തൃശ്ശൂരിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപണം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല; ടി.എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു; കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകള്‍ പൂര്‍ണമായും കിട്ടിയില്ലെന്ന് പോലീസ്
തൃശ്ശൂരിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപണം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല
തൃശൂര്‍: തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കാതെ പോലീസ്. കോണ്‍ഗ്ര് നേതാവ് ടി.എന്‍ പ്രതാപന്റെ പരാതിയിലെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകള്‍ പൂര്‍ണമായും കിട്ടിയില്ല. പരാതിക്കാരന് കോടതിയെ സമീപിക്കാം എന്നും പോലീസ്. നിലവില്‍ ലഭ്യമായ രേഖകള്‍ വച്ച് കേസെടുക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 12നാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.പി ടി.എന്‍ പ്രതാപന്‍ പരാതി നല്‍കിയത്.
വ്യാപകമായി കള്ളവോട്ട് ചേര്‍ത്തു, സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരാനാണെന്നും തൃശൂരില്‍ വോട്ട് ചെയ്യാന്‍ സ്ഥിരതാമസക്കാരാനാണെന്ന് തെറ്റായ സത്യവാങ്മൂലം നല്‍കിയാണ് വോട്ട് ചെയ്തത് തുടങ്ങിയ ഗുരുതര ആരോപണങ്ങളായിരുന്നു ടി.എന്‍ പ്രതാപന്‍ ഉയര്‍ത്തിയത്. ഇത് സംബന്ധിച്ചുള്ള തെളിവുകളും അദ്ദേഹം സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ടി.എന്‍ പ്രതാപന്‍ ഉയര്‍ത്തിയ പരാതികളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. തൃശ്ശൂരില്‍ സ്ഥിരതാമസക്കാരന്‍ അല്ലാതിരുന്നിട്ടും സുരേഷ് ഗോപി മുക്കാട്ടുകരയില്‍ നിയമവിരുദ്ധമായി 11 വോട്ടുകള്‍ ചേര്‍ത്തു എന്നായിരുന്നു ടി.എന്‍ പ്രതാപന്റെ പരാതി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വോട്ട്ക്രമക്കേട് വ്യാപകമായി പുറത്തു വന്നത്. സുരേഷ് ഗോപിയുടെ കുടുംബത്തിനുപുറമെ ഡ്രൈവറും അനുയായിയും ആര്‍.എസ്.എസ് നേതാവും തൃശൂരില്‍ വോട്ട് ചേര്‍ത്തതായി പുറത്തുവന്നു.
സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശേരിയിലെ വീട്ടില്‍ 11 വോട്ടുകള്‍ ബി.ജെ.പി ചേര്‍ത്തിരുന്നതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടാണ് ചേര്‍ത്തത്. സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോള്‍ വോട്ടര്‍പ്പട്ടികയിലുള്ള താമസക്കാരില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ക്കണ്ട് വോട്ട് ചേര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പൂങ്കൂന്നം ഹരിശ്രീ സ്‌കൂള്‍ 30ാം നമ്പര്‍ ബൂത്തില്‍ മാത്രം തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേര്‍ത്തത് 53 കള്ളവോട്ടുകളായിരുന്നുവെന്നും പുറത്തു വന്നു. സുരേഷ് ഗോപിയുടെ ഡ്രൈവറുടേതടക്കം ഒമ്പത് കള്ളവോട്ട് ചേര്‍ത്ത പൂങ്കുന്നം ക്യാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്‌മെന്റ് ഉള്‍പ്പെടുന്ന ബൂത്താണിത്.
ഇത് കൂടാതെ അവിണിശ്ശേരിപഞ്ചായത്തില്‍ 17 വോട്ടര്‍മാരുടെ രക്ഷിതാവിന്‍രെ സ്ഥാനത്ത് ബി.ജെ.പി നേതാവിന്റെ പേരാണ് എന്നത് അടക്കമുള്ള ക്രമക്കേടുകള്‍ പുറത്തുവന്നിരുന്നു. 69ാം നമ്പര്‍ ബൂത്തിലെ 17 വോട്ടര്‍മാരുടെ രക്ഷകര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബി.ജെ.പി പ്രാദേശിക നേതാവായ സി.വി അനില്‍കുമാറിന്റെ പേരാണുള്ളത്. 20 വയസ്സു മുതല്‍ 61വയസുവരെയുള്ളവരുടെ വോട്ടുകള്‍ ഇത്തരത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സി.വി അനില്‍കുമാറിന്റെ സ്വന്തം വീടിന്റെ വിലാസത്തില്‍ ഭാര്യക്കടക്കം രണ്ട് വോട്ടാണുള്ളത്. തറവാട്ട് അഡ്രസില്‍ അമ്മക്ക് മാത്രമാണ് വോട്ട്. ഈ അഡ്രസിലാണ് 17 പേരുടെ വോട്ട് ചേര്‍ത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയായ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ ബി.ജെ.പി തൃശൂര്‍ ജില്ല വൈസ് പ്രസിഡന്റിന്റെ മേല്‍വിലാസത്തില്‍ വോട്ട് ചേര്‍ത്ത വിവരം അടക്കംപുറത്തുവന്നിരുന്നു.