നഴ്സിങ് കോളജിന് അടിസ്ഥാന സൗകര്യവും നഴ്സിങ് കൗണ്‍സില്‍ അംഗീകാരവുമില്ല; ആരോഗ്യമന്ത്രി കുട്ടികളെയും രക്ഷിതാക്കളെയും കൊണ്ടെത്തിച്ചത് നരകത്തില്‍; പത്തനംതിട്ട നഴ്സിങ് കോളജിലേക്ക് രക്ഷിതാക്കളും കെഎസ്യു പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി; പോലീസുമായി പിടിവലിയും സംഘര്‍ഷവും

പത്തനംതിട്ട നഴ്സിങ് കോളജിലേക്ക് രക്ഷിതാക്കളും കെഎസ്യു പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി

Update: 2025-07-15 10:40 GMT

പത്തനംതിട്ട: ആരോഗ്യമന്ത്രി കൊണ്ടു വന്ന പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിങ് കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളും കെ.എസ്.യു പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിടിവലിക്കിടെ കെ.എസ്.യു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.മാര്‍ച്ചിന് ശേഷം നടന്ന ധര്‍ണ ആന്റോ ആന്‍്റണി എംപി ഉദ്ഘാടനം ചെയ്തു. കോളജിന് ബസ് എംപി ഫണ്ടില്‍ നിന്ന് അനുവദിക്കാമെന്ന് അദ്ദേഹം അറിയിച്ചു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, യൂത്ത് കോണ്‍ഗ്രസ് നേതാവ് നിതിന്‍ മണക്കാട്ടുമണ്ണില്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. സ്റ്റേഡിയം ജങ്ഷനില്‍ നിന്ന് പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ പോലീസ് തീര്‍ത്ത ബാരിക്കേഡിന് മുന്നില്‍ യോഗം നടത്തിയതിന് ശേഷമാണ് കോളജിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചത്.

പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. തടയാന്‍ നോക്കിയ പോലീസിന് നേരെ ബലപ്രയോഗം നടത്തി. പ്രവര്‍ത്തകര്‍ നിലത്തു കിടന്ന് പ്രതിഷേധിച്ചതോടെ പോലീസ് തൂക്കിയെടുത്ത് പോലീസിന്റെ ബസിലേക്ക് മാറ്റി. മുഴുവന്‍ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി.

പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ വാടക കെട്ടിടത്തില്‍പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നഴ്സിംഗ് കോളജിന് സ്വന്തമായി ബസില്ല. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ യാതൊന്നും ഇവിടെ ഇല്ല. പഠന ആവശ്യത്തിന് കോന്നി മെഡിക്കല്‍ കോളജിലും മറ്റും പോകാന്‍ യാത്ര സൗകര്യം ഇല്ല. അടിസ്ഥാന സൗകര്യങ്ങളിലെ അഭാവത്തെ തുടര്‍ന്ന് കുട്ടികള്‍ കഴിഞ്ഞ വര്‍ഷം സമരത്തിന് ഇറങ്ങിയത് ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് അധിക്യതര്‍ക്കും അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടവും ബസും അനുവദിക്കാമെന്ന ഉറപ്പിലാണ്? അന്ന് സമരം അവസാനിപ്പിച്ചത്. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.സംസ്ഥാനത്തെ 5 നഴ്സിംഗ് സ്‌കൂളുകള്‍ക്കും, 3 ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കും ബസുകള്‍ അനുവദിച്ചിട്ടും പത്തനംതിട്ടയ്ക്ക് കൊടുത്തില്ല. കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ് കൗണ്‍സില്‍ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്. ഇക്കൂട്ടത്തില്‍ ജില്ലയിലെ ഇലന്തൂര്‍ നഴ്സിംഗ് സ്‌കൂളുകളിലും ബസ് അനുവദിച്ചു.

2023 ലാണ് കോളേജ് ആരംഭിച്ചത്. നാല് വര്‍ഷത്തെ ബി.എസ്.സി നേഴ്സിംഗിന് രണ്ട് ബാച്ചുകളിലുമായി 120 ഓളം കുട്ടികളുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കുട്ടികളാണ് ഇവിടെപഠിക്കുന്നത്?. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി മെറിറ്റ് സീറ്റില്‍പ്രവേശനംനേടിയവരാണ് എല്ലാവരും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി കുട്ടികളുമുണ്ട്. അടുത്ത മൂന്നാമത്തെ ബാച്ചിന്റെ പ്രവേശന നടപടിയും ആയിട്ടുണ്ട്. ഹോസ്റ്റല്‍,ഗേള്‍സ് ഹോസ്റ്റല്‍,കാന്റീന്‍,ലൈബ്രറി,കോളേജ് ബസ്,വൈഫൈ,ഓഡിറ്റോറിയം എന്നിവയെല്ലാം വാഗ്ദാനം നല്‍കിയാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവയൊന്നും ഇവിടെയില്ല.

വേണ്ടത്ര അധ്യാപകര്‍ പോലും ഇല്ല. പരാതിപറഞ്ഞാല്‍വിദ്യാര്‍ത്ഥികളെ ഇന്റേണല്‍ മാര്‍ക്ക് തരില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും രക്ഷിതാക്കള്‍പറയുന്നു. നിലവില്‍ ഐ.എന്‍.സി അംഗീകാരവും ലഭിച്ചിട്ടില്ല. അംഗീകാരത്തിന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ ചില മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.. എന്നാല്‍, ഈ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നാണ് മന്ത്രി പറയുന്നത്. ക്ലിനിക്കല്‍ സൗകര്യം ഒരുക്കിയിരിക്കുന്നത് 17 കിലോമീറ്റര്‍ അപ്പുറമുള്ള കോന്നി മെഡിക്കല്‍ കോളേജിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൗകര്യം ഇല്ലാതെ വന്നതോടെ കോന്നി, കോട്ടയം മെഡിക്കല്‍ കോളജുകളിലാണ് പഠന ആവശ്യത്തിന് പോകേണ്ടത്.

പരാതിപ്പെടുമ്പോള്‍ മന്ത്രി പ്രതികാരമനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അതേ സമയം, തുടക്കമായതു കൊണ്ടാണ് ഇങ്ങനെ എന്നും രണ്ടു ബാച്ച് കൂടി വരുമ്പോള്‍ എല്ലാം ശരിയാകുമെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്.

Tags:    

Similar News