പ്രതിഷേധങ്ങള്‍ വന്നോട്ടേ... നേരിട്ടോളാം...; തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്ന് സുകുമാരന്‍ നായര്‍; കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ ബന്ധപ്പെട്ടിട്ടില്ല; പന്തളം കൊട്ടാരത്തിന് മറുപടിയുമില്ല; 'കാര്യം മനസിലാക്കട്ടെ, തിരുത്തും' എന്ന് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി; ഇടതില്‍ ഉറച്ചു നില്‍ക്കാന്‍ എന്‍ എസ് എസ്; നിലപാടില്‍ മാറ്റമില്ലെന്ന് സുകുമാരന്‍ നായര്‍
കോട്ടയം: പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തന്റെ രാഷ്ട്രീയ നിലപാട് ആരും പറയാത്ത വിധം വ്യക്തമായി തന്നെ പറഞ്ഞു. ഇനി ഒന്നും പറയാനില്ല. പ്രതിഷേധങ്ങള്‍ വന്നാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞത്. ഇടതിനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. ജനറല്‍ സെക്രട്ടറി സുപ്രധാന രാഷ്ട്രീയ നിലപാട് വെളിപ്പെടുത്തിയതിനു പിന്നാലെ എന്‍ എസ് എസ് പൊതുയോഗം ഇന്നു നടക്കുന്നുണ്ട്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇന്‍കം ആന്‍ഡ് എക്സ്പെന്റിച്ചര്‍ സ്റ്റേറ്റ്മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് നടക്കുന്നതെങ്കിലും രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യും.
അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തള്ളുകയാണ് എന്‍എസ്എസ് ജന.സെക്രട്ടറി. തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 'കാര്യം മനസിലാക്കട്ടെ, തിരുത്തും' എന്നായിരുന്നു പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി. ഇതിനിടെ, സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചേന്നാട് കരയോഗത്തിന് മുന്നിലാണ് ബാനര്‍. വിശ്വാസികളെ പിന്നില്‍ നിന്ന് കുത്തിയെന്നും പിണറായിക്ക് പാദസേവ ചെയ്യുന്നെന്നും വിമര്‍ശനമുണ്ട്. കരയോഗത്തിലെ അംഗങ്ങള്‍ എന്ന പേരിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനിടെയാണ് നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സുകുമാരന്‍ നായര്‍ പറയുന്നത്.
അതേസമയം, എന്‍എസ്എസ് പ്രതിനിധി സഭായോഗം ഇന്ന് ചേരും. രാവിലെ 11:30 ന് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റും വരവു ചെലവ് കണക്കുകളും അംഗീകരിക്കാനാണ് യോഗം. അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യാം. മാധ്യമങ്ങള്‍ അടക്കം പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട എന്‍എസ്എസ് നിലപാട് വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ ഇതും ചര്‍ച്ച ചെയ്‌തേക്കാം. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തില്‍ രാവിലെ 11.30ന് യോഗം തുടങ്ങി. ശബരിമല വിഷയത്തിലെ ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കാര്‍ അനുകൂല നിലപാടും ഇതിനെതതിരെ ചില കരയോഗങ്ങളില്‍ വിഭാഗീയമായി ഉണ്ടായ പ്രതികരണങ്ങളും ചര്‍ച്ചയായേക്കും.
ജനറല്‍ സെക്രട്ടറിക്കെതിരെ ബാനര്‍ ഉര്‍ത്തുന്നത് എന്‍ എസ് എസിന്റെ ശത്രുക്കളാണെന്നും സംഘടന ഒറ്റക്കെട്ടാണെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്. എന്‍ എസ് എസ് നിലപാടിന് സമൂഹത്തിലുള്ള പ്രാധാന്യമാണ് ഇത്തരം വിവാദത്തിലൂടെ വ്യക്തമാകുന്നതെന്നും നേതാക്കള്‍ പറയുന്നു. ശബരിമലയുടെ ആചാര സംരക്ഷണത്തിലും വിശ്വാസ സംരക്ഷണത്തിലും സംസ്ഥാന സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ശബരിമലയുടെ കാര്യത്തിലെ നിലപാടാണു വ്യക്തമാക്കുന്നതെന്നും എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ശബരിമലയുടെ വിശ്വാസ സംരക്ഷണത്തിനും വികസനത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ ആഗോള അയ്യപ്പസംഗമം നടത്തുന്നതെന്ന് തിരിച്ചറിഞ്ഞു. ക്ഷേത്രം നിലനിന്നുപോകാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും സര്‍ക്കാരിനോടൊപ്പം കൂടുമെന്നായിരുന്നു പ്രതികരണം.
സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ ശബരിമലയില്‍ വീണ്ടും ആചാരലംഘനം നടത്താന്‍ കഴിയുമായിരുന്നില്ലേ? സര്‍ക്കാര്‍ പിന്നീട് അതു ചെയ്തില്ല. വിശ്വാസത്തെ മുന്നില്‍ക്കണ്ടാകും ഇനി പ്രവര്‍ത്തിക്കുകയെന്ന് അവര്‍ ബോധ്യപ്പെടുത്തിത്തന്നു. ആചാര ലംഘനമുണ്ടാകില്ലെന്നും ആചാരങ്ങളെ സംരക്ഷിച്ചുള്ള ശബരിമലയുടെ വികസനമാണു ലക്ഷ്യമെന്നും സര്‍ക്കാരില്‍നിന്ന് ഉറപ്പു ലഭിച്ചു. വിശ്വാസ സംരക്ഷണത്തിനു വേണ്ടിയാണ് പന്തളത്തു സംഗമം നടത്തിയതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെയൊക്കെ കയ്യിലല്ലേ? വിശ്വാസ സംരക്ഷണത്തിനുള്ള നിയമനിര്‍മാണം കേന്ദ്രസര്‍ക്കാരിനു നടത്താമായിരുന്നില്ലേ. എന്നിട്ട് ഇതു വരെ ഒന്നും ചെയ്തില്ല. ശബരിമലയുടെ വികസനത്തിനു സംസ്ഥാന സര്‍ക്കാരിനു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. യുവതീപ്രവേശമുണ്ടായപ്പോള്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടി ആദ്യം തെരുവിലിറങ്ങിയത് എന്‍എസ്എസാണ്. അന്ന് ആദ്യം കോണ്‍ഗ്രസും ബിജെപിയും ഒന്നും മിണ്ടിയില്ല. വിഷയം ഒരു വലിയ വികാരമായപ്പോഴാണ് ഇരുകൂട്ടരും രംഗത്തേക്കു വന്നത്-ഇതാണ് സുകുമാരന്‍ നായരുടെ നിലപാട്.
കേസുകള്‍ പിന്‍വലിക്കണമെന്നു മുന്‍പേ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസിനു രണ്ടു രൂപമുണ്ട്. ആള്‍ക്കൂട്ടമുണ്ടാക്കി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം മുടക്കി, പൊതുമുതല്‍ നശിപ്പിച്ചു എന്നീ രണ്ടു വകുപ്പിലാണ് കേസെടുത്തിരിക്കുന്നത്. റോഡ് തടഞ്ഞ ആളുകളുടെ കേസുകള്‍ പിന്‍വലിക്കാമെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ ഇതു പരിഗണിക്കുന്നുണ്ടെന്നും അറിയുന്നു. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവം നിയമപരമായിത്തന്നെ പരിഹരിക്കപ്പെടേണ്ടതാണെന്നും അറിയുന്നു. ഭരണമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ ശബരിമലയുടെ വിശ്വാസ സംരക്ഷണത്തിന് ഒന്നും ചെയ്തില്ല. നിയമനിര്‍മാണം നടത്താന്‍ സാധ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നു കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ വി.മുരളീധരന്‍ പറഞ്ഞുകേട്ടിരുന്നു. ഒന്നും ചെയ്തില്ല, ശബരിമലയുടെ വിഷയത്തിലുള്ള നിലപാടാണ് ഇപ്പോള്‍ വ്യക്തമാക്കിയത്. സമദൂര നിലപാടില്‍ മാറ്റമില്ലെന്നാണ് പ്രഖ്യാപനം.