'പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു': നിലപാടില്‍ അണുവിട മാറ്റമില്ലാതെ എ പത്മകുമാര്‍; അനുനയിപ്പിക്കാന്‍ പത്മകുമാറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ല സെക്രട്ടറി രാജു എബ്രഹാം; വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ എടുത്തതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പെന്ന് പത്മകുമാര്‍ തുറന്നടിച്ചതോടെ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് രാജു എബ്രഹാം
നിലപാടില്‍ അണുവിട മാറ്റമില്ലാതെ എ പത്മകുമാര്‍
പത്തനംതിട്ട: സംസ്ഥാന സമിതിയില്‍ ഇടം കിട്ടാത്തതിനെ തുടര്‍ന്ന് ഇടഞ്ഞ മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെ അനുനയിപ്പിക്കാന്‍, ജില്ലാ സെക്രട്ടറി രാജു എബ്രഹാം വീട്ടിലെത്തി. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് ശേഷവും താന്‍ പറയാനുളളതെല്ലാം പറഞ്ഞു കഴിഞ്ഞുവെന്ന പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പദ്മകുമാര്‍. രാജു എബ്രഹാം ഇതിനുമുമ്പും വീട്ടില്‍ വന്നിട്ടുണ്ടെന്നും, സൗഹൃദ സംഭാഷണം മാത്രമായിരുന്നുവെന്നും പദ്മകുമാര്‍ പ്രതികരിച്ചു. പത്മകുമാര്‍ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് രാജു എബ്രഹാം പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പത്മകുമാര്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും രാജു എബ്രഹാം പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പുള്ളതെന്ന് എ.പത്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ആരെങ്കിലും ആ വിഷയം പറയണമെന്നുള്ളത് കൊണ്ടാണ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം നോക്കിയുള്ള തെരഞ്ഞെടുപ്പ് രീതി മാറിയതുകൊണ്ടാണ് പ്രതിഷേധിച്ചത്.തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിയുമെന്ന് പത്മകുമാര്‍ പറഞ്ഞു.
അതൃപ്തി പരസ്യമാക്കിയതിന്റെ പേരില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ഭയക്കുന്നില്ലെന്ന് എ പത്മകുമാര്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച പരസ്യമായി പറയുകയാണ് താന്‍ ചെയ്തത്.പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ മാത്രം പ്രവര്‍ത്തിക്കുമെന്നും എ പത്മകുമാര്‍ പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയ നടപടിക്കെതിരെയും പത്മകുമാര്‍ തുറന്നടിച്ചു. പാര്‍ട്ടിയില്‍ തനിക്ക് 42 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുണ്ട്. നിലവില്‍ 66 വയസായി. സര്‍ക്കാര്‍ സര്‍വീസില്‍ ആയിരുന്നെങ്കില്‍ 56-ാം വയസില്‍ വിരമിക്കുമായിരുന്നു. വീണാ ജോര്‍ജിന് ഒന്‍പത് വര്‍ഷത്തെ പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം മാത്രമാണുള്ളത്. വീണയുടെ കഴിവിനെ താന്‍ അംഗീകരിക്കുന്നു. എന്നാല്‍ പാര്‍ട്ടിഘടകത്തിലേക്ക് ഒരാളെ പരിഗണിക്കുമ്പോള്‍ രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനം പരിഗണിക്കണമെന്നും പത്മകുമാര്‍ പറഞ്ഞു.
തന്റെ പ്രവര്‍ത്തനം മോശമാണെന്ന് പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ അഭിപ്രായം ഉയര്‍ന്നിട്ടില്ലെന്നും പത്മകുമാര്‍ പറഞ്ഞു. പാര്‍ട്ടിയെ വില കുറച്ചു കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. നേതാക്കളെയും വിലകുറച്ചു കാണുന്നില്ല. സഖാവ് പിണറായിയെ പോലുള്ളവരാണ് പാര്‍ട്ടി നേതാക്കള്‍. വികാരത്തിന് അടിമപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത് ശരിയായില്ല എന്ന് തോന്നി. അതുകൊണ്ടാണ് പിന്‍വലിച്ചത്. എന്നാല്‍ അതൃപ്തി പരസ്യമാക്കിയ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.
സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു. 'ചതിവ്, വഞ്ചന, അവഹേളനം... 52 വര്‍ഷത്തെ ബാക്കിപത്രം...ലാല്‍ സലാം' എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് പത്മകുമാര്‍ പിന്‍വലിച്ചത്.
അതേസമയം, എ.പത്മകുമാറിന്റെ പരസ്യപ്രതികരണം പാര്‍ട്ടി ഗൗരവത്തില്‍ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.പത്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവാണ്. വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാലെന്നും മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.
'പത്മകുമാറിന്റെ പ്രതികരണം എന്ത് കൊണ്ട് എന്ന് അറിയില്ല. പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും.മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോര്‍ജ് ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്നുണ്ട്. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്ന വ്യക്തിയാണ് വീണാ ജോര്‍ജ് എന്നും രാജു എബ്രഹാം പറഞ്ഞു.