സുരേഷ് ഗോപി ഇടയ്ക്കിടെ പറഞ്ഞിട്ടും കേരളത്തിലേക്ക് എയിംസ് എത്തിയില്ല; ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയ അതിവേഗ റെയില്‍വേപാതയെ കുറിച്ചും മിണ്ടാട്ടമില്ല; വിഴിഞ്ഞത്തും പ്രഖ്യാപനങ്ങളില്ല; തെരഞ്ഞെടുപ്പു കാലമായിട്ടും കേരളത്തിനായി ബജറ്റില്‍ പ്രത്യേക പ്രഖ്യാപനങ്ങളില്ല; ആകെ പ്രതീക്ഷ നാളികേര കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി; കശുവണ്ടിയും കൊക്കോയും പ്രീമിയം ഗ്ലോബല്‍ ബ്രാന്‍ഡാകും
തെരഞ്ഞെടുപ്പു കാലമായിട്ടും കേരളത്തിനായി ബജറ്റില്‍ പ്രത്യേക പ്രഖ്യാപനങ്ങളില്ല;
തിരുവനന്തപുരം: ഒരു മണിക്കൂര്‍ 26 മിനുട്ട് നീണ്ടു നിന്ന ബജറ്റ് അവതരണമാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങള്‍ നടത്തുന്ന പതിവ് ഉണ്ടായെങ്കില്‍ ഇക്കുറി കേരളം അടക്കം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പരിഗണന ഒന്നും തന്നെ ബജറ്റില്‍ ഉണ്ടായില്ല. ഒറ്റനോട്ടത്തില്‍ കേരളത്തിന് നിരാശ സമ്മാനിക്കുന്ന ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മെട്രോമാന്‍ ഇ ശ്രീധരനും രംഗത്തിറങ്ങിയതു വഴി കേരളം ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന രണ്ട് കാര്യങ്ങളായിരുന്നു. ഒന്ന് എയിംസും രണ്ടാമതായി അതിവേഗ റെയില്‍വേയും. ഈ രണ്ട് പദ്ധതികളെ കുരിച്ചും ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഇത് കേരളത്തിന്റെ പ്രതീക്ഷകളെ നിരാശപ്പെടുത്തുന്നതായി.
കിട്ടിയത് കടലാമ ഗവേഷണ കേന്ദ്രവും
കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങളൊന്നും ഇക്കുറിയും അനുവദിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ തയാറായില്ല. ധാതു ഇടനാഴിയും കടലാമ ഗവേഷണ കേന്ദ്രവും മാത്രമാണ് കേരളത്തിനായി ധനമന്ത്രി പ്രഖ്യാപിച്ചത്. വര്‍ഷങ്ങളായുള്ള എയിംസ് എന്ന ആവശ്യം ഇക്കുറിയും തഴയപ്പെട്ടു.
രാജ്യത്ത് ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോള്‍ അതിലും കേരളം ഉള്‍പ്പെട്ടില്ല. ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതും ബജറ്റിലുണ്ടായില്ല. വിഴിഞ്ഞം തുറമുഖവും പൂര്‍ണമായും അവഗണിക്കപ്പെട്ടു. സംസ്ഥാനത്തിന് 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജടക്കം അനുവദിക്കുമെന്നും പ്രതീക്ഷയുണ്ടായിരുന്നു അതും തഴയപ്പെട്ടു.
അമേരിക്കന്‍ ഇറക്കുമതി നയത്തിലുണ്ടായ മാറ്റംമൂലം സമുദ്രോല്‍പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കശുവണ്ടിപ്പരിപ്പ്, ടെക്സ്റ്റയില്‍സ് എന്നിവയുടെ കയറ്റുമതിയില്‍ വര്‍ഷം 2500 കോടി രൂപയുടെ വരുമാന നഷ്ടം കേരളത്തിനുണ്ട്. ജി.എസ്.ടി നിരക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായി വാര്‍ഷിക വരുമാനത്തില്‍ 8000 കോടി രൂപയുടെ കുറവുണ്ടാകുന്നു. ഇതെല്ലാം കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാന്‍ മതിയായ കാരണങ്ങളാണെന്ന് വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും അത് നിരസിക്കപ്പെട്ടിരിക്കുകയാണ്.
വായ്പാപരിധി ഉയര്‍ത്തല്‍, ജി.എസ്.ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കല്‍, അംഗന്‍വാടി, ആശ ഉള്‍പ്പെടെ സ്‌കീം വര്‍ക്കര്‍മാരുടെ വേതനം ഉയര്‍ത്തല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ കേരളം കേന്ദ്രസര്‍ക്കാറിന് മുമ്പാകെ മുന്നോട്ടുവെച്ചുവെങ്കിലും അതെല്ലാം പൂര്‍ണമായും തഴയപ്പെട്ടുവെന്നാണ് ബജറ്റ് പ്രസംഗത്തില്‍ നിന്നും വ്യക്തമാവുന്നത്.
അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തെ തഴഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. പൂനെ- മുംബൈ, പൂനെ- ഹൈദരാബാദ്, ഹൈദരാബാദ്- ബംഗലൂരു, ബംഗലൂരു- ചെന്നൈ, ഹൈദരാബാദ് ചെന്നൈ, ഡല്‍ഹി- വാരാണസി, വാരാണസി- സിലിഗുരി എന്നിവയാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഏഴു റെയില്‍ ഇടനാഴികള്‍. പടിഞ്ഞാറ്, തെക്ക്, വടക്ക്, കിഴക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു.
ടയര്‍ -2, ടയര്‍ -3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനും റോഡ്, ഹ്രസ്വ ദൂര വിമാനയാത്രകള്‍ക്ക് ബദലായി വൃത്തിയുള്ളതും വേഗതയേറിയതുമായ റെയില്‍വേ യാത്ര ലക്ഷ്യമിട്ടുള്ളതാണ് അതിവേഗ റെയില്‍ ഇടനാഴി. കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാടിന് ബംഗലൂരു, ഹൈദരാബാദ് എന്നിവയെ ബന്ധപ്പെടുത്തി രണ്ടു പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രം ചുമതലപ്പെടുത്തിയതായി വ്യക്തമാക്കി മെട്രോ മാന്‍ ഇ ശ്രീധരന്‍ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും കോഴിക്കോടു വരെ രണ്ടര മണിക്കൂര്‍ കൊണ്ട് എത്താവുന്ന പദ്ധതിയാണ് ശ്രീധരന്‍ പ്രഖ്യാപിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട ശ്രീധരന്‍, പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമായി ഓഫീസും ആരംഭിച്ചിരുന്നു.
ഈ പദ്ധതിക്ക് ബദലായി സംസ്ഥാന സര്‍ക്കാര്‍ അതിവേഗ റെയില്‍ പദ്ധതിയായി ആര്‍ആര്‍ടിഎസും പ്രഖ്യാപിച്ചു. ഈ പദ്ധതി മണ്ടന്‍ പദ്ധതിയാണെന്ന് വിമര്‍ശിച്ച് ഇ ശ്രീധരന്‍ രംഗത്തു വരികയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ, അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് കേരളത്തെ അവഗണിച്ചിരിക്കുന്നത്.
പ്രതീക്ഷ നാളികേര കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതിയില്‍
രാജ്യത്തെ നാളികേര കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഈ വാക്കിലാണ് കേരളത്തിനുള്ള കേരളത്തിന് എന്തെങ്കിലും പ്രതീക്ഷയുള്ളത്. ലോകത്ത് ഏറ്റവുമധികം നാളികേരം ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണെന്നും 10 ദശലക്ഷം കര്‍ഷകര്‍ നാളികേരത്തെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവരാണെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നാളികേര ഉല്‍പാദനം ത്വരിതപ്പെടുത്താനും കൃഷി പ്രോല്‍സാഹിപ്പിക്കാനുമായി പ്രത്യേക പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കും.
തീരമേഖലകളിലെ നാളികേര, കൊക്കോ, കശുവണ്ടി കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമെന്നും നാളികേരത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനും മല്‍സരക്ഷമത കൂട്ടാനും സഹായം നല്‍കുമെന്നും ഉല്‍പാദനം കുറഞ്ഞ തെങ്ങുകള്‍ മാറ്റി പുതിയത് നടാന്‍ സാമ്പത്തികസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും ഗുണമേന്‍മയേറിയ ഇനങ്ങള്‍ വികസിപ്പിക്കുന്നതും അവയുടെ കൃഷി വ്യാപകമാക്കുന്നതിനുമായി ഇതില്‍ പദ്ധതികളുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.
കശുവണ്ടി മേഖലയ്ക്കായും ധനമന്ത്രി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. കശുവണ്ടിയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും 2030 ഓടെ ഇന്ത്യന്‍ കാഷ്യുവിനെയും കൊക്കോയെയും പ്രീമിയം ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വനിതകളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കും. ഗ്രാമീണ വനിതാ സംരംഭകര്‍ക്കായി ഷീ മാര്‍ട്ട് പ്രഖ്യാപിച്ചു. സംരംഭങ്ങള്‍ക്ക് ധനസഹായവും ലഭ്യമാക്കും. ക്ലസ്റ്റര്‍ തല ഫെഡറേഷനുകള്‍ക്ക് കീഴില്‍ വരുന്നരീതിയിലാകും ഷീ മാര്‍ട്ടുകളുടെ പ്രവര്‍ത്തനം. ജീവനക്കാരില്‍ നിന്നും ഉടമസ്ഥതരായി സ്ത്രീകളെ മാറ്റുന്ന പദ്ധതിയാണിതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി ദിവ്യാംഗന്‍ കൗശല്‍ യോജനയും മന്ത്രി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ആത്മാഭിമാനത്തോടെ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി അവകാശപ്പെട്ടു.
