യുവതികള്‍ ക്രിസ്ത്യാനികളെന്ന് കോടതിക്ക് ബോധ്യപ്പെട്ടു; കുട്ടിക്കാലം മുതലേ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരെന്നും മനുഷ്യക്കടത്തല്ലെന്നും ഉള്ള മാതാപിതാക്കളുടെ മൊഴിയും തുണയായി; കേസെടുത്തത് സംശയത്തിന്റെ അടിസ്ഥാനത്തിലെന്ന് കോടതി; മാധ്യമങ്ങളോട് സംസാരിക്കുന്നതിന് കന്യാസ്ത്രീകള്‍ക്ക് വിലക്കെന്നും ജാമ്യ ഉത്തരവില്‍; സിസ്റ്റര്‍ വന്ദനയും പ്രീതിയും മോചിതരായി
യുവതികള്‍ ക്രിസ്ത്യാനികളെന്ന് കോടതിക്ക് ബോധ്യപ്പെട്ടു
റായ്പ്പൂര്‍: :ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചുള്ള കേസില്‍, കോടതി മെറിറ്റിലേക്ക് കടന്നില്ലെങ്കിലും കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവതികള്‍ ക്രൈസ്തവരെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. യുവതികള്‍ ക്രൈസ്തവരെന്ന് മൊഴിയുണ്ടെന്നും പെണ്‍കുട്ടികള്‍ പോയത് മാതാപിതാക്കളുടെ സമ്മതത്തോടെയെന്നും കോടതി ജാമ്യ ഉത്തരവില്‍ പറഞ്ഞു. കേസ് എടുത്തത് വെറും സംശയത്തില്‍ മാത്രമെന്നും കേസ് ഡയറിയില്‍ ഇത് വ്യക്തമെന്നും ബിലാസ്പുര്‍ എന്‍ഐഎ കോടതി പറഞ്ഞു. ജാമ്യ ഉത്തരവ് കിട്ടിയതോടെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായി.
കന്യാസ്ത്രീകള്‍ മനുഷ്യക്കടത്തിന് മുതിര്‍ന്നിട്ടില്ലെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സത്യവാങ് മൂലം നല്‍കിയെന്ന് കോടതി ഉത്തരവിലുണ്ട്. രണ്ട് പെണ്‍കുട്ടികളും കുട്ടിക്കാലം മുതല്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരാണെന്നും അറിയിച്ചു. പ്രതികളെ തുടര്‍ന്നും കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതിന് ആവശ്യമായ ഒരു തെളിവും അന്വേഷണ ഏജന്‍സിക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
അപേക്ഷകര്‍ക്ക് സാധാരണ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യ ഉത്തരവ് കേസിന്റെ മെറിറ്റിനെക്കുറിച്ചുള്ള വിലയിരുത്തലായി കണക്കാക്കരുതെന്നും മെറിറ്റ് പിന്നീട് പരിശോധിക്കുമെന്നും കോടതി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കി. ഉപാധികളോടെയാണ് രണ്ട് കന്യാസ്ത്രീകള്‍ക്കും ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ വിലക്കുണ്ട്. കേസിനെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുന്നതിനാണ് വിലക്കുള്ളത്. താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്നും കോടതി ഉത്തരവിലുണ്ട്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടു പോകരുത് എന്നിവയാണ് മറ്റ് ഉപാധികള്‍.
വിധി അറിഞ്ഞയുടന്‍ ദുര്‍ഗ് ജയിലിന് മുന്നില്‍ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങള്‍ ആശ്വാസം പങ്കുവച്ചു. യു.ഡി.എഫിന്റെയും ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും ജനപ്രതിനിധികള്‍ ദുര്‍ഗില്‍ വിധിയറിഞ്ഞ് സന്തോഷം അറിയിച്ചു. ജയിലിന് മുന്നില്‍ മധുരം വിതരണം ചെയ്തു.
എല്ലാവര്‍ക്കും നന്ദിയെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ജിന്‍സ് മാത്യു പറഞ്ഞു. എല്ലാവര്‍ക്കും നന്ദിയെന്നും കേസ് പിന്‍വലിക്കണമെന്നും സിസ്റ്റര്‍ പ്രീതിയുടെ പിതാവ് വര്‍ക്കി പറഞ്ഞു. നീതിയുടെയും കേരളത്തിന്റെയും വിജയമെന്ന് ഛത്തീസ്ഗഡിലെത്തിയ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളും പ്രതികരിച്ചു.