ആഭ്യന്തര വകുപ്പിലേക്ക് പോകേണ്ട ഫയലുകളൊക്കെ ആദ്യമെത്തുന്നത് മറ്റൊരു മന്ത്രിയുടെ ഓഫീസില്‍; അട്ടിമറിക്ക് കളമൊരുക്കിയ ശേഷം ഫയല്‍ കൈമാറ്റം; പത്തനംതിട്ടയില്‍ പോക്സോ അടക്കം കേസുകള്‍ അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമൊരുക്കി സര്‍ക്കാര്‍: ഡിഐജിയുടെ റിപ്പോര്‍ട്ടും ചവറ്റുകുട്ടയില്‍?

Update: 2025-07-16 05:00 GMT

പത്തനംതിട്ട: പോക്സോ അടക്കം പ്രമാദമായ പല കേസുകളും അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ച് ഒരു മന്ത്രിയുടെ ഓഫീസ്. ജില്ലാ പോലീസ് മേധാവിയും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരും നഗ്‌നമായ നിയമലംഘനം നടത്തിയിട്ടും യാതൊരു നടപടിയുമില്ല. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് റേഞ്ച് ഡി.ഐ.ജി നല്‍കിയ അഞ്ചോളം റിപ്പോര്‍ട്ടുകള്‍ ചവറ്റു കൊട്ടയില്‍ വീണുവെന്ന് സംശയം. വീഴ്ചകളുടെ ഉത്തരവാദിത്തം മുഴുവന്‍ തന്റെ തലയില്‍ വരുമെന്ന് ഭയന്ന് ഡി.ഐ.ജിയും സ്ഥലം മാറ്റത്തിന് അപേക്ഷിച്ചുവെന്ന് സൂചന.

ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ ആറന്മുളയിലെ പോക്സോ കേസ് അട്ടിമറി, കോയിപ്രം കസ്റ്റഡി മര്‍ദനം, ക്രിമിനല്‍ കേസ് പ്രതിയെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആക്കാനുള്ള നീക്കം തുടങ്ങി ഗൗരവതരമായ അഞ്ചോളം വിഷയങ്ങളിലാണ് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത്. ഏറ്റവുമൊടുവിലായി എ.ഡി.ജി.പി എം.ആര്‍. അജിത്ത്കുമാര്‍ സന്നിധാനത്ത് ട്രാക്ടറില്‍ എത്തിയ സംഭവം ഹൈക്കോടതിയില്‍ വരെ എത്തിക്കഴിഞ്ഞു. പോക്സോ അട്ടിമറിയില്‍ അടക്കം എസ്.പിക്കെതിരേ നടപടിക്ക് ഡിഐജി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഒന്നും സംഭവിച്ചില്ല. പതിവു പോലെ ആ ഫയലും മുക്കുന്നതാണ് കണ്ടത്.

ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. നൗഷാദ് തോട്ടത്തില്‍ പ്രതിയായ പോക്സോ കേസ് പോലീസ് അട്ടിമറിച്ചുവെന്നത് വ്യക്തമായിട്ടും സര്‍ക്കാരിന് ഒരു കുലുക്കവുമില്ല. അട്ടിമറിയുമായി ഒരു തരത്തിലും ബന്ധമില്ലാത്ത കോന്നി ഡിവൈ.എസ്.പി, എസ്.എച്ച്.ഓ, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു തങ്ങളുടെ ഭാഗം തീര്‍ന്നുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം. ആറന്മുള പോലീസ് പ്രതിയെ പിടികൂടി വിട്ടയച്ചുവെന്നും അതില്‍ എസ്പി, ഡിവൈ.എസ്.പി, ആറന്മുള എസ്എച്ച്ഓ എന്നിവര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും കണ്ടെത്തി ഡിഐജി നല്‍കിയ റിപ്പോര്‍ട്ട് മറ്റു മൂന്നു പേര്‍ക്കെതിരായ നടപടിയുടെ പേര് പറഞ്ഞ് പൂഴ്ത്തി വച്ചിരിക്കുകയാണ്. ഹൈക്കോടതി തളളിയ ജാമ്യം സുപ്രീംകോടതിയില്‍ നേടിയെടുക്കാന്‍ നൗഷാദിനെ വഴിവിട്ടു സഹായിക്കുകയാണ് പോലീസും ആഭ്യന്തര വകുപ്പും ചെയ്തത്. മുസ്ലീം ലീഗിന്റെ പ്രതിനിധിയാണ് പ്രതിയായ നൗഷാദ് തോട്ടത്തില്‍. ഇദ്ദേഹത്തെ വഴിവിട്ടു സഹായിച്ച് പ്രീണന രാഷ്ട്രീയം കളിക്കുകയാണ് സിപിഎം എന്നാണ് ആരോപണം. ഉദ്യോഗസ്ഥര്‍ക്ക് എതിരായ കൂടുതല്‍ നടപടി ഇല്ലാത്തതിനും ഇതാണ് കാരണം. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് അട്ടിമറി നടന്നത് എന്നാണ് സംശയം.

ഇനി നടപടി വേണമെങ്കില്‍ ആറന്മുള എസ്എച്ച്ഓയ്ക്കെതിരേ മാത്രമാക്കി ചുരുക്കാനുള്ള ചരടുവലികളാണ് എസ്പിയുടെ നേതൃത്വത്തില്‍ കോട്ടയത്തു നിന്നുള്ള മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തുന്നത്. മുഖ്യമന്ത്രിയുടെ സ്വകാര്യ ചികില്‍സകനുമായുള്ള ബന്ധം ഡിവൈ.എസ്.പിയെ തുണയ്ക്കുമെന്നാണ് പോലീസ് സേനയിലുള്ള സംസാരം. എസ്പിയെയും മന്ത്രി തലത്തില്‍ സംരക്ഷിക്കും. ഇതനുസരിച്ചുള്ള തിരക്കഥ തയാറായി എന്നും പറയുന്നു.

കോയിപ്രം പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് വാരിയെല്ലുകള്‍ ഒടിച്ച സംഭവം ജില്ലാ പോലീസ് മേധാവി പൂഴ്ത്തി വച്ചിരുന്നതാണ്. മാധ്യമങ്ങള്‍ ഇത് പുറത്തു വിട്ടതോടെ എസ്പി വെട്ടിലായി. തുടര്‍ന്ന് പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ എസ്പിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്. കസ്റ്റഡി മര്‍ദനമേറ്റ സുരേഷിന്റെ സുഹൃത്തായ അരീഷ്‌കുമാറിനെ പ്രതിയാക്കി കേസ് വഴി തിരിച്ചു വിടാനുള്ള നീക്കം നടക്കുകയാണ്. കോയിപ്രത്തെ സ്പെഷല്‍ ബ്രാഞ്ച് പോലീസുകാരനെ ഉപയോഗിച്ചാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നത്. ദളിത സംഘടനകള്‍ വലിയ സമരവുമായി രംഗത്തു വന്നിട്ടും പതിവു പോലെ സിപിഎമ്മിനോ സര്‍ക്കാരിനോ കുലുക്കമില്ല. കുറ്റക്കാരനായ എസ്പിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇതു സംബന്ധിച്ച ഫയലുകള്‍ മന്ത്രി വാസവന്റെ ഓഫീസില്‍ എത്തിച്ചതായി ആരോപണമുയര്‍ന്നിരുന്നു. പത്തനംതിട്ട അഡി. എസ്.പിയായിരുന്ന ആര്‍. ബിനുവാണ് ഫയലുമായി മന്ത്രിയുടെ ഓഫീസില്‍ പോയത്. ഈ വിവരം വാര്‍ത്തയായതോടെ അഡി.എസ്.പിയുടെ ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരെയും തിരികെ ക്യാമ്പിലേക്ക് മടക്കി.

കരിക്കിനേത്ത് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് വേണ്ടി ക്രിമിനല്‍ കേസ് പ്രതിയായ അഭിഭാഷകന്റെ കേസ് വിവരങ്ങളും റൗഡി ഹിസ്റ്ററി ഷീറ്റും മറച്ചു വച്ച് എസ്പി ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും വീഴ്ചയാണ്. ഇതു സംബന്ധിച്ച് ആലപ്പുഴ ഡിവൈ.എസ്.പിയുടെ പരാതിയില്‍ അന്വേഷണം നടത്തി ഡിഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ശബരിമലയിലേക്ക് എഡിജിപി എംആര്‍ അജിത്ത് കുമാറിന് ട്രാക്ടറില്‍ പോകാന്‍ സൗകര്യമൊരുക്കിയതും ജില്ലാ പോലീസ് മേധാവിയുടെ വീഴ്ചയാണ്. ഇത് പമ്പ എസ്എച്ച്ഓയുടെ തലയില്‍ കെട്ടി വച്ച് തലയൂരാനുള്ള നീക്കം നടക്കുന്നു. ഇതിന് പുറമേ കോട്ടയത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഡിവൈ.എസ്.പിയെയും സഹോദരനെയും വ്യക്തി വിരോധം മൂലം കളളക്കേസില്‍ കുടുക്കി എന്നൊരു പരാതിയും വി.ജി. വിനോദ്കുമാറിനെതിരേ ഉയര്‍ന്നു വന്നിട്ടുണ്ട്. വിവിധ ദളിത് സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തുണ്ട്.

എസ് പിയെ നിലനിര്‍ത്തിക്കൊണ്ട് കൈംബ്രാഞ്ച് അന്വേഷണം, ഇത് വിചിത്രം!

ആറന്മുള പോക്സോ അട്ടിമറി, കോയിപ്രം കസ്റ്റഡി പീഡനം എന്നി വിഷയങ്ങളില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, ഇത് അന്വേഷിക്കുന്നത് ജില്ലാ പോലീസ് മേധാവിയേക്കാള്‍ കുറഞ്ഞ റാങ്കിലുള്ള നോണ്‍ കേഡര്‍ എസ്പി, ഡിവൈ.എസ്.പി എന്നിവരാണ്. മാത്രവുമല്ല, അട്ടിമറികള്‍ക്ക് പേരു കേട്ട ഉദ്യോഗസ്ഥനെ നില നിര്‍ത്തിക്കൊണ്ടാണ് അന്വേഷണം. രണ്ടു ഉദ്യോഗസ്ഥരുടെയും അന്വേഷണത്തെ സ്വാധീനിക്കാന്‍ എസ്പിക്ക് കഴിയും. മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് കുറയ്ക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു അന്വേഷണ പ്രഹസനം എന്നാണ് പോലീസ് സേനയ്ക്കുള്ളില്‍ ഉയരുന്ന അഭിപ്രായം.

Tags:    

Similar News