'ആ കോലുംകൊണ്ട് എന്റെ മുന്നിലേക്ക് വരണ്ട'; 'എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുത്'; 'രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നത് പോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തി'; മാധ്യമപ്രവര്‍ത്തകരോട് കയർത്ത് എൻഎൻ കൃഷ്ണദാസ്; ചൊടിപ്പിച്ചത് പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറിയെ കുറിച്ചുള്ള ചോദ്യങ്ങളെ..!

Update: 2024-10-25 11:33 GMT

പാലക്കാട്: പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട പ്രതികരണം തേടി എത്തിയ മാധ്യമപ്രവര്‍ത്തകരോട് കയർത്ത് സംസാരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്.

പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറി സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം വളരെ രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാൻ പറയുകയായിരുന്നു എൻഎൻ കൃഷ്ണദാസ്.

'നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകൻമാരെ പോലെ നടക്കുകയല്ലെയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് തുറന്നടിച്ചു.

'മാറ്, മാറ്, മാറ്' എന്ന പലതവണ പറഞ്ഞശേഷം മാറാൻ പറഞ്ഞാൽ മാറിക്കോളണമെന്ന് പറഞ്ഞുകൊണ്ട് ആക്രോശിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുതെന്നും കോലുംകൊണ്ട് എന്‍റെ മുന്നിലേക്ക് വരണ്ടെന്നും കൃഷ്ണദാസ് രോഷത്തോടെ പറഞ്ഞു.

രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നത് പോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തിയെന്നും അദ്ദേഹം തുറന്നടിച്ചു. പാര്‍ട്ടി വിട്ട ഷുക്കൂറിനെ അനുനയിപ്പിക്കാൻ നേരത്തെ കൃഷ്ണദാസ് വീട്ടിൽ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാധ്യമങ്ങള്‍ പ്രതികരണം തേടിയത്. അപ്പോഴാണ്കൃഷ്ണദാസ് വളരെ ആക്രോശിച്ച് സംസാരിച്ചത്.

അതേസമയം, ഷുക്കൂര്‍ പാർട്ടി വിടുന്നുവെന്ന നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് ഷുക്കൂറിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിർത്താനാണ് ശ്രമവും നടത്തിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഷുക്കൂറിനെ കോൺഗ്രസിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായാണ് വിവരങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മിൽ വാക്കുതർക്കവും നടന്നിരുന്നു.

Tags:    

Similar News