ബന്ധുവിന്റെ മരണത്തെ തുടര്‍ന്നും കുഞ്ഞിന്റെ ജനന സമയത്തും അണ്ണന്‍ സിജിത്തിന് പരോള്‍ കിട്ടി; കുഞ്ഞിന്റെ ചോറൂണിന് കൂടി പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ടി പി വധക്കേസ് പ്രതിയുടെ ഹര്‍ജി; എല്ലാ ചടങ്ങുകളിലും പങ്കെടുക്കാനായി പരോള്‍ നല്‍കാനാകില്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളി ഹൈക്കോടതി
ബന്ധുവിന്റെ മരണത്തെ തുടര്‍ന്നും കുഞ്ഞിന്റെ ജനന സമയത്തും അണ്ണന്‍ സിജിത്തിന് പരോള്‍ കിട്ടി
കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടി പലതവണ വിവാദത്തിലായിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനം തന്നെയാണ് ഇവര്‍ക്ക് യഥേഷ്ടം പരോള്‍ ലഭിക്കാന്‍ ഇടയാക്കിയതും. വീട്ടിലെ എല്ലാം കാര്യങ്ങള്‍ക്കും ഇഷ്ടംപോലെ പരോള്‍ ലഭിച്ചിട്ടുണ്ട് ടി പി കേസ് പ്രതികള്‍ക്ക്. ഇപ്പോള്‍ വീണ്ടും പരോള്‍ ആവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി അണ്ണന്‍ സിജിത്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
കുഞ്ഞിന്റെ ചോറൂണില്‍ പങ്കെടുക്കാന്‍ പരോള്‍ വേണമെന്നായിരുന്നു ആവശ്യം. കൊലപാതകക്കേസ് പ്രതിക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാനായി പരോള്‍ നല്‍കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കുഞ്ഞിന്റെ ജനന സമയത്തും പത്ത് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇത് കൂടാതെ ഒരു അടുത്തബന്ധുവിന്റെ മരണത്തെ തുടര്‍ന്നു പരോള്‍ ലഭിക്കുകയുണ്ടായി. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് അണ്ണന്‍ സിജിത്ത്.
പരോളില്‍ ഇറങ്ങിയ സമയത്ത് തന്നെയായിരുന്നു സിജിത്തിന്റെ വിവാഹവും. ടിപി കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ്, എന്നിവരും പരോളില്‍ ഇറങ്ങിയായിരുന്നു വിവാഹം കഴിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പ്രതികള്‍ക്ക് 1,000 ദിവസത്തിലേറെ പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്കായിരുന്നു ആയിരത്തിലേറെ ദിവസം പരോള്‍ ലഭിച്ചത്.
നേരത്തേ, കേസിലെ മുഖ്യപ്രതി കൊടി സുനിക്ക് ഉള്‍പ്പെടെ പരോള്‍ അനുവദിച്ചത് കെകെ രമ നിയമസഭയില്‍ ചോദ്യം ചെയ്തിരുന്നു.കേസുമായി ഒരു ബന്ധവുമില്ല എന്നാണ് സര്‍ക്കാര്‍ 24 മണിക്കൂറും ആണയിടുന്നത്. പക്ഷേ പ്രതികളെ ജയിലില്‍ നിര്‍ത്താന്‍ സൗകര്യമില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാലും എങ്ങനെയാണ് ടി പി കേസിലെ പ്രതികള്‍ക്ക് മാത്രം ഇങ്ങനെ പരോള്‍ കിട്ടുന്നതെന്നും രമ ചോദിച്ചത്
ടിപി കേസിലെ പ്രതികള്‍ക്ക് അനുവദിച്ച പരോളിന്റെ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു രമയുടെ ചോദ്യങ്ങള്‍. കെസി രാമചന്ദ്രന്‍ എന്ന പ്രതിക്ക് 1308 ദിവസത്തെ പരോള്‍ കിട്ടി. അണ്ണന്‍ സിജിത്ത് എന്ന പ്രതിക്ക് 1305 ദിവസത്തെ പരോളാണ് ലഭിച്ചത്. ട്രൗസര്‍ മനോജിന് 1295 ദിവസത്തെ പരോളും ടി കെ രജീഷിന് 1167 ദിവസത്തെ പരോളും ലഭിച്ചെന്ന് രമ ചൂണ്ടിക്കാട്ടിയിരുന്നു. നിങ്ങള്‍ പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് ഇങ്ങനെ പരോള്‍ കൊടുത്ത് അവരെ നിങ്ങള്‍ സംരക്ഷിക്കുന്നതെന്ന വിമര്‍ശനവും സര്‍ക്കാരിനെതിരെ രമ ഉന്നയിച്ചിരുന്നു. എന്നാല്‍ പരോള്‍ പ്രതികളുടെ അവകാശമാണെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.