പേര് നോക്കി മതം തിരിക്കരുത്, വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം; റിപ്പോര്‍ട്ടര്‍ ടിവി ലേഖകനെ 'തീവ്രവാദി' എന്ന് വിളിച്ച വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി; പരാമര്‍ശം അപകീര്‍ത്തികരമെന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കമ്മിറ്റി; വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡുമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയും
വെള്ളാപ്പള്ളിക്ക് എതിരെ ഡിജിപിക്ക് പരാതി
ആലപ്പുഴ: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ടര്‍ ടി.വി. മാധ്യമപ്രവര്‍ത്തകനെ 'തീവ്രവാദി'യെന്ന് അഭിസംബോധന ചെയ്ത സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയത്. മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി രൂക്ഷമായ പരാമര്‍ശം നടത്തിയത്.
കഴിഞ്ഞദിവസം തന്നോട് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടി.വി. മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദ് തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും മുസ്ലിങ്ങളുടെ വലിയ വക്താവാണെന്നും എം.എസ്.എഫ്. നേതാവാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ തന്നോട് മര്യാദയില്ലാതെ പെരുമാറിയെന്നും, 89 വയസ്സുണ്ടായിട്ടും തനിക്ക് ബഹുമാനം നല്‍കിയില്ലെന്നും വെള്ളാപ്പള്ളി പരാതിപ്പെട്ടു. കഴിഞ്ഞദിവസം വര്‍ക്കലയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായതും ഒരു ചാനലിന്റെ മൈക്ക് തട്ടിമാറ്റിയതും ഈ ധാര്‍ഷ്ട്യം കാരണമാണെന്നും അദ്ദേഹം വിശദീകരിച്ചു. മലപ്പുറത്ത് എസ്.എന്‍.ഡി.പിക്ക് സ്‌കൂളുകളും കോളേജുകളുമില്ലെന്നും, മുസ്ലീം ലീഗിന് 48 അണ്‍എയ്ഡഡ് കോളേജുകളുണ്ടെന്നും വെള്ളാപ്പള്ളി ഈ അവസരത്തില്‍ പരാമര്‍ശിച്ചു.
പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നുവെന്ന് എസ്. സുനന്ദ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സമൂഹത്തില്‍ ഭിന്നിപ്പും സാമുദായിക സ്പര്‍ധയും ഉണ്ടാക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇമെയില്‍ വഴിയാണ് ഈ പരാതി സമര്‍പ്പിച്ചത്. മാധ്യമപ്രവര്‍ത്തകനെതിരായ വെള്ളാപ്പള്ളിയുടെ ഈ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
അതേസമയം, മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം കമ്മിറ്റി അവാര്‍ഡും പണവും നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കുറിപ്പ്.
