ദുബായില്‍ ജൂത റബ്ബി കൊല്ലപ്പെട്ട സംഭവത്തിലെ 'ന്യൂയോര്‍ക്ക് ടൈംസ്' വാര്‍ത്തയുടെ തലക്കെട്ടിനെ ചൊല്ലി വിവാദം; കാണാതായ കോഗനെ 'മരിച്ച നിലയില്‍ കണ്ടെത്തി'യെന്ന തലക്കെട്ട് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ 'തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി' എന്ന് തിരുത്തി; ന്യൂയോര്‍ക്ക് ടൈംസിന്റെ നിലപാടുകള്‍ക്കെതിരെ ജൂതസമൂഹം
ന്യൂയോര്‍ക്ക്: ദുബായില്‍ ഒരു ജൂത റബ്ബി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത്ക്ക് പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയ തലക്കെട്ട് മാറ്റിയ സംഭവം വിവാദമാകുന്നു. മള്‍ഡോവ-ഇസ്രയേല്‍ പൗരത്വമുള്ള ചബാദ് റബ്ബി സി കോഗന്‍.യു.എ.ഇയില്‍ താമസിക്കുന്ന ഇദ്ദേഹത്തെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഉസ്ബക്ക് പൗരന്‍മാര്‍ പിടിയിലായിട്ടുണ്ട്.
ദുബായില്‍ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു കോഗന്‍. ദുബായിേലെ ജൂത സമൂഹത്തിലെ വളരെ പ്രമുഖനായ വ്യക്തിയായിരുന്നു ഇദ്ദേഹം. ജൂത വിരുദ്ധ തീവ്രവാദ ശക്തികളുടെ ഇരയായിരുന്നു കോഗന്‍ എന്നാണ് ഇസ്രയേല്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. കാണാതായ
ഇസ്രയേലി റബ്ബിയെ മരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ആദ്യം വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ പല ജൂതസംഘടനകളും ഈ തലക്കെട്ടിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
അങ്ങേയറ്റം നിഷ്ഠൂരമായി നടത്തിയ ഈ കൊലപാതകത്തെ ന്യൂയോര്‍ക്ക് ടൈംസ് വെറും മരണമായി കണ്ടു എന്നാണ് അവര്‍ പരാതി ഉന്നയിച്ചത്. സമൂഹ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് നിരവധി പേര്‍ ന്യൂയോര്‍ക്ക് ടൈംസിനെതിരെ വിമര്‍ശനം ഉയര്‍ത്തി. ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയും ജൂതര്‍ക്കെതിരെ നടക്കുന്ന ക്രൂരകൃത്യങ്ങളെ ഈ മാധ്യമം കുറച്ചു കാണിച്ചു എന്ന് ആരോപണം ഉന്നയിച്ചിട്ടുണ്ട്.
കോഗനെ മരിച്ച നിലയില്‍ കണ്ടെത്തി എന്നല്ല കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി എന്നായിരുന്നു തലക്കെട്ട് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂത സമൂഹത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ ചെറുതാക്കി കാട്ടുന്നത് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ സ്ഥിരം രീതിയാമെന്നും ആന്‍ഡ്രൂ ക്യൂമോ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. കോഗന്‍ അപ്രത്യക്ഷനായതല്ല അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതാണെന്ന കാര്യം ചില മാധ്യമങ്ങള്‍ മറച്ചു വെച്ചതായി അമേരിക്കയിലെ പ്രമുഖ മാധ്യമനിരീക്ഷകരും ചൂണ്ടിക്കാട്ടി.
കോഗനെ തട്ടിക്കൊണ്ട് പോയി വധിച്ചു എന്ന് തന്നെയാണ് മാധ്യമം തലക്കെട്ട് നല്‍കേണ്ടിയിരുന്നതെന്നാണ് അവരുടെ വിമര്‍ശനം. കോഗന്റെ വധം തീവ്രവാദപ്രവര്‍ത്തനമാണ് എന്ന് തന്നെയാണ് വാര്‍ത്തയില്‍ വരേണ്ടിയിരുന്നത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഏതായാലും വിമര്‍ശനങ്ങള്‍ക്ക് ഫലം കണ്ടു. തിങ്കളാഴ്ച ന്യൂയോര്‍ക്ക് ടൈംസ് ഈ വാര്‍ത്തയുടെ തലക്കെട്ട്് യു.എ.ഇയില്‍ ഒരു ഇസ്രയേലി റബ്ബിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി എന്ന് മാറ്റിക്കൊടുത്തു.
നേരത്തേയും ന്യൂയോര്‍ക്ക് ടൈംസ് ജൂത വിരുദ്ധ നിലപാടുകളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ പത്രത്തിലെ ഒരു ലേഖനത്തില്‍ ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസറുള്ളയെ മികച്ച വാഗ്മിയാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഹസന്‍ നസറുള്ളയുടെ വധത്തെ തുടര്‍ന്നാണ് ഈ കൊടും തീവ്രവാദിയുടെ അപദാനങ്ങള്‍ വാഴ്ത്തി കൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പലരും വിമര്‍ശനം ഉന്നയിച്ചത്.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൂതന്‍മാരും എല്ലാം ഒന്നിച്ചു കഴിയുന്ന പാലസ്തീനാണ് നസറുള്ള സ്വപ്നം കണ്ടിരുന്നത് എന്ന് പോലും ലേഖനത്തില്‍ പരാമര്‍ശം ഉണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജൂതവംശത്തിന്റെ നാശം കാണാനാണ് നസറുള്ള എല്ലാ കാലവും ആഗ്രഹിച്ചിരുന്നതെന്നതാണ് വാസ്തവം.