല്‍ അല്പം അധികം ആളുകള്‍ മാത്രമെ താമസിക്കുന്നുള്ളു. കിര്‍ബാറ്റി എന്ന ചെറിയ രാജ്യത്തിന്റെ ഭാഗമായ ഈ ദ്വീപില്‍ എത്തുന്ന പുതുവര്‍ഷം പിന്നീട് ഉദിക്കുന്നത് ടോംഗ, സോമോവ ദ്വീപുകളിലും പിന്നീട് ന്യൂസിലന്‍ഡിന്റെ ഭാഗമായ ചാതം ദ്വീപുകളിലുമാണ്.
ന്യൂസിലാന്‍ഡിലെ ഓക്ക്ലാന്‍ഡും, വെല്ലിംഗ്ടണുമാണ് പുതുവര്‍ഷം ആദ്യമെത്തുന്ന പ്രധാന നഗരങ്ങള്‍. ഓക്ക്ലാന്‍ഡിലെ സ്‌കൈ ടവറില്‍ നിന്നും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള കരിമരുന്ന് പ്രയോഗം ആകാശത്തേക്ക് ഉയര്‍ന്ന് പിന്നെയും 18 മണിക്കൂര്‍ കഴിഞ്ഞായിരിക്കും ന്യൂയോര്‍ക്ക് നിവാസികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുക. ലോകം മുഴുവന്‍ അത്യാവേശത്തോടെ പുതുവര്‍ഷത്തെ എതിരേറ്റപ്പോള്‍, ബ്രിട്ടീഷുകാര്‍ മാത്രം മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റിനെയും പേമാരിയെയും എതിരിടുകയായിരുന്നു.
ഇന്ത്യയുടെ വ്യവസായിക തലസ്ഥാനമായ മുംബൈയില്‍ അറബിക്കടലിന്റെ അലയൊലികള്‍ക്കൊപ്പം ധൃത താളത്തിലുള്ള സംഗീതവും ഉയര്‍ന്നപ്പോള്‍ ജനലക്ഷങ്ങള്‍ ആനന്ദനൃത്തമാടി. ശ്രീലങ്കയില്‍ ബുദ്ധമത ക്ഷേത്രങ്ങളില്‍ ഒത്തുകൂടിയ വിശ്വാസികള്‍ വിളക്കും ചന്ദനത്തിരിയും കൊളുത്തി പ്രാര്‍ത്ഥനകളോടെയായിരുന്നു പുതുവര്‍ഷത്തെ വരവേറ്റത്. ദുബായിലും വന്‍ ആഘോഷമായിരുന്നു പുതുവര്‍ഷത്തോടനുബന്ധിച്ച് ഒരുക്കിയത്.ബുര്‍ജ് ഖലീഫയിലൊരുക്കിയ ആഘോഷങ്ങളില്‍ ആയിരങ്ങളായിരുന്നു പങ്കെടുത്തത്. വിവിധ യൂറോപ്യന്‍ നഗരങ്ങളിലും പുതുവര്‍ഷത്തെ ഹര്‍ഷാരവങ്ങോളെ ജനം സ്വാഗതം ചെയ്തു.
യൂറോപ്പിലെയും മദ്ധ്യപൂര്‍വ്വ ദേശത്തെയും തുടരുന്ന യുദ്ധങ്ങള്‍ക്കിടയിലും, പാരീസില്‍ നടന്ന ഒളിമ്പിക്സ് മത്സരങ്ങള്‍ 2024 നെ ഓര്‍മ്മിക്കുവാനുള്ള ഒരു നല്ല കാരണമായി. ലോക ജനസംഖ്യ 8.2 ബില്യനില്‍ എത്തിയതും കഴിഞ്ഞ വര്‍ഷമായിരുന്നു. അതിനു പുറമെ ആധുനിക ലോകക്രമത്തിന്റെ മുഖമുദ്രയായ ജനാധിപത്യം ഏറെ തിളങ്ങിയ ഒരു വര്‍ഷം കൂടിയായിരുന്നു. ഇന്ത്യ,.ബ്രിട്ടന്‍, അമേരിക്ക, തുടങ്ങി മഡഗാസ്‌കര്‍ വരെയുള്ള 73 രാജ്യങ്ങളിലായി കോടിക്കണക്കിന് ആളുകളായിരുന്നു കഴിഞ്ഞ വര്‍ഷം, തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.