നഴ്‌സുമാരുടെ മിനിമം വേതനം പുതുക്കണം; അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം; ജനുവരി ഒന്നിന് മുതല്‍ സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ പണിമുടക്കും; യുഎന്‍എ വീണ്ടും സമരത്തിലേക്ക്
നഴ്സുമാരുടെ മിനിമം വേതനം പുതുക്കണം
തൃശ്ശൂര്‍: സംസ്ഥാനത്തെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. നഴ്‌സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടുന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍( യുഎന്‍എ)ന്റെ നേതൃത്വത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത്.
മിനിമം വേതനം വിഷയം പരിഹരിച്ചില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി പണിമുടക്കിലേക്ക് നഴ്‌സുമാര്‍ നീങ്ങുമെന്നാണ് യുഎന്‍എയുടെ തീരുമാനം. ഇന്ന് തൃശ്ശൂരില്‍ ചേര്‍ന്ന യുഎന്‍എയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. യുഎന്‍എക്ക് യൂണിറ്റുള്ള സംസ്ഥാനത്തെ എല്ലാ ആശുപത്രികളും പണിമുടക്കുണ്ടാകും.
നഴ്‌സുമാരുടെ മിനിമം വേതനം 40,000 രൂപ ആക്കി ഉയര്‍ത്തണം എന്നതാണ് പ്രധാന ആവശ്യം. മിനിമം വേതന വിഷയത്തില്‍ തീരുമാനമെടുകകാന്‍ മൂന്ന് മാസത്തെ സാവകാശമാണ് നഴ്‌സിംഗ് സംഘടന സര്‍ക്കാറിന് നല്‍കുന്നതത്. നളിനം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷായും മറ്റു ഭാരവാഹികളും പങ്കെടുത്തു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള നഴ്‌സിംഗ് പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.
നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നഴ്സുമാരുടേയും ആശുപത്രി ഉടമകളുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിക്കുന്നതിനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. 2018ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുനഃപരിശോധിക്കേണ്ടത്. വ്യാപക സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും പിന്നാലെയാണ് 2018-ല്‍ നഴ്സുമാരുടെ മിനിമം വേതനം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്.
50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയായിട്ടും പരമാവധി 30000 രൂപയായിട്ടുമാണ് അന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ മാനേജ്മെന്റും നഴ്സുമാരും വ്യത്യസ്ത ഹര്‍ജികളുമായി കോടതിയെ സമീപിച്ചിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നഴ്സുമാര്‍ വീണ്ടും സമരരംഗത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഒരു നഴ്സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്സുമാരെ കൂടി ഉയര്‍ത്തണമെന്നുമാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം.