വിവാഹമോചന കേസില്‍ സഹകരിക്കില്ല; കുട്ടികളുടെ ചെലവിനുള്ള പണം തരില്ല; സ്ത്രീധനമായി നല്‍കിയ പണവും സ്വര്‍ണവും ഞാനെടുക്കും; മദ്യലഹരിയില്‍ നോബി ആക്രോശിച്ചതെല്ലാം ഷൈനിയെ വേദനിപ്പിച്ചു; ഏറ്റുമാനൂര്‍ ദുരന്തത്തില്‍ ഗാര്‍ഹിക പീഡന കേസും വരും; ആ പള്ളിലച്ചനും കുടുങ്ങിയേക്കും
കോട്ടയം: ഏറ്റുമാനൂരില്‍ ഭാര്യയും രണ്ടു പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കിയ കേസില്‍ തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെ (44) ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ തുടരന്വേഷണത്തിന് പോലീസ്. നോബിയുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് ഭാര്യയും മക്കളും ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരനെതിരേയും ആരോപണം ഉണ്ട്. യുവതിയെയും രണ്ടുമക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന് പിന്നില്‍ വൈദികനായ ഭര്‍തൃസഹോദരനും പങ്കുണ്ടെന്ന ആരോപണമാണ് ശക്തമാകുന്നത്. സംഭവത്തില്‍ വിദേശത്തുള്ള വൈദികന്റെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. കേസില്‍ ഭര്‍ത്താവായ നോബി ലൂക്കോസിനെ മാത്രമാണ് പോലീസ് നിലവില്‍ പ്രതിയാക്കിയിട്ടുള്ളത്. ഷൈനി മരിക്കുന്നതിന് തലേന്ന് മദ്യ ലഹരിയില്‍ നോബി ഫോണില്‍ വിളിച്ചു എന്ന് പൊലീസ് കണ്ടെത്തി. വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും സ്ത്രീധനമായി നല്‍കിയ പണവും സ്വര്‍ണവും തരില്ലെന്നും അറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഫോണ്‍ വിളിച്ച കാര്യങ്ങള്‍ നോബി സമ്മതിച്ചിട്ടുണ്ട്. നാബിക്കെതിരെയുള്ള ഗാര്‍ഹിക പീഡന കേസ് കൂടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വലിയ മാനസിക സമ്മര്‍ദത്തിലാണെന്നും ജോലിക്കു വേണ്ടി മുട്ടാത്ത വാതിലുകളില്ലെന്നും കൂട്ടുകാരിയോടു ഷൈനി പറയുന്ന ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. ഭര്‍ത്താവ് നോബി വിവാഹ മോചനക്കേസിനോട് സഹകരിക്കുന്നില്ല. കേസ് നീണ്ടുപോകുന്നുവെന്നും പറയുന്നുണ്ട്. എവിടെയെങ്കിലും ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അപേക്ഷിച്ചുതുടങ്ങുന്ന സന്ദേശത്തില്‍ ജീവിതത്തിലെ മാനസിക സമ്മര്‍ദങ്ങളെക്കുറിച്ചും ഷൈനി പറയുന്നുണ്ട്. 'അമേരിക്കയില്‍ ജോലിക്ക് ശ്രമിക്കുന്നുണ്ട്. അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഒരു വര്‍ഷത്തോളം വേണം. വിവാഹ മോചനക്കേസില്‍ പലതവണ കോടതി വിളിപ്പിച്ചിട്ടും ഭര്‍ത്താവ് വന്നില്ല. കഴിഞ്ഞമാസം 17ന് ഹിയറിങ് ഉണ്ടായിരുന്നു. നാട്ടില്‍ ഉണ്ടായിട്ടു പോലും ഹാജരായില്ല. ഇതൊക്കെ എവിടെച്ചെന്ന് അവസാനിക്കുമെന്നറിയില്ല' ഇങ്ങനെയാണ് ഷൈനിയുടെ സംഭാഷണം. ആത്മഹത്യയ്ക്ക് മുമ്പും നോബിയും ഷൈനിയും ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നാണ് സൂചന. ആത്മഹത്യ ചെയ്യുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നത്.
നോബിയുടെ ഭാര്യയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിനിയുമായ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. അന്നു പുലര്‍ച്ചെ നോബി ഭാര്യയെ ഫോണില്‍ വിളിച്ച് മാനസികമായി പീഡിപ്പിച്ചെന്ന് പൊലീസ് പറയുന്നു. ഭാര്യയ്ക്കു ചില വാട്‌സാപ് സന്ദേശങ്ങള്‍ അയച്ചതായി നോബി പൊലീസിനോടു സമ്മതിച്ചു. ഡിലീറ്റ് ചെയ്ത ഈ സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം.ഷൈനിയുടെ മൊബൈല്‍ ഫോണും പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആത്മഹത്യയ്ക്കു പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് ഏറ്റുമാനൂര്‍ പൊലീസ് എസ്എച്ച്ഒ എ.എസ്.അന്‍സല്‍ പറഞ്ഞു.
ഷൈനിയും മക്കളും കടുത്ത ശാരീരിക പീഡനം ഏറ്റിരുന്നതായി നോബിക്കെതിരെ ഷൈനിയുടെ മാതാപിതാക്കളും മൊഴി നല്‍കിയിട്ടുണ്ട്. ദമ്പതികളുടെ വിവാഹമോചനക്കേസ് ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍ നിലനില്‍ക്കുകയാണ്. പല തവണ ആവശ്യപ്പെട്ടിട്ടും നോബി കോടതിയില്‍ ഹാജരായതുമില്ല. സംഭവത്തിന്റെ തലേദിവസവും ഷൈനിയെ വിളിച്ചിരുന്നെന്നും വാട്‌സാപ് സന്ദേശം അയച്ചെന്നും നോബി പൊലീസിനോടു പറഞ്ഞു. ജോലിക്ക് ഇറാഖിലേക്കു പോകാനായി വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ പുലര്‍ച്ചെ ഒരു മണിക്കാണ് ഷൈനിയെ വിളിച്ചത്. അന്നു പുലര്‍ച്ചെ 5.25നാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത്. ഫോണ്‍ വിളികള്‍ ആത്മഹത്യയ്ക്കു പ്രേരണയായോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
നോബിയുടെയും ഷൈനിയുടെയും വീട്ടില്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റായ കെ.കെ. തോമസും വെളിപ്പെടുത്തി. ''നോബി മൂന്നുമാസം ജോലി കഴിഞ്ഞാല്‍ മൂന്നുമാസം അവധിക്ക് വരും. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി പറഞ്ഞുകേട്ടിരുന്നു. ഷൈനി സ്വന്തംവീട്ടിലേക്ക് പോയി രണ്ടാംദിവസമാണ് കുടുംബശ്രീ വഴി ഇതെല്ലാം അറിയുന്നത്. അപ്പോള്‍ ഷൈനിയെ വിളിച്ചുചോദിച്ചു. എനിക്ക് ഒരു ജോലി വേണം എന്നാണ് ഷൈനി പറഞ്ഞത്. ജോലിയില്‍ 12 വര്‍ഷത്തെ ഇടവേള വന്നതിനാല്‍ അതിനായി ഒരു സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവിടെ പാലിയേറ്റീവില്‍ ഷൈനി പലതവണ വരാറുണ്ട്. അതിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞു. അതുനല്‍കി. എന്നാല്‍, അതുകൊടുത്തിട്ടും ജോലി നിഷേധിക്കപ്പെട്ടതായാണ് പറയുന്നത്. വൈദികനുള്ള ഒരു കുടുംബത്തിലെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് തന്നെ നേരത്തെ ഇടപെട്ട് പരിഹരിക്കാമായിരുന്നു. ഷൈനിക്കും കുട്ടികള്‍ക്കും നീതികിട്ടാനായി എല്ലാവിധ പിന്തുണയും വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കുന്നു'', അദ്ദേഹം പറഞ്ഞിരുന്നു